കൊച്ചി: വിതരണക്കാർ ഉയർന്ന വിഹിതം ചോദിച്ചതിനാൽ കാന്താര-2 കേരളത്തിലെ തിയേറ്ററുകളിൽ പ്രദർശിപ്പിക്കില്ല. തിയേറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്കാണ് തീരുമാനമെടുത്തത്. ഒക്ടോബർ രണ്ടിന് ഏഴു ഭാഷകളിൽ റിലീസ് ചെയ്യുന്ന കാന്താരയ്‌ക്ക് ആദ്യത്തെ രണ്ടാഴ്ച ടിക്കറ്റ് നിരക്കിന്റെ 55 ശതമാനം വേണമെന്നാണ് വിതരണക്കാരുടെ ആവശ്യം. ഇക്കാര്യം അംഗീകരിക്കില്ലെന്ന് ഫിയോക് പ്രസിഡന്റ് കെ. വിജയകുമാർ പറഞ്ഞു.
മലയാള സിനിമകൾക്ക് ആദ്യദിവസങ്ങളിൽ പരമാവധി 60ഉം അന്യഭാഷാ സിനിമകൾക്ക് 50ഉം ശതമാനമാണ് വിതരണക്കാർക്ക് നൽകാറുള്ളത്. നടൻ പ്രൃഥ്വിരാജിന്റെ പ്രൃഥ്വിരാജ് പ്രാെഡക്ഷൻസിനാണ് കാന്താരയുടെ വിതരണാവകാശം നേടിയത്. മാജിക് ഫ്രെയിംസ് വഴിയാണ് റിലീസ് ചെയ്യുന്നത്.
മലയാള സിനിമകൾക്ക് അന്യസംസ്ഥാനങ്ങളിൽ 30 മുതൽ 40 ശതമാനം വരെയാണ് വിതരണക്കാർക്ക് നൽകുന്നത്. ഫിയോക്കിന് കീഴിൽ 450 സ്ക്രീനുകളാണ് കേരളത്തിലുള്ളത്. ഋഷഭ് ഷെട്ടി രചനയും സംവിധാനവും നിർവഹിച്ച കന്നഡ സിനിമയായ കാന്താരയുടെ ആദ്യഭാഗം 2022ൽ വൻഹിറ്റായിരുന്നു.