തിരുവനന്തപുരം: പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരായ യുവനടിയുടെ മൊഴിയിൽ ക്രെെംബ്രാഞ്ച് നിയമോപദേശം തേടും. വെളിപ്പെടുത്തലിൽ ഉറച്ചുനിന്ന് നടി, രാഹുൽ മാങ്കൂട്ടത്തിൽ അയച്ച മെസേജുകളുടെ സ്ക്രീൻഷോട്ട് ക്രെെംബ്രാഞ്ചിന് നൽകിയിരുന്നു. തെളിവുകൾ കെെമാറിയെങ്കിലും നിയമനടപടിക്ക് താൽപര്യമില്ലെന്നാണ് നടി അറിയിച്ചത്. കൂടാതെ രാഹുലിനെതിരെ ആരോപണം ഉന്നയിച്ച മറ്റ് രണ്ട് സ്ത്രീകളും നിയമപരമായി നീങ്ങില്ലെന്ന് വ്യക്തമാക്കിയിരുന്നു. ഇതോടെയാണ് രാഹുലിനെതിരെ കേസെടുക്കാൻ ക്രെെംബ്രാഞ്ച് കൂടുതൽ നിയമവശം പരിശോധിക്കുന്നത്.
ഗർഭഛിദ്രവുമായി ബന്ധപ്പെട്ട് പുറത്തുവന്ന ശബ്ദരേഖയിലുള്ള സ്ത്രീയുമായി ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ സംസാരിച്ചിരുന്നു. എന്നാൽ അവർ നിയമനടപടിക്ക് താത്പര്യം പ്രകടിപ്പിച്ചില്ലെന്നാണ് വിവരം. ഗർഭഛിദ്രത്തിന് രാഹുൽ യുവതിയെ നിർബന്ധിക്കുന്നതായിരുന്നു പുറത്തുവന്ന ശബ്ദരേഖയിലുണ്ടായിരുന്നത്. ആരോപണമുന്നയിച്ച ട്രാൻസ്‌ജെൻഡർ യുവതിയും ഇതുവരെ മൊഴി നൽകാൻ തയ്യാറായിട്ടില്ല.
അതേസമയം, രാഹുലിനെ മണ്ഡലത്തിൽ എത്തിക്കാൻ ഡിസിസി ശ്രമിക്കുന്നുണ്ട്. രാഷ്ട്രീയ സാഹചര്യത്തിൽ മാറ്റം വന്നെന്നും രാഹുലിന് പിന്തുണ വർദ്ധിച്ചെന്നുമുള്ള വിലയിരുത്തലിനെ തുടർന്നാണിത്. പ്രതിഷേധങ്ങളെ ഭയക്കുന്നില്ലെന്നും കെപിസിസി ആവശ്യപ്പെട്ടാൽ രാഹുലിന് പ്രവർത്തകർ സംരക്ഷണം ഒരുക്കുമെന്നും പാലക്കാട് ഡിസിസി അദ്ധ്യക്ഷൻ അടുത്തിടെ വ്യക്തമാക്കിയിരുന്നു. രാഹുൽ പാലക്കാട് എത്തിയിട്ട് 20 ദിവസത്തിൽ കൂടുതലായി.
രാഹുലിനെതിരെ ലൈംഗിക ആരോപണം ഉയർന്നതിനെത്തുടർന്ന് അടൂരിലെ വീട്ടിലിരുന്നതാണ് കാര്യങ്ങൾ കൈകാര്യം ചെയ്യുന്നത്. എന്നാൽ ഇത് തുടരുന്നത് ദോഷം ചെയ്യുമെന്ന് ഡിസിസി കെപിസിസിയെ അറിയിച്ചിട്ടുണ്ട്.