അമീബിക് മസ്തിഷ്‌ക ജ്വരം; ചികിത്സയിലിരുന്നയാൾ മരിച്ചു, ഒരു മാസത്തിനിടെ സംസ്ഥാനത്ത് ആറ് മരണം

Thu 11 Sep 2025 09:43 AM IST
shaji

മലപ്പുറം: സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ഒരാൾ കൂടി മരിച്ചു. മലപ്പുറം ചേലേമ്പ്ര സ്വദേശി ഷാജിയാണ് മരിച്ചത്. ഇന്നലെ രാത്രിയോടെയിരുന്നു മരണം. ഇയാൾക്ക് കരൾ സംബന്ധമായ അസുഖങ്ങൾ കൂടി ഉണ്ടായിരുന്നു. മരുന്നുകളോടൊന്നും ശരീരം പ്രതികരിച്ചിരുന്നില്ല. ഷാജിയ്‌ക്ക് എവിടെ നിന്നാണ് രോഗം ബാധിച്ചതെന്ന് വ്യക്തമല്ല. മൃതദേഹം വീട്ടിലേക്ക് കൊണ്ടുപോയി.


സംസ്ഥാനത്ത് ഒരു മാസത്തിനിടെ അമീബിക് മസ്‌തിഷ്ക ജ്വരം മൂലമുള്ള ആറാമത്തെ മരണമാണിത്. ഓഗസ്റ്റ് പതിനാറാം തീയതി താമരശ്ശേരി സ്വദേശിനിയായ ഒമ്പതുവയസുകാരി അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരിച്ചിരുന്നു. പിന്നാലെ മൂന്ന് മാസം പ്രായമുള്ള കുഞ്ഞടക്കം സമാന രോഗം ബാധിച്ച് മരിച്ചിരുന്നു.

കഴിഞ്ഞ ദിവസവും മരണം സ്ഥിരീകരിച്ചിരുന്നു. വണ്ടൂർ തിരുവാലി കോഴിപ്പറമ്പ് എളേടത്തുകുന്ന് വാപ്പാടൻ രാമന്റെ ഭാര്യ എം ശോഭന (56) ആണ് മരിച്ചത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് ശോഭനയെ ഗുരുതരാവസ്ഥയിൽ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അബോധാവസ്ഥയിലായിരുന്ന ശോഭനയ്ക്ക് മൈക്രോബയോളജി ലാബിലെ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. കിണർ വെള്ളത്തിൽ നിന്നാവാം രോഗമുണ്ടായതെന്ന സംശയത്തിൽ ക്ലോറിനേഷൻ നടത്തിയിരുന്നു.


നിലവിൽ അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് കോഴിക്കോട് പതിനൊന്നുപേരാണ് ചികിത്സയിലുള്ളത്. വിവിധ ജില്ലകളിലുള്ളവരാണിവർ. ഇതിൽ പത്തുപേർ മെഡിക്കൽ കോളേജിലും ഒരാൾ സ്വകാര്യ ആശുപത്രിയിലും ചികിത്സയിലാണ്. ഇന്നലെ മലപ്പുറം സ്വദേശിനിയായ പെൺകുട്ടിയ്‌ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു.

അമീബിക് മസ്തിഷ്‌ക ജ്വരം പടരുന്ന സാഹചര്യത്തിൽ കോർപ്പറേഷനും തദ്ദേശ സ്ഥാപനങ്ങളും കേന്ദ്രീകരിച്ച് പ്രതിരോധ പ്രവർത്തനം ഊർജ്ജിതമാക്കിയിരിക്കുകയാണ്. കെട്ടിക്കിടക്കുന്ന ജല സ്രോതസുകളും കുളങ്ങളും ക്ലീൻ ചെയ്യാൻ അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് അരോഗ്യ വകുപ്പ് അധികൃതർ നിർദ്ദേശം നൽകിയിട്ടുണ്ട്.

MORE NEWS
അലസിപ്പിച്ചത് നാലുമാസം ഗർഭിണിയായിരിക്കെ, ഗുളിക എത്തിച്ചുനൽകിയത് രാഹുലിന്റെ സുഹൃത്തെന്ന് കണ്ടെത്തൽ
കോൺഗ്രസുകാരൻ റേഷൻ നൽകിയില്ലെന്ന് ആരോപണം; മറിയക്കുട്ടിക്ക് സാധനങ്ങൾ എത്തിച്ചുനൽകി സുരേഷ് ഗോപി
ദേശീയപാതയിൽ വഴിവിളക്കുകൾ മാറ്റിസ്ഥാപിക്കുന്നതിനിടെ ക്രെയിൻ പൊട്ടിവീണ് അപകടം, രണ്ട് യുവാക്കൾ മരിച്ചു
'ഇത് കോൺഗ്രസുകാരുടെ കടയാണ്, ബിജെപിക്കാരന്റെ കടയിൽച്ചെന്ന് വാങ്ങിച്ചോ'; മറിയക്കുട്ടിയ്‌ക്ക് റേഷൻ നിഷേധിച്ചെന്ന് പരാതി
JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.