മുതിർന്ന കോൺഗ്രസ് നേതാവ് പിപി തങ്കച്ചൻ അന്തരിച്ചു

Thu 11 Sep 2025 04:48 PM IST

pp-thankachan

തിരുവനന്തപുരം: മുൻ മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ പിപി തങ്കച്ചൻ (86) അന്തരിച്ചു. ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ ഇന്ന് വൈകിട്ടോടെയായിരുന്നു അന്ത്യം. നിയമസഭാ സ്പീക്കർ, കെപിസിസി പ്രസിഡന്റ്, യുഡിഎഫ് കൺവീനർ എന്നീ സ്ഥാനങ്ങൾ വഹിച്ചിരുന്നു. ശ്വാസകോശ അണുബാധയെത്തുടർന്ന് ഗുരുതരാവസ്ഥയിലായ തങ്കച്ചൻ ദിവസങ്ങളോളമായി ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

അങ്കമാലിയിൽ റവ ഫാ. പൗലോസിന്റെ മകനായി 1939 ജൂലായ് 29ന് ആണ് തങ്കച്ചൻ ജനിച്ചത്. തേവര എസ്എച്ച് കോളേജിലെ ബിരുദ പഠനത്തിന് ശേഷം നിയമം പഠിച്ച് അഭിഭാഷകനായും ജോലി ചെയ്തു. പൊതുഭരണത്തിൽ ഡിപ്ലോമ ബിരുദവും നേടിയിട്ടുണ്ട്. 1968ൽ പെരുമ്പാവൂർ കോർപ്പറേഷന്റെ ചെയർമാനായിട്ടായിരുന്നു പൊതുരംഗത്തേക്ക് പ്രവേശിച്ചത്. 1968ൽ രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ കോർപ്പറേഷൻ ചെയർമാൻ എന്ന റെക്കോർഡും തങ്കച്ചന്റെ പേരിലാണ്. 1968 മുതൽ 1980 വരെ പെരുമ്പാവൂർ കോർപ്പറേഷൻ കൗൺസിൽ അംഗമായിരുന്നു. 1977 മുതൽ 1989വരെ എറണാകുളം ഡിസിസി പ്രസിഡന്റായും 1980-82 കാലത്ത് പെരുമ്പാവൂർ കോർപ്പറേഷൻ പ്രതിപക്ഷ നേതാവായും പ്രവർത്തിച്ചു.

1982ൽ പെരുമ്പാവൂരിൽ നിന്ന് ആദ്യമായി നിയമസഭ അംഗമായി തിരഞ്ഞെടുക്കപ്പെട്ടു. പിന്നീട് നടന്ന നിയമസഭ തിരഞ്ഞെടുപ്പുകളിലും(1987,1991, 1996) പെരുമ്പാവൂരിൽ നിന്ന് തന്നെ നിയമസഭാംഗമായി. 1987-1991 കാലഘട്ടത്തിൽ കോൺഗ്രസ് പാർലമെന്ററി പാർട്ടിയുടെ സെക്രട്ടറിയായിരുന്നു. 2001ലെ നിയമസഭ തിരഞ്ഞെടുപ്പിൽ പെരുമ്പാവൂരിൽ നിന്ന് മത്സരിച്ചെങ്കിലും സിപിഎമ്മിലെ സാജു പോളിനോട് പരാജയപ്പെട്ടു.

2006ലെ നിയമസഭ തിരഞ്ഞെടുപ്പിൽ കുന്നത്തുനാട്ടിൽ നിന്ന് മത്സരിച്ചെങ്കിലും സിപിഎമ്മിലെ എംഎം മോനായിയോട് പരാജയപ്പെട്ടു. 1991-95ലെ കെ കരുണാകരൻ മന്ത്രിസഭയിൽ സ്പീക്കറായും 1995-96ലെ എകെ ആന്റണി മന്ത്രിസഭയിലെ കൃഷിവകുപ്പ് മന്ത്രിയായും 1996-2001ലെ നിയമസഭയിൽ പ്രതിപക്ഷത്തിന്റെ ചീഫ് വിപ്പായും പ്രവർത്തിച്ചു. 2001 മുതൽ 2004 വരെ മാർക്കറ്റ് ഫെഡ് ചെയർമാനായും കെപിസിസിയുടെ വൈസ് പ്രസിഡന്റായും പ്രവർത്തിച്ചു. 2004ൽ ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായതോടെ യുഡിഎഫ് കൺവീനറായ തങ്കച്ചൻ 2018 വരെ കൺവീനറായി തുടർന്നു. ടിവി തങ്കമ്മയാണ് പത്നി. മൂന്ന് മക്കൾ.

MORE NEWS
അലസിപ്പിച്ചത് നാലുമാസം ഗർഭിണിയായിരിക്കെ, ഗുളിക എത്തിച്ചുനൽകിയത് രാഹുലിന്റെ സുഹൃത്തെന്ന് കണ്ടെത്തൽ
കോൺഗ്രസുകാരൻ റേഷൻ നൽകിയില്ലെന്ന് ആരോപണം; മറിയക്കുട്ടിക്ക് സാധനങ്ങൾ എത്തിച്ചുനൽകി സുരേഷ് ഗോപി
ദേശീയപാതയിൽ വഴിവിളക്കുകൾ മാറ്റിസ്ഥാപിക്കുന്നതിനിടെ ക്രെയിൻ പൊട്ടിവീണ് അപകടം, രണ്ട് യുവാക്കൾ മരിച്ചു
'ഇത് കോൺഗ്രസുകാരുടെ കടയാണ്, ബിജെപിക്കാരന്റെ കടയിൽച്ചെന്ന് വാങ്ങിച്ചോ'; മറിയക്കുട്ടിയ്‌ക്ക് റേഷൻ നിഷേധിച്ചെന്ന് പരാതി
JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.