കൊച്ചി: കേരളത്തിന് വേണ്ടത് കാലാവസ്ഥാ മാറ്റത്തിന്റെ വെല്ലുവിളികളെ നേരിടാൻ ശേഷിയുള്ള നഗരവികസനമെന്ന് കേരള അർബൻ കോൺക്ലേവിൽ അഭിപ്രായമുയർന്നു. നയരൂപീകരണ സെഷനിലെ ചർച്ചയിലും കാലാവസ്ഥാമാറ്റത്തെ പ്രതിരോധിക്കേണ്ടതിന്റെ ആവശ്യകത ഉയർന്നു. കേരള നഗരനയ കമ്മീഷൻ ലീഡ് മെമ്പർ ഡോ. വൈ.വി.എൻ. കൃഷ്ണമൂർത്തി നേതൃത്വം നൽകി.
കേരളത്തിലെ ഉയർന്ന ജനസാന്ദ്രതയും താമസിക്കാൻ യോഗ്യമായ സ്ഥലങ്ങൾ 15-16 ശതമാനം മാത്രമാണെന്നുള്ള വസ്തുതയും കണക്കിലെടുത്ത് കാലാവസ്ഥാ പ്രതിരോധശേഷിയുള്ള നഗരാസൂത്രണത്തിന്റെ ആവശ്യകത വലുതാണെന്ന് മുഖ്യപ്രഭാഷണം നടത്തിയ റവന്യു, ദുരന്തനിവാരണ വകുപ്പ് സെക്രട്ടറി എം.ജി. രാജമാണിക്യം പറഞ്ഞു.
കേരളത്തിലെയും ശ്രീലങ്കയിലെയും നഗരവികസനം സമാനസാഹചര്യത്തിലുള്ളതും സമാനമായ വെല്ലുവിളികൾ നേരിടുന്നതുമാണെന്ന് ശ്രീലങ്കൻ നഗരവികസന മന്ത്രി അനുര കരുണതിലക അഭിപ്രായപ്പെട്ടു. നഗരവികസനവുമായി ബന്ധപ്പെട്ട വെല്ലുവിളികൾ പരിഹരിക്കുന്നതിലും വൈജ്ഞാനിക കൈമാറ്റത്തിനുമുള്ള സഹകരണത്തിന് അദ്ദേഹം സന്നദ്ധത പ്രകടിപ്പിച്ചു. ജമ്മുകശ്മീർ എം.എൽ.എ തൻവീർ സാദിഖും നഗരവികസനവുമായി ബന്ധപ്പെട്ട് കേരളവുമായുള്ള വൈജ്ഞാനിക കൈമാറ്റത്തിന് സന്നദ്ധത അറിയിച്ചു. ദക്ഷിണാഫ്രിക്കയിൽ നിന്നുള്ള അടിസ്ഥാനസൗകര്യ എക്സിക്യുട്ടീവ് കൗൺസിൽ അംഗം മാർട്ടിൻ മെയർ, വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള മന്ത്രിമാരായ കെ.എൻ. നെഹ്റു (തമിഴ്നാട്), വിക്രമാദിത്യ സിംഗ് (ഹിമാചൽപ്രദേശ്), രാജീവ് ഗൗഡ തുടങ്ങിയവരും പൊളിറ്റിക്കൽ ഫോറത്തിൽ പങ്കെടുത്തു.