കൊച്ചി: പായ്‌ക്കറ്റിൽ വില രേഖപ്പെടുത്താത്തതിന്റെ പേരിൽ നടപടി സ്വീകരിച്ചതിനെ തുടർന്ന് പാൽ സംഭരണ വിതരണ കേന്ദ്രം പൂട്ടി ക്ഷീരകർഷക കൂട്ടായ്‌മയുടെ പ്രതിഷേധം. ആലങ്ങാട് പഞ്ചായത്തിൽ കരിങ്ങാംതുരുത്ത്, കൊങ്ങോർപ്പിള്ളി റസിഡന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിലുള്ള പാൽ വിതരണമാണ് അവസാനിപ്പിച്ചത്. ലീഗൽ മെട്രോളജി വകുപ്പ് ഉദ്യോഗസ്ഥർ ബുധനാഴ്ച കേന്ദ്രത്തിൽ പരിശോധന നടത്തിയിരുന്നു. പരമാവധി വില്പനവില രേഖപ്പെടുത്താത്തതിന് 13 പായ്‌ക്കറ്റ് പാൽ പിടിച്ചെടുക്കുകയും 90,000 രൂപ പിഴയടയ്‌ക്കാനും നിർദ്ദേശിച്ചു.
സ്വയംപര്യാപ്തതയ്ക്കായി
തുടക്കമിട്ട സംരംഭം
2019 ലാണ് റസിഡന്റ്സ് അസോസിയേഷനിലെ കുടുംബങ്ങൾ ചേർന്ന് ഫാം ആരംഭിച്ചത്. ആ വർഷത്തെ പ്രളയത്തിൽ സ്ഥലം മുങ്ങിയതോടെ ഫാം പൂട്ടി. തുടർന്ന് 15പേർ വീടുകളോട് ചേർന്ന് 20 പശുക്കളെ വളർത്തി. അഗ്രികൾച്ചറൽ കമ്പനി രൂപീകരിച്ച് സംഭരിക്കുന്ന പാൽ അംഗങ്ങളുടെ വീടുകളിൽ നൽകിയശേഷം ബാക്കി വിൽക്കുകയാണ് രീതിയെന്ന് നേതൃത്വം നൽകുന്ന പോളി പുതുശേരി പറഞ്ഞു.
ഭക്ഷ്യസുരക്ഷാ രജിസ്ട്രേഷനും പഞ്ചായത്ത് ലൈസൻസുമുണ്ടെങ്കിലും വാണിജ്യാടിസ്ഥാനത്തിലല്ല പ്രവർത്തനം. അതിനാൽ ലിറ്ററിന് 66 രൂപയ്‌ക്ക് വിൽക്കുന്ന പാൽ കവറിൽ വില രേഖപ്പെടുത്താറില്ല. നല്ല പാലിനും സ്വയം പര്യാപ്തതയ്ക്കും ആരംഭിച്ച സംരംഭത്തെ അധികൃതർ പിന്തുണയ്‌ക്കാത്ത സാഹചര്യത്തിലാണ് അടച്ചുപൂട്ടിയത്.
വില പതിപ്പിക്കണമെന്ന് നോട്ടീസ് നൽകാതെ പ്രതികാര നടപടിയാണ് സ്വീകരിച്ചത്
പോളി പുതുശേരി
കർഷകൻ
പായ്‌ക്കറ്റിൽ വിൽക്കുന്ന എല്ലാ ഉത്പന്നങ്ങളിലും പരമാവധി വില്പനവിലയും ഉത്പാദന തീയതിയും ഉൾപ്പെടെ രേഖപ്പെടുത്തണമെന്നത് നിയമപരമായ വ്യവസ്ഥയാണ്
ലീഗൽ മെട്രോളജി വകുപ്പ് അധികൃതർ