പറവൂർ: ഉന്നത വിദ്യാഭ്യാസരംഗത്ത് മികച്ച പ്രവർത്തനങ്ങൾക്ക് 2025 മിനിസ്റ്രേഴ്സ് എക്സലൻസ് അവാർഡ് മാല്യങ്കര എസ്.എൻ.എം കോളേജിന് ലഭിച്ചു. സംസ്ഥാന ഉന്നത വിദ്യാഭ്യാസവകുപ്പ്, എസ്.എൽ.ക്യു.എ.സി. എന്നിവർ ചേർന്ന് സംഘടിപ്പിച്ച എക്സലൻഷ്യ 2025 പ്രോഗ്രാമിൽ മന്ത്രി ആർ. ബിന്ദു അവാർഡ് സമ്മാനിച്ചു. കോളേജ് മാനേജർ ഡി. മധു, പ്രിൻസിപ്പൽ ഡോ. ടി.എച്ച്. ജിത എന്നിവരുടെ നേതൃത്വത്തിൽ ഐ.ക്യു.എ.സി കോ ഓർഡിനേറ്റർ, പ്രതിനിധികൾ എന്നിവർ ചേർന്ന് അവാർഡ് ഏറ്റുവാങ്ങി. നാക് അക്രഡിറ്റേഷനിൽ ഉയർന്ന റാങ്ക് ലഭിച്ചതിനെ തുടർന്നാണ് അവാർഡ്.
കഴിഞ്ഞവർഷം നാക് റീ അക്രഡിറ്റേഷനിൽ കോളേജിന് എ ഗ്രേഡ് ലഭിച്ചു. പ്രവൃത്തിപഥത്തിൽ അറുപതുവർഷം പൂർത്തിയാക്കിയ എസ്.എൻ.എം കോളേജിന്റെ മാനേജ്മെന്റ് മൂത്തകുന്നം ഹിന്ദുമത ധർമ്മപരിപാലന സഭയാണ്. അക്കാഡമിക് രംഗത്തും കലാ,കായികരംഗത്തും നിരവധി നേട്ടങ്ങൾ ദേശീയ, അന്തർദ്ദേശീയതലങ്ങളിൽ കോളേജിന് ലഭിച്ചിട്ടുണ്ട്.
ഐ.എസ്.ഒ സർട്ടിഫിക്കേഷനുള്ള മാല്യങ്കര എസ്.എൻ.എം കോളേജിൽ റെഗുലർ, സെൽഫ് ഫിനാൻസിംഗ് വിഭാഗങ്ങളിൽ 14 യു.ജി കോഴ്സും 8 പി.ജി കോഴ്സും ഒരു ഇന്റഗ്രേറ്റഡ് പ്രോഗ്രാം, മൂന്ന് റിസർച്ച് സെന്ററും പ്രവർത്തിക്കുന്നു.