ആലുവ: രാത്രിഡ്യൂട്ടിക്ക് ജാക്കറ്റ് ആവശ്യപ്പെട്ട് ജില്ലാ പൊലീസ് മേധാവിയുടെ ഓഫീസിലേക്ക് വിളിച്ച കളമശേരി ക്യാമ്പിലെ സിവിൽ പൊലീസ് ഓഫീസറെ അസഭ്യം പറഞ്ഞ സംഭവത്തിൽ നടപടി. എസ്.പി ഓഫീസിലെ റൈറ്റർ ഗ്രേഡ് എസ്.ഐ വി.ആർ. സുരേഷിനെ കോട്ടപ്പടി പൊലീസ് സ്റ്റേഷനിലേക്ക് സ്ഥലം മാറ്റി.
രണ്ടാഴ്ച മുമ്പായിരുന്നു സംഭവമെങ്കിലും സ്പെഷ്യൽ ബ്രാഞ്ച് ഡിവൈ.എസ്.പിയുടെ അന്വേഷണ റിപ്പോർട്ട് ലഭിച്ചതിന് പിന്നാലെ എസ്.പി എം. ഹേമലത പരിശീലനത്തിനായി ഹിമാചൽ പ്രദേശിലേക്ക് പോയിരുന്നു. കഴിഞ്ഞദിവസം തിരിച്ചെത്തിയതിനെ തുടർന്നാണ് നടപടി.
സ്പെഷ്യൽ ഡ്യൂട്ടിക്കെത്തിയ പെരുമ്പാവൂർ സ്റ്റേഷൻ ഓഫീസറെയോ ഡിവൈ.എസ്.പിയേയോ അറിയിക്കാതെ എസ്.പി ഓഫീസിലേക്ക് ഫോൺവിളിച്ച സി.പി.ഒയുടെ നടപടി ശരിയല്ലെന്ന് റിപ്പോർട്ടിൽ ഉണ്ടെങ്കിലും തത്കാലം നടപടി എടുത്തിട്ടില്ല. എസ്.പി ഓഫീസിൽ ഫോണെടുത്ത ഉദ്യോഗസ്ഥനെതിരെയും നടപടി എടുത്തിട്ടില്ല. തൊട്ടടുത്തിരുന്ന് അസഭ്യം പറഞ്ഞത് ഗ്രേഡ് എസ്.ഐ സുരേഷാണെന്ന് കണ്ടെത്തിയിരുന്നു. വർഷങ്ങളായി ഈ ഉദ്യോഗസ്ഥൻ എസ്.പി ഓഫീസിലാണ് ജോലിചെയ്യുന്നത്.