* ഇന്ന് സമാപിക്കും
കൊച്ചി: തേക്ക് ഉത്പാദിപ്പിക്കുന്നതിനുള്ള ഭൂമിശാസ്ത്രപരമായ ആനുകൂല്യം പ്രയോജനപ്പെടുത്തി ഇന്ത്യ കൂടുതൽ വ്യാപാരസാദ്ധ്യതകൾ കണ്ടെത്തണമെന്ന് അഞ്ചാമത് ലോക തേക്ക് കോൺഫറൻസിലെ വിവിധ സെഷനുകളിൽ പങ്കെടുത്ത വിദഗ്ദ്ധരും വ്യാപാരികളും അഭിപ്രായപ്പെട്ടു. ലോകത്തെ തേക്ക് വിഭവങ്ങളുടെ 22 ശതമാനവും ഇന്ത്യയിലാണെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. തേക്കുമായി ബന്ധപ്പെട്ട മേഖലകളിൽ പ്രവർത്തിക്കുന്ന വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും അന്താരാഷ്ട്ര നെറ്റ്‌വർക്കായ ടീക്ക്‌നെറ്റ് നടത്തിയ ഏറ്റവും പുതിയ ഗ്ലോബൽ ടീക്ക് റിസോഴ്‌സസ് ആൻഡ് മാർക്കറ്റ് അസസ്‌മെന്റ് പഠനപ്രകാരം, ഇന്ത്യയിൽ പ്രകൃതിദത്ത വനങ്ങളിൽ 5.935 മില്യൺ ഹെക്ടറിലും 1.693 മില്യൺ ഹെക്ടർ കൃത്രിമവനങ്ങളിലും തേക്ക് വളരുന്നുണ്ട്.
ഉത്പാദിപ്പിക്കുന്ന തേക്കിന്റെ അളവും ഗുണമേന്മയും പരിഗണിക്കുമ്പോൾ ഇന്ത്യക്ക് തേക്ക് ഇറക്കുമതി ചെയ്യുന്ന രാജ്യം എന്ന നിലയിൽനിന്ന് കയറ്റുമതിയിലേക്ക് വളരാനുള്ള സാദ്ധ്യതകളുണ്ട്. ഇന്ത്യയിലെ ഗുണമേന്മയേറിയ തേക്കിന് വിദേശരാജ്യങ്ങളിൽ വിപണി കണ്ടെത്താനാകും. ഇന്ത്യയിൽ ഏറ്റവും ഗുണമേന്മയേറിയ തേക്ക് ഉത്പാദിപ്പിക്കുന്ന കേരളത്തിലെ രീതികൾ മറ്റു സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കാൻ കേന്ദ്ര വനം പരിസ്ഥിതിവകുപ്പ് മുൻകൈയെടുക്കണമെന്ന് കോൺഫറൻസിൽ പങ്കെടുത്ത ഇന്ത്യയിൽ നിന്നുള്ള പ്രതിനിധികൾ പറഞ്ഞു.
കൊച്ചി ഗ്രാൻഡ് ഹയാത്ത് കൺവെൻഷൻ സെന്ററിൽ ഇന്ന് വൈകിട്ട് 3.30ന് ആരംഭിക്കുന്ന സമാപന സമ്മേളനത്തിൽ ഡെറാഡൂണിലെ ഇന്ത്യൻ കൗൺസിൽ ഒഫ് ഫോറസ്ട്രി റിസർച്ച് ആൻ എഡ്യൂക്കേഷൻ ഡയറക്ടർ ജനറൽ കാഞ്ചൻ ദേവി മുഖ്യാതിഥിയാകും. കേരള ചീഫ് വൈൽഡ് ലൈഫ് വാർഡൻ പ്രമോദ്.ജി.കൃഷ്ണൻ, കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിലെ ഇൻസ്പെക്ടർ ജനറൽ ഒഫ് ഫോറസ്റ്റ്സ് കെ.ബി. സിംഗ് തുടങ്ങിയവർ പങ്കെടുക്കും.