കളമശേരി: മുലകുടി മാറാത്ത നായ് കുഞ്ഞുങ്ങൾക്ക് രക്ഷകനായി ഫുഡ് ഡെലിവറി ബോയ് . ഇന്നലെ രാവിലെ കളമശരി വട്ടേക്കുന്നം മുട്ടാർ ജംഗ്ഷന് സമീപം കാനയിൽ കുടുങ്ങിയ നായ് കുഞ്ഞിനാണ് യുവാവ് രക്ഷകനായത്. കാനയിൽ കുടുങ്ങിയ നായ് കുഞ്ഞിന്റെയും സ്ലാബിന് മുകളിൽ സഹോദരങ്ങളായ മൂന്നു നായ് കുഞ്ഞുങ്ങളുടെയും കൂട്ടക്കരച്ചിൽ കേട്ടാണ് അതുവഴി പോയ യുവാവ് വാഹനം നിറുത്തിയത്. നായ് കുഞ്ഞിന്റെ ദുരവസ്ഥ കണ്ട് ഇയാൾ കാനയിൽ കൈയിട്ട് അതിനെ രക്ഷിക്കുകയായിരുന്നു. അതുവഴി വന്ന മറ്റൊരു യുവാവും സഹായിയായി കൂടി. സംഭവം കണ്ട് എത്തിയ നാട്ടുകാർ ഇവരെ അഭിനന്ദിച്ചു. തള്ളപ്പട്ടി ഈ സമയം കുഞ്ഞുങ്ങൾക്കുള്ള ഭക്ഷണം തേടി പോയിരിക്കുകയായിരുന്നു. കാനയിലെ ഒഴുക്ക് അവസാനിക്കുന്നത് മുട്ടാർ പുഴയിലാണ്.