അങ്കമാലി: നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം പ്രവർത്തനം ആരംഭിച്ച് 25 വർഷം കഴിഞ്ഞിട്ടും വിമാനത്താവളത്തിലേക്കെത്തിച്ചേരുവാൻ ഏറ്റവും എളുപ്പവഴിയായ റോഡിന്റെ വികസനം ത്രിശങ്കുവിൽ. വടക്കൻ ജില്ലകളിൽ നിന്ന് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് ഏറ്റവും എളുപ്പം എത്തിച്ചേരാൻ കഴിയുന്ന അങ്കമാലി ടൗണിൽ നിന്നും നായത്തോട് കവല വഴി പോകുന്ന റോഡിന്റേതാണ് ദുർഗതി. എയർപോർട്ടിൽ നിന്ന് രാപകൽ വ്യത്യാസമില്ലാതെ നൂറുകണക്കിന് വാഹനങ്ങളാണ് ഈ വഴി കടന്നു പോകുന്നത്. വിമാനത്താവളത്തിൽ നിന്ന് അടിയന്തര സാഹചര്യങ്ങളിൽ രോഗികളെയും മറ്റുമായി ആംബുലൻസുകൾ ചീറിപ്പായുന്നതും ഈ റോഡിലൂടെയാണ്. ആയിരക്കണക്കിന് യാത്രക്കാർ ആശ്രയിക്കുന്ന റോഡ് വികസിപ്പിക്കാതെ മറ്റു പഞ്ചായത്തുകളിലെ റിംഗ് റോഡുകളും പാലങ്ങളും പണിയുന്നതിനാണ് അധികൃതർക്ക് ഉത്സാഹമെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു.
അങ്കമാലി- നായത്തോട് - വിമാനത്താവള റോഡിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ വിമാനത്താവളം അധികൃതർ ഏറ്റെടുത്ത് പൂർത്തിയാക്കണമെന്ന് ഫോർവേഡ് ബ്ലോക് അങ്കമാലി മണ്ഡലം കമ്മറ്റി യോഗം ആവശ്യപ്പെട്ടു. ജില്ലാ സെക്രട്ടറി ബൈജു മേനാച്ചേരി യോഗം ഉദ്ഘാടനം ചെയ്തു. പാർട്ടി അംഗത്വ വിതരണവും പ്രവർത്തന ഫണ്ട് ശേഖരണ ഉദ്ഘാടനവും നടത്തി. മണ്ഡലം സെക്രട്ടറി ഡേവീസ് മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. സുബീഷ് നായർ, മാർട്ടിൻ പയ്യപ്പിള്ളി, സനീഷ് കുമാർ തുടങ്ങിയവർ സംസാരിച്ചു.
നികുതിയെ ചൊല്ലി
തർക്കം, അവഗണന
എം.സി റോഡിൽ നിന്നും രണ്ടേമുക്കാൽ കിലോമീറ്റർ ദൂരമേ എയർപോർട്ടിലേക്കുള്ളു.12 കൊല്ലം മുമ്പ് പുറംപോക്കു ഭൂമിയും റോഡിനാവശ്യമായ ഭൂമിയും ഏറ്റെടുത്ത് വീതി കൂട്ടി 900 മീറ്റർ റോഡ് 3 ഘട്ടങ്ങളിലായി നിർമ്മാണം പൂർത്തീകരിച്ചു. നികുതി വിഷയത്തിൽ നഗരസഭയുമായി തർക്കം ഉടലെടുത്തതോടെയാണ് ഈ റോഡിനോട് വിമാനത്താവള അധികൃതർ അവഗണന ആരംഭിച്ചതെന്ന ആക്ഷേപമുണ്ട്. വൻകിട കോർപ്പറേറ്റുകൾ വാങ്ങിയിട്ടിട്ടുള്ള സ്ഥലങ്ങളോട് ചേർന്ന് റോഡ് തിരിച്ചുവിടാനുള്ള ശ്രമമാണ് റോഡ് നിർമ്മാണം നിശ്ചലാവസ്ഥയിലാക്കിയതെന്നും പറയപ്പെടുന്നു.
കവരപറമ്പ് മുതൽ യാക്കോബായ പള്ളി വരെയുള്ള 300 മീറ്ററോളം ഭാഗത്ത് സ്ഥലമേറ്റെടുപ്പ് പൂർത്തീകരിച്ചിട്ടുണ്ട്, പക്ഷേ, നിർമ്മാണം തുടങ്ങിയിട്ടില്ല.
അന്താരാഷ്ട്ര വിമാനത്താവളത്തേക്ക് പോകുന്നതിനായി ബാക്കി വരുന്ന റോഡിൽ വശങ്ങളിലെ സ്ഥലം ഏറ്റെടുത്ത് വളവുകൾ നിവർത്തി വിമാനത്താവളത്തിന്റെ പ്രൗഢിക്കനുസൃതമായ റോഡ് നിർമ്മിക്കണം