ഒരു വർഷമായി ഉടക്കിട്ട് ഉദ്യോഗസ്ഥർ, മുഖ്യമന്ത്രിയെ അറിയിച്ചു; വ്യവസായഭൂമി ഉടൻ റെഡി

എം.എസ് സജീവൻ | Thu 11 Jun 2026 12:37 AM IST
joshy

കൊച്ചി: വ്യവസായ യൂണിറ്റ് തുടങ്ങാനാഗ്രഹിച്ച യുവാവിനെ ഒരു വർഷം വട്ടം കറക്കി ഉദ്യോഗസ്ഥർ. കാര്യമറിഞ്ഞതോടെ, ഒരു മണിക്കൂറിനകം പരിഹാരമുണ്ടാക്കി മുഖ്യമന്ത്രി വി.ഡി. സതീശൻ. അങ്കമാലി സ്വദേശി ജോഷി തോമസിന് കഞ്ചിക്കോട് ഇൻഡസ്ട്രിയൽ ഏരിയയിൽ പെയിന്റിംഗ് നിർമ്മാണ യൂണിറ്റിനുള്ള സ്ഥലമാണ് അനുവദിച്ചുകിട്ടിയത്.

സ്ഥലത്തിന് പണമടച്ച്, രേഖകൾ കിട്ടാൻ ഒരു വർഷമായി ഓഫീസുകൾ കയറിയിറങ്ങുകയായിരുന്നു. പാലക്കാട് ജില്ലാവ്യവസായകേന്ദ്രത്തിലാണ് പണമടച്ചിരുന്നത്. സ്ഥലം അളന്നെങ്കിലും സ്‌കെച്ച് തഹസിൽദാർ ഓഫീസിൽ നിന്ന് കൊടുത്തില്ല. മുടന്തൻ ന്യായങ്ങൾ പറഞ്ഞ് ഉഴപ്പുകയായിരുന്നു.

ഇതിനിടെ കഴിഞ്ഞ ഞായറാഴ്ച രാവിലെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ ഫേസ്ബുക്ക് അഭിമുഖം കണ്ടു. വ്യവസായികളെ മാന്യമായി കാണും. അവരെ വെറുതേ ബുദ്ധിമുട്ടിക്കില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞത് കേട്ടു.

തന്റെ ദുരനുഭവം വിവരിച്ച് വെറുതേ കമന്റിട്ടതാണ്. അര മണിക്കൂറിനകം മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് സെക്രട്ടറി അനിൽകുമാർ വിളിച്ചു. ഉദ്യോഗസ്ഥരുടെ നമ്പരുകൾ വാങ്ങി. അരമണിക്കൂർ കഴിഞ്ഞപ്പോൾ വീണ്ടും വിളിവന്നു. പിറ്റേന്ന് രേഖകൾ വാങ്ങിക്കൊള്ളാൻ നിർദ്ദേശം.

തിങ്കളാഴ്ച രാവിലെ ജോഷിയും ഭാര്യ സൗമ്യയും താലൂക്ക് ഓഫീസിലെത്തി. തഹസിൽദാർ അന്ന് അവധി. പിറ്റേന്ന് സ്കെച്ച് ഒപ്പിട്ടു നൽകാമെന്ന് അറിയിച്ചു. ചൊവ്വാഴ്‌ച രേഖകൾ കിട്ടി. അടുത്ത ദിവസം തന്നെ വ്യവസായകേന്ദ്രവുമായി കരാർ ഒപ്പിട്ടു.

2 കോടിയുടെ പെയിന്റ്

നിർമ്മാണ യൂണിറ്റ്

വ്യവസായരംഗത്ത് 32 വർഷമായി ജോഷിയും ഭാര്യ സൗമ്യയുമുണ്ട്. സൗമ്യ പോളിമേഴ്സ് എന്ന സ്ഥാപനം കഞ്ചിക്കോട് ഫ്ളവേഴ്സ് എന്ന ബ്രാൻഡിൽ പെയിന്റ് നിർമ്മിക്കുന്നുണ്ട്. അലൻ പോളിമേഴ്സ് എന്ന പുതിയ യൂണിറ്റാണ് വരുന്നത്. രണ്ടു കോടി രൂപ നിക്ഷേപം പ്രതീക്ഷിക്കുന്നു. നിർമ്മാണം ഉടൻ തുടങ്ങും.

എറിയാനറിയുന്നവന് വടി കൊടുക്കണമെന്ന് പറയുന്നത് വെറുതേയല്ല. ഇനി ഞങ്ങളുടെ പ്രതീക്ഷകളും സ്വപ്നങ്ങളും ഇവിടെ പൂവണിയും

ജോഷി തോമസ്, ഭാര്യ സൗമ്യ

MORE NEWS
കൃഷി മുന്നൂറോളം ഏക്കറിൽ,​ 12 കോടിയോളം രൂപയുടെ വിറ്റുവരവ്,​ രാജ്യാന്തര ശ്രദ്ധ നേടി 'വരവൂർ ഗോൾഡ്'
മത്തിക്കും അയലയ്ക്കും 300 രൂപ ,​ കരിമീനിന് കിലോയ്ക്ക് 650 വരെയായി,​ ഇറച്ചിയാണെങ്കിൽ കിട്ടാനുമില്ല
ഇനിയില്ല, ചങ്ങമ്പുഴയുടെ പുള്ളോർ കള്ളുഷാപ്പ്
മൂന്നാറിലടക്കം ടൂർ പോകുന്നവർ ഇവയൊക്കെ കാണാതെവരുന്നത് വലിയ നഷ്‌ടമാകും, കണ്ടെത്തിയത് 11 പുതിയ ജീവികളെ
JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.