മൂന്നാറിലടക്കം ടൂർ പോകുന്നവർ ഇവയൊക്കെ കാണാതെവരുന്നത് വലിയ നഷ്‌ടമാകും, കണ്ടെത്തിയത് 11 പുതിയ ജീവികളെ

Thu 11 Jun 2026 01:04 AM IST
munnar-new-species

ഇടുക്കി: തെക്കൻ പശ്ചിമഘട്ടത്തിലെ ജൈവസമ്പത്തിന്റെ പ്രാധാന്യം വീണ്ടും അടിവരയിടുന്ന കണ്ടെത്തലുമായി മൂന്നാർ വന്യജീവി ഡിവിഷൻ. അടുത്തിടെ നടത്തിയ ജന്തുജാലസർവേയിൽ 11 പുതിയ ജീവിവർഗങ്ങൾ കൂടി രേഖപ്പെടുത്തിയതോടെ മേഖലയിലെ ജൈവവൈവിധ്യ സമ്പത്തിന് കൂടുതൽ ശക്തമായ ശാസ്ത്രീയ തെളിവുകളാണ് ലഭിച്ചിരിക്കുന്നത്.

സർവേയിൽ ഒരു പക്ഷി, മൂന്ന് ചിത്രശലഭങ്ങൾ, ഏഴ് തുമ്പികൾ എന്നിവയാണ് പുതുതായി രേഖപ്പെടുത്തിയത്. പശ്ചിമഘട്ടത്തിൽ മാത്രം കാണപ്പെടുന്ന എൻഡെമിക് സ്പീഷീസുകളും പ്രത്യേക ആവാസവ്യവസ്ഥകളെ ആശ്രയിക്കുന്ന ജീവികളും കണ്ടെത്തലിൽ ഉൾപ്പെട്ടിട്ടുണ്ട്. പുതുതായി രേഖപ്പെടുത്തിയ ചിത്രശലഭങ്ങളിൽ ഓക്കിലചെമ്പൻ (Doleschallia bisaltide malabarica), കുഞ്ഞിവരയൻ കോമാളി (Tarucus nara), ഓർക്കിഡ്നീലി (Hypolycaena othona othona) എന്നിവ ഉൾപ്പെടുന്നു. ഇതോടെ വന്യജീവി ഡിവിഷനിലെ ആകെ ചിത്രശലഭങ്ങളുടെ എണ്ണം 260 ആയി ഉയർന്നു.

ഏഴ് പുതിയ തുമ്പികളെയും സർവേയിൽ രേഖപ്പെടുത്തി. പശ്ചിമഘട്ട എൻഡെമിക്കുകളായ പാറമുത്തൻ കടുവ, നീലഗിരി നഖവാലൻ, ആനമല നിഴൽത്തുമ്പി എന്നിവയ്‌ക്കൊപ്പം നീല നീർത്തോഴൻ, മഞ്ഞപെരുംകണ്ണൻ, കനൽവാലൻ ചതുപ്പൻ, എണ്ണക്കറുപ്പൻ എന്നിവയും ആദ്യമായി രേഖപ്പെടുത്തിയതോടെ ആകെ തുമ്പി വൈവിധ്യം 82 ആയി. പക്ഷികളിൽ, ഉയർന്ന മലനിരകളിൽ അപൂർവമായി മാത്രം കാണപ്പെടുന്ന കോമൺ സ്വിഫ്റ്റ് പുതിയതായി രേഖപ്പെടുത്തിയതോടെ വന്യജീവിഡിവിഷനിലെ ആകെ പക്ഷിവർഗങ്ങളുടെ എണ്ണം 263 ആയി.

കേരള വന്യജീവി വകുപ്പിന്റെ മൂന്നാർ വന്യജീവിഡിവിഷൻ, തിരുവനന്തപുരം ട്രാവൻകൂർ നേച്ചർ ഹിസ്റ്ററി സൊസൈറ്റിയുടെ ( ടി.എൻ.എച്ച്.എസ് ) സഹകരണത്തോടെ നടത്തിയ സർവേയിലാണ് പുതിയ കണ്ടെത്തലുകൾ. മൂന്നാർ വന്യജീവിഡിവിഷൻ വൈൽഡ് ലൈഫ് വാർഡൻ ഹരികൃഷ്ണൻ കെ.വിയുടെ നേതൃത്വത്തിലായിരുന്നു കണക്കെടുപ്പ്. ടി.എൻ.എച്ച്.എസ് റിസർച്ച് അസോസിയേറ്റുമാരായ ഡോ.കലേഷ് സദാശിവൻ, വിനയൻ പി. നായർ, പ്രദീപ് കൃഷ്ണൻ, അനില എന്നിവർ ശാസ്ത്രീയ ഏകോപനം നിർവഹിച്ചു. ടി.എൻ.എച്ച്.എസ് ഡയറക്ടർ കെ.ജയകുമാർ മാർഗനിർദ്ദേശം നൽകി.


''11 പുതിയ ജന്തുജാല രേഖകൾ ലഭിച്ചതിലൂടെ സംരക്ഷിത പ്രദേശങ്ങളുടെ അസാധാരണമായ ജൈവവൈവിധ്യമൂല്യം വീണ്ടും തെളിയിക്കപ്പെടുകയാണ്. ഇത്തരം ശാസ്ത്രീയ സർവേകൾ ജീവിവർഗങ്ങളുടെ വിതരണരീതികൾ മനസ്സിലാക്കാനും സംരക്ഷണ മുൻഗണനകൾ നിശ്ചയിക്കാനും സഹായിക്കും''

വൈൽഡ് ലൈഫ് വാർഡൻ, ഹരികൃഷ്ണൻ കെ.വി.

MORE NEWS
കൃഷി മുന്നൂറോളം ഏക്കറിൽ,​ 12 കോടിയോളം രൂപയുടെ വിറ്റുവരവ്,​ രാജ്യാന്തര ശ്രദ്ധ നേടി 'വരവൂർ ഗോൾഡ്'
മത്തിക്കും അയലയ്ക്കും 300 രൂപ ,​ കരിമീനിന് കിലോയ്ക്ക് 650 വരെയായി,​ ഇറച്ചിയാണെങ്കിൽ കിട്ടാനുമില്ല
ഇനിയില്ല, ചങ്ങമ്പുഴയുടെ പുള്ളോർ കള്ളുഷാപ്പ്
ഒരു വർഷമായി ഉടക്കിട്ട് ഉദ്യോഗസ്ഥർ, മുഖ്യമന്ത്രിയെ അറിയിച്ചു; വ്യവസായഭൂമി ഉടൻ റെഡി
JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.