സർക്കാർ ബോണ്ടുകളിൽ വിദേശ നിക്ഷേപ പ്രളയം

Fri 19 Jun 2026 12:46 AM IST
fd

റിസർവ് ബാങ്ക് ഇളവുകൾ ഹിറ്റായി

കൊച്ചി: രൂപയ്ക്ക് സ്ഥിരത പകരാൻ റിസർവ് ബാങ്കും കേന്ദ്ര സർക്കാരും നികുതിയിലും നിക്ഷേപ പരിധിയിലും ഇളവ് പ്രഖ്യാപിച്ചതിന് പിന്നാലെ ആഗോള ഫണ്ടുകൾ ഇന്ത്യയിലേക്ക് റെക്കാഡ് പണമൊഴുക്കുന്നു. ജൂൺ അഞ്ചിന് നടപ്പാക്കിയ പരിഷ്‌കരണത്തിന് ശേഷം ആഗോള നിക്ഷേപ സൂചികകളിൽ ഉൾപ്പെടുന്ന ബോണ്ടുകളിലെ നിക്ഷേപത്തിൽ 32,280 കോടി രൂപയുടെ(340 കോടി ഡോളർ) വർദ്ധനയുണ്ടായി. ഇതോടൊപ്പം പ്രമുഖ ആഗോള ഫണ്ടുകളായ പിക്‌റ്റെറ്റ് അസറ്റ് മാനേജ്‌മെന്റ്, ന്യൂബെർഗർ ബെർമൻ ഗ്രൂപ്പ്, എം ആൻഡ് ജി ഇൻവെസ്‌റ്റ്‌മെന്റ്‌സ് എന്നിവ കൂടുതൽ നിക്ഷേപത്തിന് ഒരുങ്ങുകയാണ്. നികുതി ഇളവുകളിലൂടെ വിദേശ ഫണ്ടുകളുടെ വരുമാനം 15 മുതൽ 20 ശതമാനം വരെ ഉയരുമെന്ന് വിലയിരുത്തുന്നു.

പശ്ചിമേഷ്യൻ സംഘർഷത്തിന്റെ ഭാഗമായി ക്രൂഡോയിൽ വില കുതിച്ചതും ഡോളറിന് കരുത്തേറിയതും കണക്കിലെടുത്ത് ഇന്ത്യയിൽ നിന്ന് ഫണ്ടുകൾ വലിയ തോതിൽ പണം പിൻവലിച്ചതോടെയാണ് കേന്ദ്ര സർക്കാരും റിസർവ് ബാങ്കും വിദേശ നിക്ഷേപകർക്കായി വൻ ഇളവുകൾ പ്രഖ്യാപിച്ചത്. ഈ നടപടികളിലൂടെ നടപ്പു വർഷം ഇന്ത്യയിലേക്ക് 5,000 മുതൽ 10,000 കോടി ഡോളർ വരെ അധിക നിക്ഷേപം ലഭിക്കുമെന്ന് അനലിസ്‌റ്റുകൾ പറയുന്നു.

ഇന്ത്യ നിക്ഷേപത്തിന് ആകർഷകം

ലോകത്തിലെ മറ്റ് എമർജിംഗ് സാമ്പത്തിക മേഖലകളുമായി താരതമ്യം ചെയ്യുമ്പോൾ ഇന്ത്യൻ ബോണ്ടുകൾക്ക് ആകർഷണീയത കൂടുതലാണെന്ന് ധനകാര്യ വിദഗ്ദ്ധർ പറയുന്നു.ഇന്തോനേഷ്യ, ഫിലിപ്പീൻസ് തുടങ്ങിയ രാജ്യങ്ങൾ നിക്ഷേപ പലിശ ഉയർത്തിയാണ് വിദേശ നിക്ഷേപം ആകർഷിച്ചത്.

റിസർവ് ബാങ്ക് നടപടികൾ

1. വിദേശ ഫണ്ടുകൾ 15, 30,40 വർഷ പരിധിയുള്ള ബോണ്ടുകളിൽ നടത്തുന്ന നിക്ഷേപങ്ങളിലെ നിയന്ത്രണങ്ങൾ പിൻവലിച്ചു

2. വിദേശ പോർട്ട്ഫോളിയോ ഫണ്ടുകൾക്ക് സർക്കാർ ബോണ്ടുകളിൽ നിക്ഷേപിക്കാനുള്ള വിവിധ പരിധികൾ ഒഴിവാക്കി

3. പ്രവാസികളുടെ എഫ്.സി.എൻ.ആർ(ബി), എൻ.ആർ.ഇ നിക്ഷേപങ്ങൾക്ക് അധിക പലിശ നൽകാൻ ബാങ്കുകൾക്ക് താത്കാലിക അനുമതി

4. പൊതുമേഖല സ്ഥാപനങ്ങൾക്ക് വിദേശ കറൻസിയിൽ വായ്പയെടുക്കുന്നതിന് ഫോറക്‌സ് സ്വാപ്പിന് ഇളവ് നൽകി

കരുത്താർജിച്ച് രൂപ

വിദേശ നിക്ഷേപ ഒഴുക്ക് വർദ്ധിച്ചതോടെ രണ്ടാഴ്ചയ്ക്കിടെ ഡോളറിനെതിരെ രൂപയുടെ മൂല്യം 2.5 ശതമാനമാണ് ഉയർന്നത്. ഇന്നലെ രൂപ 14 പൈസ നേട്ടത്തോടെ 94.36ൽ അവസാനിച്ചു. മേയ് 20ന് രൂപ ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിരക്കായ 96.79ൽ എത്തിയിരുന്നു.

MORE NEWS
എൻ.എസ്.ഇ ഓഹരി വിൽപ്പനയ്ക്ക് ഒരുങ്ങുന്നു
ചരിത്ര നേട്ടവുമായി ഇസാഫ് ബാങ്ക്
ഉപരാഷ്ട്രപതിയെ സന്ദർശിച്ച് എം. എ. യൂസഫലി
റെക്കാഡ് ലാഭവുമായി കേരള ഗ്രാമീണ ബാങ്ക്
JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.