സാരിയുടുക്കാൻ ഏറെ ഇഷ്ടപ്പെടുന്ന നടൻ; 25 വർഷമായി പ്രദീപിന്റെ ഒപ്പം കൂടിയ വേഷം

Wed 29 Jul 2026 04:12 PM IST
pradeep
പ്രദീപ്

കൊല്ലം: സാരിയുടെ സൗന്ദര്യത്തിൽ പ്രദീപിനെ നാട് കാണാൻ തുടങ്ങിയിട്ട് കാൽ നൂറ്റാണ്ട്. ഒതുക്കത്തോടെ കസവ് സാരി ഞൊറിഞ്ഞുടുത്ത് വരുന്ന പ്രദീപിനെ ആരുമൊന്ന് നോക്കും, ലക്ഷണമൊത്തൊരു സുന്ദരിപ്പെണ്ണ്! കൊട്ടാരക്കര വെണ്ടാർ കരിക്കത്തിൽ മേലതിൽ എൻ.ഗംഗാധരൻ പിള്ളയുടെയും കെ.അംബുജാക്ഷിയുടെയും മൂന്നുമക്കളിൽ രണ്ടാമനായ പ്രദീപ് (46) നാടക വേദികളിലെ തിളങ്ങും താരമാണ്.

ഭിന്നലിംഗക്കാരനല്ല. പക്ഷേ, സാരിയാണ് ഇഷ്ടവേഷം. പൊതു, സ്വകാര്യ ചടങ്ങുകളിലൊക്കെ സാരിയുടുത്ത് പോകാനാണ് ഇഷ്ടം. ആരുമൊട്ട് കുറ്റം പറഞ്ഞിട്ടുമില്ല. വീട്ടുകാരറിയാതെ പത്താം വയസിൽ നൃത്തം പഠിച്ചു. വീട്ടുകാരും നാട്ടുകാരും അറിഞ്ഞപ്പോൾ പതിന്നാലാം വയസിൽ നൃത്ത അദ്ധ്യാപകനായി!. ഭരതനാട്യത്തിലും കുച്ചിപ്പുടിയിലും സംഗീതത്തിലും ഡിപ്ളോമ നേടി. പ്രീഡിഗ്രിയും ഐ.ടി.ഐ (സിവിൽ) പഠനവും പൂർത്തിയാക്കിയശേഷമാണ് കലയ്ക്ക് പ്രാധാന്യം നൽകി മുന്നോട്ടു നീങ്ങിയത്.

ഓച്ചിറ നാടക രംഗത്തിന്റെ 'ഇവൻ നായിക' എന്ന ഹിറ്റ് നാടകത്തിലെ ട്രാൻസ് വുമൺ കഥാപാത്രമായ 'കിരൺ ലക്ഷ്മി'ക്ക് 2018ലെ കേരള സംഗീത നാടക അക്കാഡമിയുടെ സ്പെഷ്യൽ ജൂറി പുരസ്കാരം ലഭിച്ചു. മൂന്ന് സിനിമകളിലും അഭിനയിച്ചു. കലാമണ്ഡലം എബിൻ സാബുവിന്റെ കീഴിൽ കഥകളി അഭ്യസിച്ച് അരങ്ങേറ്റത്തിനൊരുങ്ങുകയാണ്. മൃണാളിനി സാരാഭായ് നാട്യാചാര പുരസ്കാരമടക്കം 92 അവാർഡുകളും ലഭിച്ചു.

25 വർഷം മുമ്പ് തൃശൂരിലെ നാടക ട്രൂപ്പിൽ പകരക്കാരിയായി പെൺവേഷം കെട്ടിയ അന്ന് തുടങ്ങിയതാണ് ഈ സാരിക്കമ്പം. നാടകത്തിലെ കഥാപാത്രത്തിന്റെ പേരായ 'നീലാംബരി' ഒപ്പം കൂടിയതോടെ പ്രദീപ് നീലാംബരിയായി. ഐ.ടി.ഐ പഠനശേഷം വീടുപേക്ഷിച്ച് തൃശൂരിന് വണ്ടികയറി. തൃശൂർ അളകനന്ദ നൃത്തനാടക സമിതിക്കൊപ്പം പ്രവർത്തിക്കവേയാണ് ഒരു നടിക്കു പകരം പെൺവേഷം കെട്ടാൻ അവസരമൊരുങ്ങിയത്.

ക്ഷണിക്കപ്പെട്ട വേദികളിലും ഉത്സവപ്പറമ്പുകളിലുമടക്കം പ്രദീപ് നീലാംബരി അവതരിപ്പിക്കുന്ന നൃത്ത പരിപാടികളിൽ ഏറ്റവും കൂടുതൽ ഹിറ്റായത് 'നാഗവല്ലി'യാണ്. മണിച്ചിത്രത്താഴിലെ 'ഒരു മുറൈ വന്ത് പാർത്തായ' എന്ന പാട്ടിനൊപ്പം ശോഭനയുടെ തനത് രൂപഭംഗിയോടെ ചിലങ്ക കെട്ടിയാടിയാണ് പ്രദീപ് വിസ്മയം തീർക്കുന്നത്. ഇതിനകം 979 വേദികളിൽ പ്രദീപ് നാഗവല്ലിയായി.

MORE NEWS
ട്രെയിൻ ബുക്കിംഗ് ഇനി സിംപിൾ: തത്കാൽ ടിക്കറ്റിന് ടോക്കൺ, മിനിറ്റിൽ 1.5ലക്ഷം ബുക്കിംഗ്
അയഞ്ഞ നിയമങ്ങൾ, "വീട്ടിൽ" പൊലിഞ്ഞ് നവജാതർ
ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് റാങ്കിടാൻ വരുന്നു, കസാക്
പൂക്കളമല്ല, ഇതാെരു ഒന്നൊന്നര പുട്ടുകളം; ഇത്തവണ ‌ഓണത്തിന് നിങ്ങൾക്കും പരീക്ഷിക്കാം
JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.