ചരിത്രത്തിലാദ്യമായി കോറം തികയാതെ ടാറ്റ സൺസ് എ.ജി.എം

Wed 19 Aug 2026 12:29 AM IST
tata

ചരിത്രത്തിലാദ്യമായി കോറം തികയാതെ ടാറ്റ സൺസ് എ.ജി.എം

ട്രസ്‌റ്റിലെ പ്രതിസന്ധി ടാറ്റ ഗ്രൂപ്പിലേക്കും

കൊച്ചി: ടാറ്റ ഗ്രൂപ്പിന്റെ ചരിത്രത്തിലാദ്യമായി കോറം തികയാത്തതിനാൽ ടാറ്റ സൺസിന്റെ വാർഷിക പൊതുയോഗം(എ.ജി.എം) മാറ്റിവെച്ചു. പ്രധാന ടാറ്റ ട്രസ്‌റ്റുകളായ സർ ദൊറാബ്‌ജി ടാറ്റ ട്രസ്‌റ്റ്, സർ രത്തൻ ടാറ്റ ട്രസ്‌റ്റ് എന്നിവയുടെ സംയുക്ത പ്രതിനിധി പങ്കെടുക്കണമെന്ന വ്യവസ്ഥ പാലിക്കാൻ കഴിയാതിരുന്നതോടെയാണ് 108ാമത് എ.ജി.എം അരമണിക്കൂറിനകം മാറ്റിവെച്ചത്. ഇരു ട്രസ്‌റ്റുകൾക്കും ടാറ്റ സൺസിൽ 51.5 ശതമാനം ഓഹരിയുണ്ട്.

ടാറ്റ സൺസിന്റെ ആർട്ടിക്കിൾ ഒഫ് അസോസിയേഷനിലെ ആർട്ടിക്കിൾ 86 അനുസരിച്ച് എ.ജി.എമ്മിന്റെ കോറത്തിന് കുറഞ്ഞത് അഞ്ച് അംഗങ്ങളുടെ സാന്നിദ്ധ്യം ആവശ്യമാണ്. ഇതിൽ സർ ദൊറാബ്‌ജി, സർ രത്തൻ ട്രസ്‌റ്റുകളുടെ സംയുക്ത പ്രതിനിധിയും ഉൾപ്പെടണം. മഹാരാഷ്ട്ര ചാരിറ്റി കമ്മീഷണറുടെ നിയന്ത്രണങ്ങൾ മൂലം സർ രത്തൻ ടാറ്റ ട്രസ്‌റ്റിന് യോഗം ചേന്ന് സംയുക്ത പ്രതിനിധിയെ നിശ്ചയിക്കാത്തതാണ് പ്രതിസന്ധിക്ക് കാരണം. പുതിയ എ.ജി.എമ്മിന്റെ തിയതി ടാറ്റ സൺസ് ബോർഡ് പിന്നീട് തീരുമാനിക്കും. ഉച്ചയ്ക്ക് രണ്ടരയ്ക്ക് ആരംഭിച്ച യോഗം മൂന്നിന് കോറമില്ലാത്തതിനാൽ പിരിച്ചുവിടുകയായിരുന്നു. ടാറ്റ സൺസിന്റെ സ്ഥാനമൊഴിയുന്ന ചെയർമാൻ എൻ. ചന്ദ്രശേഖരൻ, ബോർഡ് അംഗങ്ങളായ സൗരഭ് അഗർവാൾ, അനിത മരങ്ങോളി ജോർജ് എന്നിവർ യോഗത്തിൽ പങ്കെടുക്കാൻ ബോംബെ ഹൗസിലെത്തി. ടാറ്റ ട്രസ്‌റ്റ്‌സ് ചെയർമാൻ നോയൽ ടാറ്റ, ഹരീഷ് മർവാനി, വേണു ശ്രീനിവാസൻ എന്നിവർ ഓൺലൈനായി യോഗത്തിൽ പങ്കെടുത്തു.

നേതൃമാറ്റത്തിനിടെ പ്രതിസന്ധി

ചെയർമാൻ സ്ഥാനത്തേക്ക് പുനർനിയമനം തേടില്ലെന്ന് എൻ. ചന്ദ്രശേഖരൻ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് എ.ജി.എം മാറ്റിവെച്ചത്. അടുത്ത ചെയർമാനെ നിർദേശിക്കാൻ ടാറ്റ ട്രസ്‌റ്റ്‌സ് സെലക്ഷൻ സമിതി രൂപീകരിക്കാൻ നടപടികൾ ആരംഭിച്ചു.

MORE NEWS
വണ്ടർലാ കൊച്ചിയിൽ ഓണാഘോഷത്തിന് തുടക്കം
പ്രവാസികൾക്ക് ഓണം ഉത്പന്നങ്ങളുമായി ലുലു കാർഗോ വിമാനം
വീണ്ടും തിളച്ച് ക്രൂഡോയിൽ വില
ബിസ്മി കണക്റ്റ് 'വമ്പനോണം ബമ്പറോണം
JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.