വീണ്ടും തിളച്ച് ക്രൂഡോയിൽ വില

Wed 19 Aug 2026 12:30 AM IST
crude-oil

കൊച്ചി: ഇറാൻ-അമേരിക്ക സമാധാന ചർച്ചകൾ വഴിമുട്ടിയതോടെ പശ്ചിമേഷ്യയിലെ സംഘർഷ സാദ്ധ്യത ശക്തമായതോടെ ക്രൂഡോയിൽ വില വീണ്ടും കത്തിക്കയറുന്നു. ഇന്നലെ ബ്രെന്റ് ക്രൂഡോയിൽ വില ബാരലിന് 92 ഡോളറിന് അടുത്തെത്തി. യു.എസ് വെസ്‌റ്റ് ടെക്‌സസ് ഇന്റർമീഡിയറ്റ് ക്രൂഡ് വില 85 ഡോളർ കവിഞ്ഞു, ഇറാമായുള്ള ഇടക്കാല ധാരണയുടെ കാലാവധി അവസാനിച്ചതും ഹോർമുസ് ഇടനാഴിയിലെ എണ്ണ നീക്കത്തിലെ ആശങ്കയുമാണ് വിലക്കുതിപ്പ് രൂക്ഷമാക്കുന്നത്. ഹോർമുസ് വഴിയുള്ള എണ്ണ കയറ്റുമതി യുദ്ധത്തിന് മുൻപുണ്ടായിരുന്ന 1.8 കോടി ബാരലിൽ നിന്ന് 20 ലക്ഷം ബാരലിലേക്കാണ് മൂക്കുകുത്തിയത്. ഹോർമുസ് ഇടനാഴി മാനേജ്‌മെന്റിന് ഇറാനുമായി നേരിട്ട് ചർച്ച നടത്തിയാൽ ഒമാനെതിരെ ആക്രമണം നടത്തുമെന്ന ഡൊണാൾഡ് ട്രംപിന്റെ ഭീഷണിയാണ് ക്രൂഡോയിൽ വിപണിയെ മുൾമുനയിലാക്കിയത്.

ഇന്ത്യൻ സാമ്പത്തിക മേഖലയ്ക്ക് നെഞ്ചിടിപ്പ്

ഹോർമുസ് പ്രതിസന്ധി ഇന്ത്യയ്ക്ക് കടുത്ത വെല്ലുവിളിയാണ്. രാജ്യത്തെ ക്രൂഡ് ആവശ്യത്തിന്റെ 88.7 ശതമാനവും ഇറക്കുമതിയിലൂടെയാണ് നിറവേറ്റുന്നത്. എണ്ണ വിലയിൽ ബാരലിന് പത്ത് ഡോളർ വർദ്ധനയുണ്ടായാൽ ഇന്ത്യയുടെ വാർഷിക ഇറക്കുമതി ചെലവിൽ 1200 മുതൽ 1,300 കോടി ഡോളറിന്റെ വർദ്ധനയുണ്ടാകും. ഇതോടൊപ്പം ഡോളറിനെതിരെ രൂപയുടെ മൂല്യത്തകർച്ച രൂക്ഷമാകാനും എണ്ണ വിലക്കുതിപ്പ് കാരണമാകും.

ഒരു പരിധിയിലധികം ഇറക്കുമതി ചെലവ് താങ്ങാനാകാത്തതിനാൽ പൊതുമേഖല എണ്ണവിപണന കമ്പനികൾ പെട്രോൾ, ഡീസൽ, പാചകവാതകം എന്നിവയുടെ വില ഉയർത്താനും നിർബന്ധിതരാകും. നാണയപ്പെരുപ്പം ആറ് ശതമാനത്തിന് താഴെ നിലനിറുത്തുവാനുള്ള റിസർവ് ബാങ്കിന്റെ ശ്രമങ്ങളെയും വില വർദ്ധന ബാധിക്കുമെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു.

ഓഹരികളിൽ ഇടിവ്

എണ്ണ വില തുടർച്ചയായി ഉയർന്നതോടെ ഇന്നലെയും രാജ്യത്തെ ഓഹരി വിപണി കനത്ത സമ്മർദ്ദം നേരിട്ടു. സെൻസെക്സ് 492.7 പോയിന്റ് ഇടിഞ്ഞ് 77,235.46ൽ എത്തി. നിഫ്‌റ്റി 132.75 പോയിന്റ് നഷ്ടത്തോടെ 24,154.9ൽ അവസാനിച്ചു.

MORE NEWS
വണ്ടർലാ കൊച്ചിയിൽ ഓണാഘോഷത്തിന് തുടക്കം
പ്രവാസികൾക്ക് ഓണം ഉത്പന്നങ്ങളുമായി ലുലു കാർഗോ വിമാനം
ചരിത്രത്തിലാദ്യമായി കോറം തികയാതെ ടാറ്റ സൺസ് എ.ജി.എം
ബിസ്മി കണക്റ്റ് 'വമ്പനോണം ബമ്പറോണം
JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.