ഭായിമാർ കൂട്ടത്തോടെ മടങ്ങുന്നു,​ കേരളത്തിൽ നിർമ്മാണ മേഖലയിൽ ഉൾപ്പെടെ പ്രതിസന്ധി

ഓൺലൈൻ ഡെസ്ക് | Sat 05 Sep 2026 02:30 AM IST
construction-
പ്രതീകാത്മക ചിത്രം

കോലഞ്ചേരി: പശ്ചിമ ബംഗാളിൽ കൂടുതൽ തൊഴിലവസരങ്ങൾ ഒരുക്കി ഇതര സംസ്ഥാനങ്ങളിലേക്കുള്ള തൊഴിലാളികളുടെ കുടിയേറ്റം കുറയ്ക്കാനുള്ള സർക്കാർ നീക്കം ശക്തമാകുന്നതിനിടെ, ജില്ലയിൽ ജോലി ചെയ്യുന്ന ബംഗാൾ സ്വദേശികൾ കൂട്ടത്തോടെ നാട്ടിലേക്ക് മടങ്ങിത്തുടങ്ങുന്നത് തൊഴിൽ മേഖലയിൽ വീണ്ടും ആശങ്കയുയർത്തുന്നു.

ബംഗാളിൽ മെച്ചപ്പെട്ട വേതനത്തോടെയുള്ള തൊഴിൽ ലഭ്യമാക്കാനുള്ള പദ്ധതിയുടെ ഭാഗമായി തൊഴിലാളികളെയും അവരുടെ കുടുംബങ്ങളെയും നാട്ടിൽ നിലനിറുത്താനുള്ള നടപടികളാണ് പശ്ചിമബംഗാൾ സർക്കാർ ആരംഭിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി കേരളമുൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ ജോലിചെയ്യുന്ന തൊഴിലാളികളോട് സ്വദേശത്തേക്ക് മടങ്ങാൻ നിർദ്ദേശിച്ചതായും വാട്സ്ആപ്പ് സന്ദേശങ്ങൾ പ്രചരിക്കുന്നു.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് വോട്ട് ചെയ്യുന്നതിനായി നാട്ടിലേക്ക് പോയ ബംഗാൾ സ്വദേശികൾ തിരിച്ചെത്താൻ വൈകിയതിനെ തുടർന്ന് ജില്ലയിലടക്കം രൂക്ഷമായ തൊഴിലാളിക്ഷാമം നേരിട്ടിരുന്നു. തൊഴിലാളികളുടെ ലഭ്യത കുറഞ്ഞതോടെ നിർമ്മാണമേഖലയിലടക്കം കൂലി കുത്തനെ ഉയരുകയും പല സ്ഥലങ്ങളിലും സാധാരണ നിരക്കിന്റെ ഇരട്ടിയോളം കൂലി ആവശ്യപ്പെടുന്ന സാഹചര്യവും ഉണ്ടായിരുന്നു.

ബംഗാൾ സർക്കാർ തൊഴിൽ ഉറപ്പാക്കാനുള്ള നടപടി ശക്തമാക്കുന്നു

തൊഴിലാളികളെ ലഭിക്കാത്തതിനെ തുടർന്ന് നിർമ്മാണപ്രവർത്തനങ്ങൾ വൈകുകയും ചിലയിടങ്ങളിൽ തൊഴിലാളികളും കരാറുകാരും തമ്മിൽ തർക്കങ്ങളും ഉണ്ടായി.

പിന്നീട് തൊഴിലാളികൾ ഘട്ടംഘട്ടമായി തിരിച്ചെത്തിയതോടെ സ്ഥിതിഗതികൾ സാധാരണ നിലയിലേക്ക് എത്തിത്തുടങ്ങിയിരുന്നു.

ഇതിനിടെയാണ് ബംഗാൾ സർക്കാർ തൊഴിൽ ഉറപ്പാക്കാനുള്ള നടപടി ശക്തമാക്കിയത്. ഇതോടെ കേരളത്തിൽ വർഷങ്ങളായി ജോലിചെയ്യുന്ന തൊഴിലാളികളിൽ ഒരുവിഭാഗം നാട്ടിലേക്ക് മടങ്ങാനുള്ള തയ്യാറെടുപ്പിലാണ്. ജില്ലയിലെ നിർമ്മാണ മേഖലയെയാണ് തൊഴിലാളികളുടെ മടക്കം കൂടുതൽ ബാധിക്കുന്നത്. വീടുകൾ, ഫ്ലാറ്റുകൾ, വാണിജ്യ കെട്ടിടങ്ങൾ തുടങ്ങിയ നിർമ്മാണപ്രവർത്തനങ്ങളിൽ ബംഗാൾ സ്വദേശികൾ ഉൾപ്പെടെയുള്ള അന്യസംസ്ഥാന തൊഴിലാളികൾ നൽകുന്ന സേവനം വ്യാപകമാണ്.

കൂലി നിരക്ക് ഉയരാം

തൊഴിലാളികളുടെ എണ്ണം കുറയുന്നപക്ഷം നിർമ്മാണപ്രവർത്തനങ്ങളുടെ വേഗം കുറയാനും കൂലിനിരക്ക് ഉയരാനും സാദ്ധ്യതയുണ്ട്. ഹോട്ടൽ, കാറ്ററിംഗ്, വ്യാപാര സ്ഥാപനങ്ങൾ, റോഡ് നിർമ്മാണം, വിവിധ ചെറുകിട വ്യവസായങ്ങൾ തുടങ്ങിയ മേഖലകളും ഇതരസംസ്ഥാന തൊഴിലാളികളെ വലിയതോതിൽ ആശ്രയിക്കുന്നു. തൊഴിലാളികളുടെ ലഭ്യത കുറയുന്നത് ഈ മേഖലകളിലും പ്രതിസന്ധി സൃഷ്ടിച്ചേക്കുമെന്നാണ് തൊഴിലുടമകളുടെ വിലയിരുത്തൽ.

പശ്ചിമബംഗാൾ സർക്കാർ കുടിയേറ്റ തൊഴിലാളികളെ തിരിച്ചെത്തിക്കുന്നതിനായി തൊഴിലുറപ്പ് കാർഡുകൾ ഉൾപ്പെടെ വിവിധപദ്ധതികൾ സജീവമാക്കുന്നതോടെ, വർഷങ്ങളായി അന്യസംസ്ഥാന തൊഴിലാളികളെ ആശ്രയിച്ച് മുന്നോട്ടുപോകുന്ന നിർമ്മാണം ഉൾപ്പെടെയുള്ള മേഖലകൾക്ക് തൊഴിലാളികളുടെ ലഭ്യത ഉറപ്പാക്കുന്നത് നിർണായകമാകും.

MORE NEWS
പാൽ ഉത്പാദനം ഗണ്യമായി കുറഞ്ഞു,​ ക്ഷീരകർഷകരുടെ പ്രതിസന്ധിക്ക് പിന്നിൽ ഈ കാരണങ്ങൾ
'സിപിഎം തകർന്നാൽ കേരളം ബിജെപി ഭരിക്കും, ജെൻസി കുട്ടികളിൽ വർഗീയത കുത്തിവയ്‌ക്കാനാകില്ല'
പട്ടികജാതി സ്ത്രീകളുടെ രക്ഷയ്ക്ക് ദാക്ഷായണി , സ്വയം തൊഴിലിന് 15 ലക്ഷം വരെ
കുപ്പിവഞ്ചി തുഴഞ്ഞ് വിമാനത്തിലേക്ക്, സുമതിയമ്മയ്ക്ക് പ്രവാസലോകത്തിന്റെ ആദരം
JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.