
കൊച്ചി: മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേരുമാറ്റമല്ല, ശാസ്ത്രീയവും സുരക്ഷിതവും മനുഷ്യസൗഹൃദവുമായ ചികിത്സവും പുനരധിവാസവും ഉറപ്പാക്കുന്ന സ്ഥാപനങ്ങളാക്കി മാറ്റുകയാണ് പ്രധാനമെന്ന് വിദഗ്ദ്ധർ. ബംഗളൂരുവിലെ 'നിംഹാൻസ് മാതൃകയിൽ കേരളത്തിൽ 'ബ്രെയിൻ ആൻഡ് ബിഹേവിയർ' ആശുപത്രികൾ സ്ഥാപിക്കണമെന്ന് അവർ നിർദ്ദേശിക്കുന്നു.
ഹൃദയം, കരൾ, വൃക്കരോഗങ്ങൾക്ക് പ്രത്യേകം ആശുപത്രികൾപോലെ ബ്രെയിൻ ആൻഡ് ബിഹേവിയർ ആശുപത്രികൾ വേണമെന്ന നിർദ്ദേശം സർക്കാരിന് മുന്നിലുണ്ട്. സൈക്യാട്രി, ന്യൂറോ, സൈക്കോളജി തുടങ്ങിയ സ്‌പെഷ്യലിസ്റ്റുകൾ 'ബ്രെയിൻ ആൻഡ് ബിഹേവിയർ ആശുപത്രികളിൽ ഒരുമിച്ചു ജോലിചെയ്യണം. ബംഗളൂരുവിൽ നാഷണൽ മെന്റൽ ഹെൽത്ത് ആൻഡ് ന്യൂറോ സയൻസ് (നിംഹാൻസ് ) മികച്ചസേവനം നൽകുന്നു. ആശയങ്ങൾ, പെരുമാറ്റം, സംസാരം, കൈകാലുകളുടെയും ശരീരത്തിന്റെയും ചലനം, രുചിയും കാഴ്ചയും മുതലായവ നിയന്ത്രിക്കുന്നത് തലച്ചോറായതിനാൽ സമഗ്രമായ ചികിത്സാസംവിധാനം ആവശ്യമാണ്.
അടിസ്ഥാന പ്രശ്‌നങ്ങൾ പരിഹരിക്കണം
അടിസ്ഥാന സൗകര്യങ്ങളുടെ പരിമിതി, ജീവനക്കാരുടെ കുറവ്, സുരക്ഷാ പ്രശ്‌നങ്ങൾ, രോഗികളുടെ ജീവിതസാഹചര്യങ്ങൾ എന്നിവയിൽ ഹൈക്കോടതി നടത്തിയ വിമർശനങ്ങൾക്ക് പിന്നാലെയാണ് പേരുമാറ്റം സർക്കാർ തീരുമാനിച്ചത്. അടിസ്ഥാന പ്രശ്‌നങ്ങൾ പരിഹരിക്കാതെ 'ഹാപ്പിനസ് ആൻഡ് വെൽനെസ് സെന്റർ' എന്ന പേരിൽ കഴമ്പില്ലെന്ന് സാമൂഹികപ്രവർത്തകർ പറഞ്ഞു.
ആവശ്യത്തിന് ഡോക്ടർമാർ, സൈക്ക്യാട്രിസ്റ്റുകൾ, നഴ്‌സുമാർ, ക്ലിനിക്കൽ സൈക്കോളജിസ്റ്റുകൾ, സാമൂഹികപ്രവർത്തകർ, തെറാപ്പിസ്റ്റുകൾ, അറ്റൻഡർമാർ, സുരക്ഷാ ജീവനക്കാർ എന്നിവ ഉറപ്പാക്കണം. പുനരധിവാസം എന്നിവ മെച്ചപ്പെടുത്തണം. ചികിത്സയിലൂടെയും പുനരധിവാസത്തിലൂടെയും മാന്യമായ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരിക പ്രധാനമാണ്.
ചരിത്രം ഇങ്ങനെ
1851ലാണ് 'ലുണാട്ടിക് റിമൂവൽ ആക്ട് ' ബ്രിട്ടീഷ് സർക്കാർ നടപ്പാക്കിയത്. ബ്രിട്ടീഷുകാരന് മാനസികരോഗം വന്നാൽ തിരിച്ചയയ്‌ക്കാനും ഇന്ത്യക്കാരനെങ്കിൽ തടവിലാക്കാനും മാത്രമുണ്ടാക്കിയ നിയമം. 1912ൽ ഇന്ത്യൻ 'ലുണാസി ആക്ട്' നിലവിൽവന്നു. ആക്ടിന്റെ മറവിൽ സ്വാതന്ത്ര്യ സമരപോരാളികളെ ബ്രിട്ടീഷ് പൊലീസ് തടങ്കൽപ്പാളയങ്ങളിൽ അടച്ചിരുന്നു. 1987ൽ ഇന്ത്യൻ സൈക്യാട്രി സൊസൈറ്റിയുടെ ശുപാർശ പ്രകാരം പുതിയ 'മെന്റൽ ഹെൽത്ത് ആക്ട് 1987' നിലവിൽ വന്നു, 2017ൽ ആക്ട് പരിഷ്‌കരിച്ചു.
ഈ കാലഘട്ടത്തിലെല്ലാം 'മാനസികം' എന്നൊരു പ്രത്യേകവിഭാഗവും തലക്കെട്ടും നിലനിറുത്തിയിരുന്നു.
സൈക്യാട്രിസ്റ്റും സൈക്കോളജിസ്റ്റും ന്യൂറോളജിസ്റ്റും ഒരുമിച്ച് ബ്രെയിൻ ആൻഡ് ബിഹേവിയർ ആശുപത്രികളിൽ ജോലിചെയ്യുന്ന രീതി നടപ്പാക്കിയാൽ 'മാനസികരോഗം' എന്ന വിഷമാവസ്ഥ മാറിക്കിട്ടും.
ഡോ.എസ്.ഡി സിംഗ്സീനിയർ സൈക്യാട്രിസ്റ്റ്
ഹാപ്പിനസ് ആൻഡ് വെൽനെസ് ബോർഡിൽ മാത്രമാകരുത്. അവിടെ കഴിയുന്ന ഓരോ മനുഷ്യന്റെയും ജീവിതത്തിൽ അനുഭവപ്പെടണം.
സാബു ജോസ്
ചെയർമാൻ
പ്രോ ലൈഫ് ഗ്ലോബൽ ഫെലോഷിപ്പ്