
കൊച്ചി: കൊച്ചിയിലെ സംയോജിത ജലഗതാഗത സംവിധാനം കൂടുതൽ കാര്യക്ഷമമാക്കുന്നതിന് കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിന് 6.84 കോടിയുടെ വായ്പ അനുവദിച്ച് സംസ്ഥാന സർക്കാർ. 6,84,49,000 രൂപയാണ് വായ്പ. ബഡ്ജറ്റ് വിഹിതത്തിൽനിന്നാണ് കെ.എം.ആർ.എല്ലിന് വായ്പയായി തുക നൽകുന്നത്. ജർമ്മൻ വികസന ബാങ്കായ കെ.എഫ്.ഡബ്ല്യു വഴി കേന്ദ്ര സർക്കാരിന് ലഭിക്കുകയും പിന്നീട് സംസ്ഥാന സർക്കാരിലേക്ക് കൈമാറുകയും ചെയ്ത വായ്പാ വിഹിതമാണിത്. കെ.എം.ആർ.എൽ മാനേജിംഗ് ഡയറക്ടറുടെ അഭ്യർത്ഥന പരിഗണിച്ചാണ് തുക അനുവദിക്കാൻ സർക്കാർ തീരുമാനിച്ചത്. കൊച്ചിയിലെ ഇന്റഗ്രേറ്റഡ് വാട്ടർ ട്രാൻസ്‌പോർട്ട് സിസ്റ്റം നടപ്പാക്കുന്നതിനാണ് തുക ഉപയോഗിക്കുക.
7.54 കോടി യാത്രക്കാർ
കൊച്ചി വാട്ടർ മെട്രോ യാത്രക്കാരുടെ എണ്ണം 75.43 ലക്ഷം പിന്നിട്ടു. സെപ്തംബർ 1ന് ലഭ്യമായ ഔദ്യോഗിക കണക്കനുസരിച്ച് 75,43,536 പേർ ഇതുവരെ യാത്ര ചെയ്തു. ആഗസ്റ്റ് 31ന് യാത്രക്കാരുടെ എണ്ണം 75,38,769 ആയിരുന്നു. വാട്ടർ മെട്രോയുടെ നിലവിലെ ശൃംഖല വിപുലീകരിക്കുന്നതിനുള്ള നടപടികളും തുടരുകയാണ്. ഇടക്കൊച്ചി, വരാപ്പുഴ എന്നിവിടങ്ങളിൽ പുതിയ ടെർമിനലുകളും ഫ്ലോട്ടിംഗ് പോണ്ടൂണുകളും നിർമ്മിക്കുന്നതിനുള്ള ടെൻഡറുകളും കെ.എം.ആർ.എൽ ക്ഷണിച്ചിട്ടുണ്ട്. 50 സീറ്റുകളുള്ള 15 പുതിയ യാത്രാബോട്ടുകൾ രൂപകല്പന ചെയ്ത് നിർമ്മിച്ച് വിതരണം ചെയ്യുന്നതിനുള്ള നടപടികളും കെ.എം.ആർ.എൽ ആരംഭിച്ചു. കൂടുതൽ റൂട്ടുകളിലേക്ക് സർവീസ് വ്യാപിപ്പിക്കാനും നിലവിലെ സർവീസുകളുടെ ശേഷി വർദ്ധിപ്പിക്കാനുമാവും.
15 റൂട്ടുകൾ, 75 കിലോമീറ്ററിലേറെ ശൃംഖല
15 റൂട്ടുകളും 75 കിലോമീറ്ററിലേറെ ശൃംഖലയും 75ലേറെ ഇ-ബോട്ടുകളും വാട്ടർ മെട്രോയുടെ ഭാഗമാണ്. കൊച്ചിയിലെ ദ്വീപുകളെയും നഗരത്തിലെ പ്രധാന കേന്ദ്രങ്ങളെയും ജലമാർഗം ബന്ധിപ്പിക്കുന്ന രീതിയിലാണ് സംവിധാനം വികസിപ്പിച്ചത്. പദ്ധതിയിൽ 10 ദ്വീപുകളെ ബന്ധിപ്പിക്കുന്ന 38 ജെട്ടികളും 76.2 കിലോമീറ്റർ റൂട്ട് ദൈർഘ്യവും വിഭാവനം ചെയ്തിട്ടുണ്ട്. തിരക്കേറിയ സമയത്ത് 10 മുതൽ 20 മിനിറ്റ് വരെ ഇടവേളയിൽ സർവീസ് നടത്തുന്നതിനുള്ള സംവിധാനമാണ് വിഭാവനം ചെയ്തിരിക്കുന്നത്.
സൗത്ത് ചിറ്റൂർ, ചേരാനല്ലൂർ, ഏലൂർ, ഫോർട്ടുകൊച്ചി, വില്ലിംഗ്ടൺ ഐലൻഡ്, മട്ടാഞ്ചേരി, ഹൈക്കോടതി, കാക്കനാട്, വൈറ്റില, വൈപ്പിൻ തുടങ്ങിയ മേഖലകൾ വാട്ടർ മെട്രോയുടെ ടെർമിനൽ ശൃംഖലയിൽ ഉൾപ്പെടുന്നു.