പോക്കറ്റ് കാലിയാണെങ്കിലും കയറിച്ചെല്ലാം, ഈ വസ്ത്രക്കടയിൽ എല്ലാം സൗജന്യം

ബി. ഉണ്ണിക്കണ്ണൻ | Tue 22 Sep 2026 12:00 AM IST
photo
ചാത്തന്നൂർ കോതേരി എസ്.എൻ കോളേജ് ജംഗ്ഷനിലെ ചങ്ങാതീസ് സൗജന്യ വിപണന കേന്ദ്രത്തിൽ അഡ്വ. എൻ.ജയചന്ദ്രൻ

കൊല്ലം: പോക്കറ്റ് കാലിയാണെങ്കിലും കയറിച്ചെല്ലാം. ഇഷ്ടമുള്ള വസ്ത്രങ്ങൾ തിരഞ്ഞെടുക്കാം. സാരി, ചുരിദാർ, നൈറ്റി, ഷർട്ട്, കുട്ടികളുടെ ഫ്രോക്ക്... ഒന്നിലും പ്രൈസ് ടാഗില്ല. പണവും അടയ്ക്കേണ്ട. ഇത് ചാത്തന്നൂർ കോതേരി എസ്.എൻ കോളേജ് ജംഗ്ഷനിലുള്ള ചങ്ങാതീസ് സൗജന്യ വിപണന കേന്ദ്രം.
കൊല്ലം, പരവൂർ കോടതികളിൽ പ്രാക്ടീസ് ചെയ്യുന്ന അഭിഭാഷകനായ എൻ. ജയചന്ദ്രനാണ് ഉടമ.

പാവങ്ങൾക്കായി എന്തെങ്കിലും ചെയ്യണമെന്ന ചിന്തയിലാണ് വക്കീൽ ഓഫീസിനോട് ചേർന്നുള്ള കടമുറി വാടകയ്‌ക്കെടുത്തത്. കൈയിലുണ്ടായിരുന്ന പണം ഉപയോഗിച്ച് വസ്ത്രങ്ങൾ വാങ്ങി കഴിഞ്ഞ ഉത്രാടനാളിൽ പ്രവർത്തനം തുടങ്ങി. ഓണനാളുകളിൽ ദൂരെനിന്നടക്കം പാവങ്ങളെത്തി വസ്ത്രങ്ങളെടുത്ത് നന്ദി പറഞ്ഞ് മടങ്ങി.

രാവിലെ ഒൻപതു മുതൽ 10വരെയും വൈകിട്ട് അഞ്ചു മുതൽ രാത്രി എട്ടുവരെയും അഡ്വ. ജയചന്ദ്രൻ കടയിലുണ്ടാകും. അദ്ദേഹം കോടതിയിൽ പോകുന്ന സമയത്ത് വക്കീൽ ഓഫീസിലെ ജീവനക്കാരി കട നോക്കും. ആവശ്യക്കാർ പലരും സന്ധ്യയ്ക്കുശേഷമാണ് എത്തുന്നത്.

വക്കീൽ ഓഫീസിന് 20,000 രൂപ ഡെപ്പോസിറ്റും 2500 രൂപ വാടകയുമാണ്. സൗജന്യമായി സാധനങ്ങൾ നൽകുന്ന കട തുടങ്ങാനാണെന്ന് പറഞ്ഞപ്പോൾ കടയുടമ ഡെപ്പോസിറ്റ് പതിനായിരമാക്കിയും വാടക രണ്ടായിരമാക്കിയും കുറച്ചു.

റാക്ക് ഒഴിയുമ്പോൾ നിറയും

സുമനസുകൾ സഹായിക്കുന്നതിനാൽ ജയചന്ദ്രൻ അധികം പണം ചെലവാക്കാതെ തന്നെ കട നിറയുകയാണ്. ഓണത്തിനും വിവാഹത്തിനും പിറന്നാളിനും സമ്മാനമായി കിട്ടിയതിൽ തങ്ങൾക്ക് ഉപയോഗമില്ലാത്ത വസ്ത്രങ്ങളും പാത്രങ്ങളും ഇലക്ട്രിക് ഉപകരണങ്ങളും അടക്കം പലരും ചങ്ങാതീസ് കടയ്ക്ക് സമ്മാനിക്കുന്നുണ്ട്. ഒന്നോ രണ്ടോ തവണ ഉപയോഗിച്ച ശേഷം അലക്കിത്തേച്ച് എത്തിച്ച വസ്ത്രങ്ങളുടെ വിഭാഗവുമുണ്ട്.

MORE NEWS
കൊച്ചി വീണു, തൃശൂരിന് കരുത്തായത് 'സ്വർണം', മൂന്നാം സ്ഥാനത്ത് കോഴിക്കോട്: കേരളത്തിലെ മികച്ച നഗരം?
പാൽ ഉത്പാദനം ഗണ്യമായി കുറഞ്ഞു,​ ക്ഷീരകർഷകരുടെ പ്രതിസന്ധിക്ക് പിന്നിൽ ഈ കാരണങ്ങൾ
'സിപിഎം തകർന്നാൽ കേരളം ബിജെപി ഭരിക്കും, ജെൻസി കുട്ടികളിൽ വർഗീയത കുത്തിവയ്‌ക്കാനാകില്ല'
പട്ടികജാതി സ്ത്രീകളുടെ രക്ഷയ്ക്ക് ദാക്ഷായണി , സ്വയം തൊഴിലിന് 15 ലക്ഷം വരെ
JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.