വഡോദര: മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും രാഷ്ട്രീയ പ്രവർത്തകനുമായ യൂസഫ് പഠാന്റെ വർഷങ്ങൾ നീണ്ട ഭൂമിത്തർക്കത്തിന് ഗുജറാത്ത് സർക്കാരിന്റെ അനുമതിയോടെ ഒത്തുതീർപ്പായി. വഡോദരയിലെ താൻഡൽജയിൽ പഠാൻ കുടുംബത്തിന്റെ വീടിനോടു ചേർന്നുള്ള ഏകദേശം 0.247 ഏക്കർ ഭൂമിയുടെ പകുതി സൗജന്യമായി നൽകാനും ശേഷിക്കുന്ന പകുതി നിശ്ചിത തുക ഈടാക്കി കൈമാറാനുമാണ് ഗുജറാത്ത് സർക്കാരിന്റെ നീക്കം. ബാക്കി പകുതിയുടെ വില ഏകദേശം പത്ത് കോടി രൂപയാണെന്നാണ് റിപ്പോർട്ട്.
ദേശീയതലത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ച പ്രമുഖ കായികതാരങ്ങൾക്കായുള്ള പ്രത്യേക ആനുകൂല്യങ്ങൾ ഉപയോഗിച്ചാണ് വസ്തുവിന്റെ പകുതി സൗജന്യമായി നൽകാനുള്ള ക്രമീകരണമെന്ന് സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ചുകൊണ്ട് ദേശീയമാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഭൂമി കൈമാറ്റ നടപടികൾ പൂർത്തിയാക്കാൻ റവന്യൂ വകുപ്പിനും നഗരസഭയ്ക്കും നിർദേശം നൽകിയതായും റിപ്പോർട്ടിൽ പറയുന്നു.
2012ലാണ് താൻഡൽജയിലെ പഠാൻ കുടുംബവീടിനോടു ചേർന്നുള്ള ഭൂമി സ്വന്തമാക്കാനുള്ള ശ്രമം യൂസഫ് ആരംഭിച്ചത്. അന്താരാഷ്ട്ര ക്രിക്കറ്റ് താരമെന്ന നിലയിൽ സുരക്ഷയുമായി ബന്ധപ്പെട്ട ആശങ്കകളുണ്ടെന്നും അതിനാൽ ഭൂമി 99 വർഷത്തെ പാട്ടത്തിന് അനുവദിക്കണമെന്നുമായിരുന്നു ആവശ്യം. യൂസഫും സഹോദരൻ ഇർഫാൻ പഠാനും കുടുംബാംഗങ്ങളും മാതാപിതാക്കളും ഈ വീട്ടിലാണ് താമസിക്കുന്നത്. തുടക്കത്തിൽ ഭൂമി അനുവദിക്കുന്നതിനുള്ള നീക്കങ്ങളുണ്ടായെങ്കിലും പൊതുസ്വത്ത് സുതാര്യമായ ലേലത്തിലൂടെ മാത്രമേ കൈമാറാവൂ എന്ന നിലപാടിൽ അധികൃതർ പിന്നീട് ഉറച്ചുനിന്നു. ഇതോടെ വിഷയം വർഷങ്ങളോളം നിയമകുരുക്കിൽ തുടരുകയായിരുന്നു.
2024ൽ പശ്ചിമബംഗാളിലെ ബഹറാംപുർ ലോക്സഭാ മണ്ഡലത്തിൽ തൃണമൂൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിച്ച് വിജയിച്ചതിനു പിന്നാലെ വഡോദര മുനിസിപ്പൽ കോർപ്പറേഷൻ പഠാനെതിരെ കൈയേറ്റം ഒഴിയാൻ നോട്ടീസ് നൽകിയിരുന്നു. ബിജെപി ഭരിക്കുന്ന നഗരസഭയുടെ നടപടിയെ പഠാൻ ഹൈക്കോടതിയിൽ ചോദ്യം ചെയ്തു. അനുമതിയില്ലാതെ നഗരസഭയുടെ ഭൂമി കൈവശം വച്ചതും ആവശ്യമായ സാമ്പത്തിക നടപടികൾ പൂർത്തിയാക്കാത്തതും സംബന്ധിച്ച് ഹൈക്കോടതി അടുത്തിടെ കടുത്ത വിമർശനം ഉന്നയിച്ചതായാണ് വിവരം. തുടർന്ന് പഠാന്റെ അഭിഭാഷകർ കോടതിയിലുള്ള അപ്പീലുകൾ ഉപാധികളില്ലാതെ പിൻവലിച്ചു. ഇതോടെയാണ് ഭൂമി പ്രശ്നത്തിൽ പുതിയ ഭരണതല ചർച്ചകൾക്ക് വഴിതുറന്നത്.
പശ്ചിമബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ ജൂണിൽ തൃണമൂൽ കോൺഗ്രസിലെ 20 എം.പിമാർ പാർട്ടി വിട്ട് എൻ.സി.പി.ഐ എന്ന ചെറിയ രാഷ്ട്രീയ കൂട്ടായ്മയിൽ ലയിച്ച് എൻ.ഡി.എ പക്ഷത്തേക്ക് നീങ്ങിയെന്നതാണ് റിപ്പോർട്ടിലെ മറ്റൊരു പരാമർശം. ഇവരിൽ യൂസഫ് പഠാനും ഉൾപ്പെട്ടിരുന്നുവെന്നാണ് പറയുന്നത്.