ന്യൂഡൽഹി: ഇന്ത്യയിൽ ഭരണമാറ്റം ലക്ഷ്യമിട്ടുള്ള നീക്കങ്ങൾ നടക്കുന്നുണ്ടെങ്കിലും അത് വിജയിക്കില്ലെന്ന് ആർ.എസ്.എസ് മേധാവി മോഹൻ ഭാഗവത്. ഫ്രാൻസിലും ബംഗ്ലാദേശിലും നേപ്പാളിലും ഉണ്ടായ സംഭവങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. വിജയദശമി ദിനത്തിൽ നടത്തിയ വാർഷിക പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദഹം. തിരഞ്ഞെടുപ്പ് കമ്മിഷനെതിരായ പ്രതിഷേധങ്ങൾക്കിടെ ഭരണമാറ്റം സംബന്ധിച്ച ചർച്ചകൾ ശക്തമായ പശ്ചാത്തലത്തിലാണ് അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കിയത്.
പാശ്ചാത്യ രാജ്യങ്ങളിൽ വലിയ മാറ്റങ്ങളുടെ കാറ്റ് വീശുകയാണെന്നും ഫ്രാൻസിലും ബംഗ്ലാദേശിലും നേപ്പാളിലും സംഭവിച്ചത് പരിശോധിക്കണമെന്നും ഭാഗവത് പറഞ്ഞു. ഇന്ത്യയിലും സമാനമായ ശ്രമങ്ങൾ തുടരുന്നുണ്ട്. എന്നാൽ, ഉറച്ച തീരുമാനത്തോടെ രാജ്യം മുന്നോട്ടുപോകുകയാണെന്നും സമൂഹത്തിന്റെ കൂട്ടായ കരുത്ത് വർദ്ധിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. പ്രശ്നങ്ങൾ ഉയരുമ്പോൾ പ്രതിഷേധങ്ങളും പ്രക്ഷോഭങ്ങളും ഉണ്ടാകുന്നത് സ്വാഭാവികമാണെന്നും ഭാഗവത് പറഞ്ഞു. എന്നാൽ, അവയുടെ ലക്ഷ്യം പരിഹാരം കണ്ടെത്തലായിരിക്കണം. സമൂഹത്തിൽ ശത്രുത വളർത്താനാകരുത് ഒന്നും. പ്രവർത്തനങ്ങളിൽ മാന്യതയും മര്യാദയും പാലിക്കണമെന്നും അദ്ദേഹം ഓർമിപ്പിച്ചു.
വോട്ട് നേടാനോ ജനപ്രീതി സ്വന്തമാക്കാനോ വേണ്ടിയാകരുത് പ്രക്ഷോഭങ്ങളെന്നും ആർ.എസ്.എസ് മേധാവി പറഞ്ഞു. പ്രക്ഷോഭങ്ങൾകൊണ്ടുമാത്രം പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാകില്ല. സമൂഹത്തിനുള്ളിലെ സംവാദങ്ങളിലൂടെയും പരസ്പര ചർച്ചകളിലൂടെയുമാണ് യഥാർഥ പരിഹാരങ്ങൾ കണ്ടെത്തേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി. ജനങ്ങള ഭിന്നിപ്പിക്കുന്ന പ്രവണതകൾക്കെതിരെ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സാമൂഹിക സൗഹാർദം സംരക്ഷിക്കേണ്ടത് അനിവാര്യമാണെന്നും പ്രകോപനങ്ങളിൽപ്പെട്ട് വഴിതെറ്റരുതെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയെ ലോകത്തിന് വഴികാട്ടുന്ന രാഷ്ട്രമാക്കി (വിശ്വഗുരു) മാറ്റുകയെന്ന ലക്ഷ്യം മനസിൽ സൂക്ഷിച്ച് മുന്നോട്ടുപോകണമെന്നും ആഹ്വാനം ചെയ്തു.
രാജ്യത്തിന്റെ ഐക്യവും വൈവിദ്ധ്യവും സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യവും ഭാഗവത് പ്രസംഗത്തിൽ എടുത്തുപറഞ്ഞു. വ്യക്തിപരമായ അഹങ്കാരങ്ങൾ ഉപേക്ഷിക്കണം. സ്വന്തം ആരാധനാരീതികളെക്കുറിച്ചും മറ്റുള്ളവരുടെ വിശ്വാസങ്ങളെക്കുറിച്ചുമുള്ള തെറ്റിദ്ധാരണകൾ മാറ്റണമെന്നും അദ്ദേഹം പറഞ്ഞു. വൈവിദ്ധ്യത്തെ വേർതിരിവായി കാണുന്ന സമീപനവും ഉപേക്ഷിക്കണം. രാജ്യത്തോടുള്ള ഭക്തി, പൂർവികരിലുള്ള അഭിമാനം, ഭാരതീയ സംസ്‌കാരത്തോടുള്ള പ്രതിബദ്ധത എന്നീ മൂന്ന് ഘടകങ്ങൾ രാജ്യത്തെ ജനങ്ങളെ ഒന്നിപ്പിക്കുന്ന കണ്ണികളാണെന്നും ആർഎസ്‌എസ് മേധാവി ചൂണ്ടിക്കാട്ടി. ഈ മൂല്യങ്ങൾ ഹൃദയപൂർവം ഉൾക്കൊണ്ട് രാജ്യത്തിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവർത്തിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.