
കൊച്ചി: മെട്രോ റെയിൽ രണ്ടാംഘട്ടത്തിന്റെ കലൂർ സ്റ്റേഡിയം മുതൽ കാക്കനാട് സ്‌മാർട് സിറ്റി വരെയുള്ള പദ്ധതി പ്രദേശങ്ങൾ ഏഷ്യൻ ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ബാങ്ക് (എ.ഐ.ഐ.ബി )സംഘം സന്ദർശിച്ചു. സ്റ്റേഡിയം സ്‌റ്റേഷൻ മുതൽ പാലാരിവട്ടം സെന്റ് മാർട്ടിൻ പള്ളി വരെയുള്ള പദ്ധതി പ്രദേശം, വാഴക്കാല സ്റ്റേഷൻ, ചിറ്റേത്തുകര സ്റ്റേഷൻ, അവസാന സ്റ്റേഷൻ വരുന്ന കാക്കനാട് സ്മാർട്ട് സിറ്റി, കളമശ്ശേരിയിലെ മെട്രോ കാസ്റ്റിംഗ് യാർഡ്, ലേബർ ക്യാമ്പ് എന്നിവിടങ്ങളിലാണ് ഇവർ എത്തിയത്.
എ.ഐ.ഐ.ബി യുടെ 1016.24 കോടി രൂപയുടെ ധനസഹായത്തോടെയാണ് രണ്ടാംഘട്ട പാതയുടെ നിർമ്മാണം.
നീരജ ശുക്ല, ശിവ രാമകൃഷ്ണ ശാസ്ത്രി, ഖലിഖ മുഹമ്മദ്, ജതിൻ അറോറ, കെ.എം.ആർ.എൽ ഡയറക്ടർമാരായ ഡോ.എം.പി. രാം നവാസ്(പ്രോജക്ടസ്), സഞ്ജയ് കുമാർ(സിസ്റ്റംസ്) എന്നിവരാണ് സംഘാംഗങ്ങൾ.