
കൊച്ചി: പതിനാറുകാരന്റെ പുത്തൻ ഇലക്‌ട്രിക്ക് സൈക്കിളുമായി കടന്നത് 17കാരൻ. ഊരും പേരുമില്ലാത്ത സൈക്കിൾ കസ്റ്റഡിയിലെടുത്ത പൊലീസ് ഉടമയെ കണ്ടെത്താൻ പരക്കം പാഞ്ഞു. ദിവസങ്ങൾ നീണ്ട അന്വേഷണത്തിന് ഒടുവിൽ ഉടമയായ വിദ്യാർത്ഥിയെ കണ്ടെത്തി സൈക്കിൾ കൈമാറിയപ്പോൾ കടവന്ത്ര പൊലീസിന് ആശ്വാസവും അഭിമാനവും.
ഒരാഴ്ച മുമ്പാണ് സൈക്കിൾ കഥയ്ക്ക് തുടക്കം. എറണാകുളം സൗത്ത്സ്റ്റേഷന്റെ കിഴക്കേ പ്രവേശന കവാടത്തിന് മുന്നിലെ കർഷക റോഡിൽ നിന്നാണ് ഇലക്‌ട്രിക്ക് സൈക്കിളുമായി 17കാരൻ പിടിയിലായത്. വില കൂടിയ സൈക്കിളും തള്ളി വന്ന അന്യസംസ്ഥാന പയ്യനെ കണ്ടപ്പോൾ കടവന്ത്ര പൊലീസിന് സംശയം തോന്നി. ആർ.പി.എഫിന്റെ സഹായത്തോടെ ചോദ്യം ചെയ്തപ്പോൾ മോഷ്‌ടിച്ചതാണെന്ന് സമ്മതിച്ചു. തുടർന്ന് സൈക്കിൾ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി.
ദിവസങ്ങൾ നീണ്ട അന്വേഷണം, ഒടുവിൽ വിജയം
ഉടമയെ തിരിച്ചറിയാൻ സഹായിക്കുന്ന വിവരങ്ങൾ സൈക്കിളിൽ ഉണ്ടായിരുന്നില്ല. എറണാകുളം, പാലാരിവട്ടം ഭാഗങ്ങളിലെ ഇലക്ട്രിക് സൈക്കിളുകൾ വിൽക്കുന്ന 5 കടകളിൽ അന്വേഷിച്ചിട്ടും ഫലമുണ്ടായില്ല. ജില്ലയിലെ പൊലീസ് സ്റ്റേഷനുകളിൽ സൈക്കിൾ മോഷണത്തിന് ഒട്ടേറെ പരാതികളുണ്ടെങ്കിലും ഇലക്‌ട്രിക് സൈക്കിളുകൾ അക്കൂട്ടത്തിൽ ഇല്ല.
ഇതോടെ സൈക്കിളിന്റെ ചാസി നമ്പർ സഹിതം സൈക്കിൾ കമ്പനിക്ക് കടവന്ത്ര പൊലീസ് അയച്ച മെയിൽ ഫലം കണ്ടു. പാലാരിവട്ടത്തെ സൈക്കിൾ ഷോറൂമിൽ നിന്ന് വിറ്റ സൈക്കിളാണെന്നായിരുന്നു മറുപടി. എന്നാൽ ഷോറൂമിൽ സൈക്കിൾ വാങ്ങിയ ആളുടെ വിവരങ്ങൾ ലഭ്യമായിരുന്നില്ല. അടുത്തിടെ ഷോ റൂമിൽ അറ്റകുറ്റപ്പണിക്ക് കൊണ്ടുവന്ന സൈക്കിളുകളുടെ പട്ടിക പരിശോധിച്ചപ്പോൾ മോഷണം പോയ സൈക്കിൾ അക്കൂട്ടത്തിൽ പെട്ടതായി കണ്ടെത്തി.
കടത്തിയത് വൈറ്റിലയിൽ നിന്ന്
ചമ്പക്കര സ്വദേശിയുടെ നമ്പരിൽ ബന്ധപ്പെട്ടപ്പോൾ മകൻ സഞ്ജയിന്റെ സൈക്കിളെന്ന് സ്ഥിരീകരിച്ചു. ഒരാഴ്ച മുമ്പ് ട്യൂഷന് പോയപ്പോൾ വൈറ്റില മെട്രോ സ്റ്റേഷൻ പരിസരത്ത് നിന്ന് കാണാതായതാണ്. സൈക്കിൾ ഹാൻഡ്ലോക്ക് ചെയ്യാതിരുന്നതാണ് അബദ്ധമായത്. മരട് പൊലീസ് സ്റ്റേഷനിൽ വിളിച്ചു പറഞ്ഞെങ്കിലും പരാതി എഴുതി കൊടുത്തിരുന്നില്ല. ഇനിയൊരിക്കലും തിരിച്ചു കിട്ടില്ലെന്ന് കരുതിയ സൈക്കിൾ പൊലീസ് കണ്ടെടുത്തതറിഞ്ഞ് സഞ്ജയിന് സന്തോഷം. കഴിഞ്ഞദിവസം കടവന്ത്ര സ്റ്റേഷനിലെത്തി അന്വേഷണ ഉദ്യോഗസ്ഥൻ എസ്.ഐ ജിൻസോ കുര്യനിൽ നിന്ന് സൈക്കിൾ ഏറ്റുവാങ്ങി. ഉടമയെ കണ്ടെത്തിയ സംഘത്തിലെ എ.എസ്.ഐ കെ.ആർ രാജേഷ്, സീനിയർ സി.പി.ഒ പ്രശാന്ത് എന്നിവരും സന്നിഹിതരായിരുന്നു.