പൊതുജനങ്ങളുടെ ദൈനംദിന ജീവിതവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന റേഷൻകടകളെ നിത്യോപയോഗസാധനങ്ങൾ ലഭിക്കാനും അവശ്യ സേവനങ്ങൾക്കും ഉപകരിക്കുംവിധം വിപുലപ്പെടുത്താനുള്ള സർക്കാർനീക്കം സ്വാഗതാർഹമാണ്. റേഷൻകടകൾ സ്മാർട്ട് കടകളാക്കുമെന്ന പ്രഖ്യാപനം നേരത്തെ ഉണ്ടായെങ്കിലും അതിലും മികച്ച രീതിയിലായിരിക്കും കേരള സ്റ്റോർ എന്ന് നാമകരണം ചെയ്തിട്ടുള്ള കെ-സ്റ്റോറുകൾ ആരംഭിക്കുകയെന്നാണ് ഭക്ഷ്യ - പൊതുവിതരണ വകുപ്പുമന്ത്രി ജി.ആർ.അനിൽ വെളിപ്പെടുത്തിയിട്ടുള്ളത്. ഗ്രാമീണമേഖലകളിൽ ആദ്യഘട്ടത്തിൽ ആയിരം സ്റ്റോറുകൾ തുടങ്ങാനാണ് ലക്ഷ്യം. ഇതിനുള്ള പ്രാരംഭപ്രവർത്തനങ്ങൾ അടുത്തമാസം ആരംഭിക്കും. രണ്ടുവർഷംകൊണ്ട് സംസ്ഥാനത്തുടനീളം കെ-സ്റ്റോറുകൾ വ്യാപിപ്പിക്കാനും പദ്ധതിയുണ്ട്.
വിലക്കയറ്റം കൊണ്ട് പൊറുതിമുട്ടിയിരിക്കുകയാണ് ജനം. പെട്രോളിന്റെയും ഡീസലിന്റെയും പാചകവാതകത്തിന്റെയുമൊക്കെ വില റോക്കറ്റു പോലെയാണ് കുതിക്കുന്നത്. ഇതിനു പുറമേയാണ് നിത്യോപയോഗ സാധനങ്ങളുടെ വിലവർദ്ധന. പ്രതിമാസ കുടുംബ ബഡ്ജറ്റ് കൂട്ടിമുട്ടിക്കാൻ മദ്ധ്യവർഗം പോലും നെട്ടോട്ടമോടുകയാണ്. അപ്പോൾ പാവപ്പെട്ടവരുടെ കാര്യം പ്രത്യേകിച്ച് പറയേണ്ടതില്ല. ഇന്ധന നികുതിയുടെ കാര്യത്തിലാകട്ടെ കേന്ദ്രവും സംസ്ഥാനവും പരസ്പരം പഴിചാരുന്നതല്ലാതെ ജനങ്ങൾക്ക് സഹായകരമായ നിലപാട് കൈക്കൊള്ളുന്നില്ലെന്നത് നഗ്നമായ സത്യമാണ്. ഇന്ധനവില കൂടിയതിലൂടെത്തന്നെ ചരക്ക് ഗതാഗതച്ചെലവ് വർദ്ധിക്കുകയും അന്യസംസ്ഥാനങ്ങളിൽ നിന്നുമെത്തുന്ന ഉത്പന്നങ്ങൾക്കെല്ലാം സ്വാഭാവികമായി വില ഉയരുകയും ചെയ്തിട്ടുണ്ട്. ഉപഭോക്തൃ സംസ്ഥാനമായ കേരളത്തിന് താങ്ങാൻ പറ്റുന്നതല്ല ഈ സാഹചര്യം.
വിലക്കയറ്റം നിയന്ത്രിക്കാൻ രണ്ടായിരംകോടി രൂപ സർക്കാർ നീക്കിവച്ചതായി വാർത്തയുണ്ടായിരുന്നെങ്കിലും അതിന്റെ ഫലം പ്രായോഗികതലത്തിലെത്തിയോ എന്ന് സംശയമാണ്. പൊതുവിപണിയിൽ സജീവമായി ഇടപെട്ടാൽ മാത്രമേ ജനങ്ങൾക്ക് അല്പമെങ്കിലും ആശ്വാസം നൽകാൻ കഴിയൂ. അതുകൊണ്ടു തന്നെ ഈ നവഉദ്യമം ജനതയ്ക്ക് താങ്ങായി മാറണം.
കേരള സ്റ്റോറിൽ പതിവ് റേഷൻ ഉത്‌പന്നങ്ങൾക്കു പുറമേ പാലും പലവ്യഞ്ജനങ്ങളും വാങ്ങാനും ഇലക്ട്രിസിറ്റി ബില്ലും വാട്ടർ ബില്ലുമൊക്കെ അടയ്ക്കാനുമുള്ള സൗകര്യങ്ങളും ഉണ്ടാകും. ഫ്രണ്ട്സ് ജനസേവനകേന്ദ്രത്തിൽ ലഭ്യമാകുന്ന പല സർവീസുകളോടൊപ്പം മിനി എ.ടി.എമ്മും ഉണ്ടാകും. ജനങ്ങളുടെ സമയം ലാഭിക്കാനാകും വിധം എല്ലാ ആവശ്യങ്ങളും ഒരിടത്തു തന്നെ ലഭിക്കുന്നത് പ്രയോജനപ്രദമാകുമെന്നതിൽ സംശയമില്ല. സംസ്ഥാനത്തെ റേഷൻകടകളിൽ നല്ലൊരു പങ്കും പ്രവർത്തിക്കുന്നത് വളരെ ചെറിയ ഇടങ്ങളിലാണ്. വിപുലമായ രീതിയിൽ അവ മെച്ചപ്പെടുത്തണമെങ്കിൽ കൂടുതൽ സ്ഥലസൗകര്യങ്ങൾ ആവശ്യമാണ്. 350 മുതൽ 500 ചതുരശ്ര അടിവരെ വിസ്തീർണ്ണമുള്ള റേഷൻകടകളാണ് കേരള സ്റ്റോറുകളാക്കുക. അടുത്തഘട്ടത്തിൽ ആയിരം ചതുരശ്ര അടിയുള്ള മിനി ഷോപ്പിംഗ് സെന്ററുകളാക്കി മാറ്റാനും ആലോചിക്കുന്നുണ്ട്. കടകൾ മെച്ചപ്പെടുത്താൻ കുറഞ്ഞ പലിശയിൽ വായ്പ ലഭ്യമാക്കും. ബാങ്കിംഗ് മേഖലയുമായി ഇതിനുള്ള ചർച്ചകൾ നടത്തിയിട്ടുണ്ട്.
ഏതൊരു പരിഷ്‌കാരവും ജനോപകാരപ്രദമായാൽ മാത്രമേ വിജയിക്കൂ.
ഭക്ഷ്യപൊതുവിതരണ രംഗത്ത് മാതൃകാപരമായ പല നല്ല പദ്ധതികൾക്കും തുടക്കമിട്ട ഭാവനാസമ്പന്നനായ മന്ത്രിയാണ് ജി.ആർ.അനിൽ. അഴിമതിയ്‌ക്ക് കുപ്രസിദ്ധിയാർജ്ജിച്ച വകുപ്പിൽ അഴിമതിക്ക് കടിഞ്ഞാണിടാൻ ശക്തമായ നടപടികൾക്ക് മന്ത്രി മുൻകൈയെടുത്തിട്ടുണ്ട്. ഷോപ്പിംഗ് മാളുകളും മറ്റും സജീവമാകുന്ന കേരളത്തിൽ കാലം ആവശ്യപ്പെടുന്ന സംവിധാനങ്ങളോടെ റേഷൻകടകളും മാറുന്നത് പൊതുജനങ്ങൾക്ക് ഗുണകരമാകും. ആ നിലയ്ക്കുള്ള പ്രവർത്തനങ്ങൾ യാഥാർത്ഥ്യമായാൽ ഈ പുതിയ സംരംഭത്തെയും ജനങ്ങൾ ഏറ്റെടുക്കും.