പ്രതിപക്ഷ പ്രതിഷേധം മറയാക്കി സഭാസമ്മേളനം വെട്ടിച്ചുരുക്കി, സഭ അനിശ്ചിതകാലത്തേയ്ക്ക് പിരിഞ്ഞു

Tue 21 Mar 2023 11:05 AM IST
kerala-assembly

തിരുവനന്തപുരം: പ്രതിപക്ഷപ്രതിഷേധം ശക്തമായ സാഹചര്യത്തിൽ സഭാസമ്മേളനം വെട്ടിച്ചുരുക്കി സഭ അനിശ്ചിതകാലത്തേയ്ക്ക് പിരിഞ്ഞു. ഈ മാസം 30 വരെയായിരുന്നു സമ്മേളനം നിശ്ചയിച്ചിരുന്നത്. പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയത്തിന് ഇന്നും അനുമതി ലഭിച്ചിരുന്നില്ല. അവകാശങ്ങൾ നിഷേധിക്കുന്നുവെന്നാരോപിച്ച് പ്രതിപക്ഷം നടുത്തളത്തിലിറങ്ങി മുദ്രാവാക്യങ്ങൾ മുഴക്കിയതോടെ ഇന്നലെയും സഭാ നടപടികൾ ഇടയ്ക്ക് വച്ച് നിർത്തേണ്ടി വന്നിരുന്നു. ജനുവരി 23ന് ആരംഭിച്ച 15ാം നിയമസഭയുടെ എട്ടാം സമ്മേളനം 21 ദിവസത്തെ സിറ്റിംഗ് പൂർത്തിയാക്കി അവസാനിക്കുകയാണെന്ന് സ്പീക്കർ അറിയിച്ചു.

പ്രതിപക്ഷ പ്രതിഷേധത്താൽ സഭാനടപടികൾ അലങ്കോലമായാലും, സമ്മേളനം വെട്ടിച്ചുരുക്കി പിന്മാറേണ്ടെന്ന നിലപാടിലായിരുന്നു ഭരണപക്ഷം. 30വരെ സമ്മേളനം തുടരാൻ പ്രതിപക്ഷത്തിന്റെ അഭാവത്തിൽ ചേർന്ന കാര്യോപദേശകസമിതി യോഗം തീരുമാനിച്ചിരുന്നു. പ്രതിഷേധമുണ്ടായാൽ ചർച്ച കൂടാതെ നടപടിക്രമങ്ങൾ പൂർത്തിയാക്കാനായിരുന്നു നീക്കം. പൊതുജനാരോഗ്യ ബിൽ ഉൾപ്പെടെ ചില സുപ്രധാന നിയമനിർമാണങ്ങൾ വേണ്ടതിനാലാണ് സമ്മേളനം 30വരെ തുടരാൻ തീരുമാനിച്ചത്.

സഭയിലെ പ്രതിഷേധത്തിന്റെ ഭാഗമായി ചോദ്യോത്തര വേളയ്‌ക്കിടെ അഞ്ച് എം എൽ എമാർ നടുത്തളത്തിൽ അനിശ്ചിതകാല സത്യാഗ്രഹം തുടങ്ങിയിരുന്നു. അൻവർ സാദത്ത്, ഉമ തോമസ്, ടി ജെ വിനോദ്, കുറുക്കോളി മൊയ്തീൻ, എ കെ എം അഷ്റഫ് എന്നിവരാണ് സത്യാഗ്രഹമിരുന്നത്. പ്രതിപക്ഷ എം എൽ എമാർ സമരം ചെയ്യുന്നവർക്ക് അഭിവാദ്യം അർപ്പിക്കുകയും ചെയ്തു. ഇതിന് ശേഷമാണ് എട്ടാം സമ്മേളനത്തിൽ സഭയിൽ നടന്ന കാര്യങ്ങൾ വിവരിച്ച് സ്‌പീക്കർ‌ എ എൻ ഷംസീർ സഭ അനിശ്ചിതകാലത്തേയ്ക്ക് പിരിഞ്ഞതായി അറിയിച്ചത്. ബില്ലുകൾ അതിവേഗം അവതരിപ്പിച്ച് നടപടികളെല്ലാം പൂർത്തിയാക്കിയാണ് സഭ പിരിഞ്ഞത്.

രണ്ട് വനിതകൾ ഉൾപ്പെടെയുള്ള പ്രതിപക്ഷാംഗങ്ങൾക്ക് പരിക്കേറ്റ സംഭവത്തിൽ നടപടിക്കോ, ചർച്ചയ്ക്ക് പോലുമോ സർക്കാർ തയ്യാറാകാത്തതിനെതിരെ ചോദ്യോത്തരവേള സ്തംഭിപ്പിച്ചായിരുന്നു ഇന്നലെ പ്രതിപക്ഷത്തിന്റെ പ്രതിഷേധം. പ്ലക്കാർഡുകളും മുദ്രാവാക്യങ്ങളുമായി നടുത്തളത്തിലിറങ്ങിയ പ്രതിപക്ഷം സ്പീക്കറുടെ ഡയസിന് മുന്നിൽ നിലയുറപ്പിച്ചു. സ്പീക്കർ ചോദ്യോത്തരവേള തുടർന്നെങ്കിലും, പ്രതിഷേധം കനത്തതോടെ 29-ാം മിനിട്ടിൽ നടപടികൾ താത്കാലികമായി നിറുത്തിവച്ചു. പ്രതിപക്ഷ ബഹിഷ്കരണത്തിനിടെ, 11 മണിക്ക് കാര്യോപദേശകസമിതി യോഗം വീണ്ടും സഭ ചേർന്നെങ്കിലും സമവായം മുന്നിൽക്കണ്ട് സ്‌പീക്കർ നടത്തിയ റൂളിംഗും ഫലം കണ്ടില്ല. തുടർന്ന് നടപടിക്രമങ്ങൾ വേഗത്തിൽ പൂർത്തിയാക്കി, സഭ പിരിയുന്നതായി സ്പീക്കർ അറിയിക്കുകയായിരുന്നു.

അതേസമയം, പ്രതിപക്ഷത്തിന്റെ പ്രതിഷേധം ഇന്നും സഭാ ടിവിയിൽ കാണിച്ചില്ല. സഭാ നടപടികളുടെ സംപ്രേഷണത്തിൽ പ്രതിപക്ഷ പ്രതിഷേധത്തിന്റെ ദൃശ്യങ്ങളും ഉൾപ്പെടുത്തുന്ന പാർലമെന്റിലെ മാതൃക നിയമസഭയിലും സ്വീകരിക്കണമെന്ന നിർദ്ദേശം പരിശോധിക്കുമെന്ന് സ്പീക്കർ ഇന്നലെ റൂളിംഗിൽ വ്യക്തമാക്കിയിരുന്നു.

MORE NEWS
ഓണം കഴിഞ്ഞപ്പോള്‍ കേരളത്തിലെ 108 സ്ഥാപനങ്ങള്‍ പൂട്ടി, വരുംദിവസങ്ങളിലും പരിശോധന
കേരളത്തിൽ അഞ്ചു ദിവസം ചൂടുകൂടും,​ നാലു ജില്ലകൾക്ക് മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്
നിപ : ഒരാളുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്, സമ്പർക്ക പട്ടികയിൽ 268 പേർ
എഴുത്തുകാരിക്ക് നേരെ ലൈംഗികാതിക്രമം, വി കെ പ്രകാശിനെ അറസ്റ്റ് ചെയ്തു
JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.