നോയിഡ: വഴിയാത്രക്കാരായ യുവതികളെ സ്‌കൂട്ടറിലെത്തി പിന്തുടർന്ന് കത്രിക ഉപയോഗിച്ച് ആക്രമിച്ച പ്രതി പിടിയിൽ. മേയ് 22ന് ഉത്തർപ്രദേശിലെ ഗാസിയാബാദിലാണ് കേസിനാസ്പദമായ സംഭവം. സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുന്ന ഗാസിയാബാദ് സ്വദേശി അങ്കിത് വർമ്മയാണ് പിടിയിലായത്. സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പൊലീസ് കുടുക്കിയത്. പ്രതി ആക്രമണത്തിന് ഉപയോഗിച്ച സ്‌കൂട്ടറും കത്രികയും പൊലീസ് കണ്ടെടുത്തിട്ടുണ്ട്.
നോയിഡ സെക്ടർ-55 ലേക്കുള്ള റോഡിലൂടെ നടന്നുപോവുകയായിരുന്ന രണ്ട് യുവതികളെ പ്രതി പുറകിൽ നിന്നെത്തി പെട്ടെന്ന് ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ ഇരുവർക്കും പരിക്കേറ്റു. സംഭവത്തിന് പിന്നാലെ സെക്ടർ-58 പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം ആരംഭിക്കുകയുമായിരുന്നു.
പ്രതിയെ കണ്ടെത്താനായി സംഭവസ്ഥലത്തെയും പരിസരപ്രദേശങ്ങളിലെയും സിസിടിവി ദൃശ്യങ്ങൾ പൊലീസ് വിശദമായി പരിശോധിച്ചു. തുടർന്ന് ഫോൺ രേഖകളും മറ്റ് സാങ്കേതിക വിവരങ്ങളും പരിശോധിച്ചാണ് പ്രതി അങ്കിത് വർമ്മയാണെന്ന് പൊലീസ് തിരിച്ചറിഞ്ഞത്. ഒറ്റപ്പെട്ട വഴിയിലൂടെ നടന്നു പോകുന്ന സ്ത്രീകളെ ലക്ഷ്യമിട്ടാണ് പ്രതി ആക്രമണം നടത്തിയിരുന്നതെന്ന് പൊലീസ് വ്യക്തമാക്കി.
പുറകിൽ നിന്നെത്തി പെട്ടെന്ന് ആക്രമിച്ച ശേഷം ഇയാൾ സ്‌കൂട്ടറിൽ രക്ഷപ്പെടുകയായിരുന്നു പതിവ്. ക്രൂരമായ ആക്രമണത്തിന് പിന്നിലെ യഥാർത്ഥ കാരണം എന്താണെന്ന് കണ്ടെത്താൻ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. സമാനമായ മറ്റ് ആക്രമണങ്ങളിൽ ഇയാൾക്ക് പങ്കുണ്ടോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. മേൽനടപടികൾ പൂർത്തിയാക്കിയ ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |