നഗ്നദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണി: യുവാവ് അറസ്റ്റിൽ

Monday 25 May 2026 12:38 AM IST

കൊച്ചി: യുവതിയുടെ നഗ്നഫോട്ടോകൾ സമൂഹമാദ്ധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം വർക്കല കോട്ടുമൂല സജന മൻസിലിൽ സിദ്ധിഖ് എസ്. സലിമാണ് (24) കൊച്ചി സിറ്റി വനിതാ പൊലീസിന്റെ പിടിയിലായത്.

എറണാകുളം നഗരത്തിൽ താമസിക്കുന്ന അന്യജില്ലക്കാരിയായ യുവതിയുടെ പരാതിയിലാണ് അറസ്റ്റ്. ഓൺലൈൻ ഡാറ്റാ എൻട്രി ജോലി വാഗ്ദാനം ചെയ്താണ് യുവതിയുമായി പ്രതി ബന്ധപ്പെട്ടത്. വീഡിയോ കോൾ വഴിയായിരുന്നു ഇന്റർവ്യു. തുട‌ർന്ന് യുവതിയുമായി അടുപ്പം സ്ഥാപിച്ച് നഗ്ന ഫോട്ടോകൾ കൈവശപ്പെടുത്തി. ഇതിന് ശേഷം യുവതിയെ നിരന്തരം വീഡിയോ കോൾ ചെയ്ത് നഗ്നത പ്രദർശിപ്പിക്കാനും ചാറ്റ് ചെയ്യാനും പ്രേരിപ്പിച്ചെന്നാണ് കേസ്. ഇതിന് തയ്യാറായില്ലെങ്കിൽ കൈവശമുള്ള നഗ്ന ഫോട്ടോകളും വീഡിയോകളും ടെലഗ്രാമിൽ പ്രചരിപ്പിക്കുമെന്നും ഭീഷണി മുഴക്കി.

സിറ്റി വനിതാ പൊലീസും എറണാകുളം നോർത്ത് പൊലീസും ചേർന്ന് വർക്കലയിലെ വീട്ടിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. ഇയാളുടെ രണ്ട് മൊബൈൽഫോണുകളും കസ്റ്റഡിയിലെടുത്തു. ഈ ഫോണുകൾ ഉപയോഗിച്ചാണ് വീഡിയോ കോളുകൾ ചെയ്തത്. നിരവധി യുവതികളെ ഇതേ രീതിയിൽ ഇയാൾ ഭീഷണിപ്പെടുത്തിയതിന് തെളിവുകൾ ലഭിച്ചു. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.