പൂച്ചക്കാട് കവർച്ച കസ്റ്റഡിയിൽ പ്രതി വെളിപ്പെടുത്തി സ്വർണ്ണം കണ്ടെടുത്തത് കണ്ണൂരിലെ രഹസ്യ കേന്ദ്രത്തിൽ നിന്ന്
കാസർകോട് :പൂച്ചക്കാട് അരയാൽ തറയിലെ വീട്ടിൽ നിന്നും 45 പവൻ സ്വർണ്ണാഭരണങ്ങൾ കവർന്ന കേസിൽ നിരവധി മോഷണക്കേസുകളിൽ പ്രതിയായ തമിഴ്നാട് കോയമ്പത്തൂർ മേട്ടുപ്പാളയം ആലംകൊമ്പ് കരിമൊക്കൈ സ്വദേശി രാജൻ എന്ന നടരാജനെ (61) ബേക്കൽ സ്റ്റേഷൻ ഹൗസ് ഓഫീസർ ശിവം ഐ.പി.എസിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. മെയ് 9-ന് രാവിലെ 6.30-നും മെയ് 10-ന് ഉച്ചയ്ക്ക് 12 മണിക്കും ഇടയിലുള്ള സമയത്താണ് നാടിനെ നടുക്കിയ മോഷണം നടന്നത്. പൂച്ചക്കാട് അരയാൽ തറയിൽ ഹലീമ. കെ-യുടെ വീടിൻ്റെ വാതിൽ കുത്തിത്തുറന്നാണ് മോഷ്ടാവ് അകത്ത് കടന്നത്. വീട്ടിൽ സൂക്ഷിച്ചിരുന്ന 45 പവൻ്റെ സ്വർണ്ണാഭരണങ്ങൾ നഷ്ടപ്പെട്ട സംഭവത്തിൽ, ഹലീമയുടെ പരാതിയുടെ അടിസ്ഥാനത്തിൽ മെയ് 10-ന് ബേക്കൽ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു. ശാസ്ത്രീയമായ അന്വേഷണത്തിനൊടുവിൽ ഷൊർണൂർ പൊലീസ് പിടികൂടിയ പ്രതിയെ ബേക്കൽ പൊലീസ് അവിടെ എത്തി കസ്റ്റഡിയിൽ വാങ്ങി കൊണ്ടുവന്ന ശേഷം
മെയ് 19-നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ചിന്നത്തമ്പിയുടെ മകനായ ഇയാൾ മുമ്പും നിരവധി മോഷണക്കേസുകളിൽ ഉൾപ്പെട്ട സ്ഥിരം കുറ്റവാളിയാണ്. കോടതിയിൽ ഹാജരാക്കി റിമാൻഡിലായ പ്രതിയെ, കൂടുതൽ ചോദ്യം ചെയ്യുന്നതിനായി മെയ് 22-ന് പോലീസ് കസ്റ്റഡിയിൽ വാങ്ങി. കസ്റ്റഡിയിൽ നടന്ന വിശദമായ ചോദ്യം ചെയ്യലിലാണ് തൊണ്ടിമുതൽ ഒളിപ്പിച്ച സ്ഥലം പ്രതി വെളിപ്പെടുത്തിയത്. തുടർന്ന് പ്രതിയുമായി നടത്തിയ പരിശോധനയിൽ കണ്ണൂർ റെയിൽവേ സ്റ്റേഷന് സമീപമുള്ള നേതാജി റോഡിലെ ഒരു രഹസ്യ കേന്ദ്രത്തിൽ ഒളിപ്പിച്ച നിലയിൽ സ്വർണ്ണം കണ്ടെത്തുകയായിരുന്നു. മാല, മോതിരം, വള എന്നിവയടങ്ങുന്ന സ്വർണ്ണാഭരണങ്ങൾ പൂർണ്ണമായും പോലീസ് കസ്റ്റഡിയിലെടുത്തു. ബേക്കൽ എസ്.എച്ച്.ഒ ശിവം ഐ.പി.എസ്, ഇൻസ്പെക്ടർ അനിൽകുമാർ, സബ് ഇൻസ്പെക്ടർമാരായ മനോജ് കുമാർ കെ.വി, അഖിൽ സെബാസ്റ്റ്യൻ, സീനിയർ സിവിൽ പോലീസ് ഓഫീസർ റോജൻ എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയതും തൊണ്ടിമുതൽ അതിവിദഗ്ദ്ധമായി കണ്ടെടുത്തതും. പ്രതിയെ തുടർ നടപടികൾക്കായി വീണ്ടും കോടതിയിൽ ഹാജരാക്കും.