യുവാവിനെ തട്ടികൊണ്ടുപോയി മർദ്ദിച്ചു വഴിയിൽ ഉപേക്ഷിച്ചു; കർണാടക പൊലിസ് അന്വേഷണം ഉ‌ർജിതമാക്കി

Monday 25 May 2026 1:53 AM IST

സുൽത്താൻബത്തേരി: മൈസൂരിൽ നിന്ന് സുൽത്താൻബത്തേരിയിലേക്ക് കാറിൽ വരുകയായിരുന്ന യുവാവിനെ ഒരുസംഘം ആളുകൾ തട്ടികൊണ്ടുപോയി മർദ്ദിച്ച് വഴിയിൽ ഉപേക്ഷിച്ചതായി പരാതി. സുൽത്താൻബത്തേരി കാരകണ്ടി സ്വദേശി പാലത്തി വീട്ടിൽ ആസിഫ്(42)നെയാണ് തട്ടികൊണ്ടുപോയി മർദ്ദിച്ചത്. സംഭവത്തെകുറിച്ച് ആസിഫ് പറയുന്നത്; മൈസൂരുവിലെ സ്വകാര്യ ട്രാൻസ്‌പോർട്ട് കമ്പനിയിൽ ജോലി ചെയ്യുന്ന ആസിഫ് വ്യാഴാഴ്ച വൈകിട്ട് സുൽത്താൻബത്തേരിയിലേക്ക് കാറിൽ വരുന്ന വഴിയാണ് സംഭവം. വൈകിട്ട് ആറേമുക്കാലോടെ നഞ്ചൻകോടിനും ബേഗൂരിനുമിടയിൽ ഇരിക്കാട്ടിയെന്ന സ്ഥലത്തുവെച്ച് മറ്റൊരു കാറിലെത്തിയ നാലംഗ സംഘമാണ് ആസിഫിൻ്റെ കാറ് ആക്രമിച്ച് തട്ടികൊണ്ടുപോയത്. വാഹനം കാറിനെ കുറുകെയിട്ട് പുറത്തിറങ്ങിയ സംഘം ആസിഫ് സഞ്ചരിച്ച കാറിൻ്റെ വശങ്ങളിലെ ചില്ല് ഇരുമ്പ് ദണ്ഡ് കൊണ്ട് തകർത്തു. പിന്നീട് ആസിഫിനെ മുന്നിലെ സൈഡ് സീറ്റിലേക്ക് മാറ്റി നാലംഗ സംഘം വാഹനത്തിൽ കയറുകയായിരുന്നു. സംഘംവന്ന കാറ് തിരികെ പോകുകയും ചെയ്തു. സംഘത്തിലൊരാൾ കഴുത്തിൽ കത്തിവെച്ച് ശബ്ദമുണ്ടാക്കരുതെന്ന് ആവശ്യപ്പെട്ടു. പിന്നീട് കിലോമീറ്ററുകൾ ഓടിയശേഷം മറ്റൊരു കാറിൽ വേറൊരു സംഘമെത്തി. ആസിഫിനെ സംഘം വന്നകാറിലേക്ക് മാറ്റികയറ്റുകയും ആസിഫിൻ്റെ കാറുമായി സംഘം പോവുകയും ചെയ്തു. വീണ്ടും ഒരുപാട് കിലോമീറ്റർ ചുറ്റിതിരിഞ്ഞ് പോകുന്നതിനിടെ ആസിഫിൻ്റെ കാറ് കൊണ്ടുപോയ സംഘത്തിൽ നിന്ന് ആസിഫുമായി സഞ്ചരിക്കുന്ന കാറിലുള്ളവർക്ക് ഫോൺവന്നു. തുടർന്ന് ആളനക്കമില്ലാത്ത ഒറ്റപ്പെട്ട ഒരുസ്ഥലത്തേക്കാണ് ആസിഫിനെ കൊണ്ടുപോയത്. സ്ഥലത്തെത്തുമ്പോൾ തൻ്റെ കാറിൻ്റെ ഉൾഭാഗം പൂർണമായും നശിപ്പിച്ച നലിയിലായിരുന്നുവെന്നും പണമൊന്നും കിട്ടാതായതോടെയാണ് സംഘം തന്നെയും കാറും അവിടെ ഉപേക്ഷിച്ചുപോയതെന്നും ആസിഫ് പറയുന്നു.സംഘം തൻ്റെ കൈവശമുണ്ടായിരുന്ന ഫോണും എ.ടി.എം, ക്രെഡിറ്റ് കാർഡുകളും കൈവശപെടുത്തുകയും ചെയ്തു.

കാറ് ഓടിച്ചുകൊണ്ടുവരാൻ പറ്റാത്തവിധം നശിപ്പിച്ചതിനാൽ കിലോമീറ്ററുകൾ നടന്നാണ് ആസിഫ് ഉൾപ്രദേശത്ത് നിന്ന് ആളുകളുള്ള റോഡിലെത്തിയത്. പിന്നീട് രാത്രി പത്ത് മണിയോടെ പുറത്തെത്തിയ ആസിഫ് അവിടെയുണ്ടായിരുന്ന ഒരുകടയുടെ ഉടമസ്ഥൻ്റെ ഫോൺ വാങ്ങി വീട്ടിലേക്ക് വിളിച്ച് കാര്യങ്ങൾ ധിരിപ്പിക്കുകയായിരുന്നു. തുടർന്ന് ആദ്യം നഞ്ചൻകോട് പൊലിസ് സ്റ്റേഷനിലെത്തി വിവരങ്ങൾ ധരിപ്പിച്ചു. പൊലിസുമായി കാറ് നിറുത്തിയ സ്ഥലത്തെത്തി പരിശോധിച്ചു. സംഭവം നടന്ന സ്ഥലം ബേഗൂർ സ്‌റ്റേഷൻ പരിധിയിലായതിനാൽ അവിടെയെത്തി പരാതി നൽകാൻ നഞ്ചൻകോട് പൊലിസ് അറിയിച്ചു. തുടർന്ന് രാത്രി മൈസൂരിലേക്ക് പോവുകയും സുഹൃത്ത് മുഖേന സിമ്മ് ശരിയാക്കി. പിന്നീട് വെള്ളിയാഴ്ച രാവിലെ ബേഗൂർ സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു. ആസിഫുമായി സംഘം സഞ്ചരിച്ച റൂട്ടിലൂള്ള സി.സി.ടിവി ദൃശ്യങ്ങൾ പൊലിസ് പരിശോധിച്ചെങ്കിലും കൃത്യമായ വിവരങ്ങൾ ലഭിച്ചിട്ടില്ലെന്നാണ് ലഭിക്കുന്ന വിവരം. ഇതിനിടെ എ.ടി.എം കാർഡ് ഉപയോഗിച്ച് ഒമ്പതിനായിരം രൂപയോളം സംഘം എടുക്കുകയും ചെയ്തു. കുഴൽപണം കടത്തുന്നതും തട്ടിയെടുക്കുന്നതുമായ സംഘമായിരിക്കാം തന്നെ തട്ടികൊണ്ടുപോയതെന്നും മലയാളികളാണ് തന്നെ കടത്തികൊണ്ടുപോയതെന്നും പ്രതികളെ കണ്ടെത്തി ശിക്ഷിക്കണമെന്നുമാണ് ആസിഫ് ആവശ്യപെടുന്നത്.