SignIn
Kerala Kaumudi Online
Wednesday, 10 June 2026 1.57 AM IST

പ്രശസ്‌ത സിനിമാ നിർമ്മാതാവ് അച്ചാണി രവി അന്തരിച്ചു

READ ENGLISH VERSION
achani-ravi

കൊല്ലം: മലയാളത്തിലെ ക്ളാസിക്ക് സിനിമകളുടെ നിർമ്മാതാവും തൊഴിലാളികളുടെ പ്രിയപ്പെട്ട മുതലാളിയും സാംസ്‌കാരിക രംഗത്തെ സ്നേഹനക്ഷത്രവുമായ അച്ചാണി രവി (90) അന്തരിച്ചു. കെ.രവീന്ദ്രനാഥൻ നായർ എന്നായിരുന്നു മുഴുവൻ പേര്. 1967ൽ ജനറൽ പിക്ചേഴ്സ് ആരംഭിച്ചു കൊണ്ടാണ് സിനിമാ നിർമ്മാണത്തിലേക്ക് വന്നത്. സത്യൻ നായകനായ അന്വേഷിച്ചു കണ്ടെത്തിയില്ല ആയിരുന്നു ആദ്യ സിനിമ. കച്ചവട സിനിമകൾ കാശ് വാരിയ സമയം. പക്ഷെ പണമായിരുന്നില്ല ലക്ഷ്യം. അങ്ങനെ സമാന്തര സിനിമകളുടെ വക്താവായി. പി. ഭാസ്‌കരനും, എ. വിൻസെന്റും എം.ടിയും അടൂർ ഗോപാലകൃഷ്ണനും ജി. അരവിന്ദനും ജനറൽ പിക്ചേഴ്സിന്റെ ബാനറിൽ സിനിമകൾ സംവിധാനം ചെയ്‌തു.

14 സിനിമകൾ അദ്ദേഹം നിർമ്മിച്ചു. 1973ൽ അച്ചാണി വൻ ഹിറ്റായതോടെ അച്ചാണി രവി എന്ന് അറിയപ്പെട്ട് തുടങ്ങി. നാല് ലക്ഷം രൂപ ചെലവിൽ നിർമ്മിച്ച അച്ചാണി 14 ലക്ഷം ലാഭം നേടി. ഈ തുക ഉപയോഗിച്ചാണ് അദ്ദേഹം കൊല്ലം പബ്ലിക് ലൈബ്രറിയും സോപാനം ഓഡിറ്റോറിയവും പടുത്തുയർത്തിയത്. അതിപ്പോൾ ചിൽഡ്രൻസ് ലൈബ്രറിയും ആർട്ട് ഗാലറിയും സഹിതം കൊല്ലം നഗരത്തിന്റെ സാംസ്കാരിക കേന്ദ്രമാണ്.

സിനിമയിലെ സമഗ്ര സംഭാവനയ്‌ക്ക് 2008ൽ ജെ.സി. ഡാനിയേൽ പുരസ്കാരം നൽകി സർക്കാർ ആദരിച്ചു. കശുഅണ്ടി വ്യവസായത്തിലെ മുന്നേറ്റത്തിനും നിരവധി അവാർഡുകൾ ലഭിച്ചിട്ടുണ്ട്. അന്വേഷിച്ചു കണ്ടെത്തിയില്ല, കാട്ടുകുരങ്ങ്, ലക്ഷപ്രഭു, കാഞ്ചനസീത, തമ്പ്, കുമ്മാട്ടി, എസ്‌തപ്പാൻ, പോക്കുവെയിൽ, എലിപ്പത്തായം, മഞ്ഞ്, മുഖാമുഖം, അനന്തരം, വിധേയൻ എന്നിവയാണ് മറ്റു ചിത്രങ്ങൾ.

കൊല്ലത്തെ പ്രമുഖ കശുഅണ്ടി വ്യവസായിയായിരുന്ന കൊച്ചുപിലാംമൂട് കൃഷ്ണവിലാസം ബംഗ്ലാവിൽ വെണ്ടർ കൃഷ്ണപിള്ളയുടെയും നാണിയമ്മയുടെയും എട്ടു മക്കളിൽ അഞ്ചാമനായി 1933 ജൂലായ് മൂന്നിനായിരുന്നു രവിയുടെ ജനനം. പഠനത്തിൽ മിടുക്കനായിരുന്ന കെ.രവീന്ദ്രനാഥൻ നായർക്ക് മണിപ്പാൽ മെഡിക്കൽ കോളേജിൽ പിതാവ് കൃഷ്ണപിള്ള സീറ്റ് ഉറപ്പിച്ചിരുന്നു. പിതാവ് പെട്ടെന്ന് മരിച്ചതോടെ രവീന്ദ്രനാഥൻ നായർ ബിസിനസ് ഏറ്റെടുത്തു. അങ്ങനെ ആരംഭിച്ച വിജയലക്ഷ്‌മി കാഷ്യൂസ് സംസ്ഥാനത്തും പുറത്തുമായി 115 ഓളം ഫാക്ടറികളുള്ള വൻ സംരംഭമായി. അരലക്ഷത്തിലേറെ തൊഴിലാളികളും ഉണ്ടായിരുന്നു. ഇതിനിടയിലാണ് സിനിമയിലേക്ക് തിരിഞ്ഞത്.

ഗായികയായിരുന്ന ഭാര്യ ഉഷ രവി 2013ൽ അന്തരിച്ചു. മക്കൾ - പ്രതാപ് നായർ, പ്രീത, പ്രകാശ് നായർ. മരുമക്കൾ - രാജശ്രീ, സതീഷ് നായർ, പ്രിയ.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: ACHANI RAVI, PRODUCER
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY