കെ.സുകുമാരന്‍
ദിവംഗതനായിട്ട്
കാല്‍ നൂറ്റാണ്ട് കഴിഞ്ഞു. പക്ഷേ ഇന്നും 'പത്രാധിപര്‍' എന്ന് പറഞ്ഞാല്‍ അത്  പത്രാധിപര്‍ കെ. സുകുമാരനാണ്.കാര്യം അത്രമാത്രം ആ നാമധേയം കേരളത്തിന്റെ രാഷ്ട്രീയ, സാമൂഹ്യ, സാംസ്‌കാരിക മണ്ഡലങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്നു. അചഞ്ചലമായ ആത്മവിശ്വാസവും അസാധാരണമായ ബുദ്ധിശക്തിയും അനുകരിക്കാനാവാത്ത കഠിനാധ്വാനവും
കൊണ്ട് അദ്ദേഹം പത്രലോകത്തിലെ അദ്ഭുത
പ്രതിഭയായി മാറി. ഉയരങ്ങള്‍ കീഴടക്കിയപ്പോഴും ദീനാനുകമ്പയും സേവനോത്സുകതയും ആ വലിയ മനസ്സിന്റെ മുഖമുദ്രയായിരുന്നു.

വാരികയായി കൊല്ലത്തിനടുത്തുള്ള മയ്യനാടെന്ന ഗ്രാമത്തില്‍ നിന്നും പ്രസിദ്ധീകരിച്ചു തുടങ്ങിയ കേരളകൗമുദിയെ ദിനപത്രമാക്കി തലസ്ഥാനനഗരിയില്‍ നിന്നാരംഭിച്ചതും ത്യാഗത്തിന്റെയും കഷ്ടപ്പാടിന്റെയും കഠിനാദ്ധ്വാനത്തിന്റെയും ഫലമായി ഇന്ന് നാം കാണുന്ന രൂപഭാവങ്ങള്‍ അതിനുണ്ടാക്കിയതും പത്രാധിപരാണ്. കേരളകൗമുദിയുടെ ചരിത്രവും കെ. സുകുമാരന്റെ ജീവിതവും വേറിട്ടല്ല, പരസ്പര പൂരകങ്ങളായാണ് നില്‍ക്കുന്നത്. രാത്രിയിലെ ജോലികള്‍ പൂര്‍ത്തിയാക്കി പത്രം അച്ചടിച്ച് മടക്കി കെട്ടിഅയച്ചുകഴിയുമ്പോഴേക്കും നേരം പുലരാറായിരിക്കും. പിന്നെ പ്രസിന്റെ ചുവട്ടില്‍ത്തന്നെ കിടന്നുറങ്ങിയ നാളുകളെക്കുറിച്ച് അദ്ദേഹം പലപ്പോഴും പറയുമായിരുന്നു. പത്രപ്രവര്‍ത്തനം ആദായകരമായ ബിസിനസ്സായി മാറിയിട്ടില്ലാത്ത അക്കാലത്ത് സര്‍ക്കാരുദ്യോഗം വലിച്ചെറിഞ്ഞ് ജീവിതസുരക്ഷിതത്വമില്ലാത്ത മേഖലയിലേക്ക് അദ്ദേഹം വഴിതിരിയാന്‍ തീരുമാനിച്ചത് കേരളീയ സമൂഹത്തിന്റെ വിശേഷിച്ച് പിന്നോക്ക ജനവിഭാഗങ്ങളുടെ പുണ്യമായി ഭവിച്ചു എന്നേ പറയേണ്ടു.

മയ്യനാട്ടെ പ്രസിദ്ധമായ പാട്ടത്തില്‍ തറവാട്ടില്‍ സി.വി. കുഞ്ഞുരാമന്റെയും കൊച്ചിക്കാവിന്റെയും മകനായി 1078 ധനു 23നു (1903 ജനുവരി 8) ഭരണി നക്ഷത്രത്തില്‍ സുകുമാരന്‍ ജനിച്ചു.  സുകുമാരന്റെ പ്രാഥമികവിദ്യാഭ്യാസം വെള്ളമണല്‍ സ്‌കൂളിലായിരുന്നു. പിതാവായ സി.വി. കുഞ്ഞുരാമനായിരുന്നു ഹെഡ്മാസ്റ്റര്‍. പരവൂര്‍, കൊല്ലം എന്നിവിടങ്ങളിലായി സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. മധുര അമേരിക്കന്‍ കോളേജിലാണ് ഇന്റര്‍മിഡിയറ്റിന് പഠിച്ചത്. തുടര്‍ന്ന് തിരുവനന്തപുരം സയന്‍സ് കോളേജില്‍ നിന്ന് (ഇന്നത്തെ യൂണിവേഴ്‌സിറ്റി കോളേജ്) ബി. എ പാസ്സായി. പിന്നീട് പൊലീസ് കമ്മീഷണറാഫീസില്‍ ക്ലാര്‍ക്കായി ജോലിയില്‍ പ്രവേശിച്ചു. അധികം താമസിയാതെ സബ് ഇന്‍സ്‌പെക്ടറാകാം എന്നദ്ദേഹം പ്രതീക്ഷിച്ചിരുന്നു. അതിനായി അപേക്ഷയും കൊടുത്തു. എല്ലാ അര്‍ഹതയും യോഗ്യതയും ഉണ്ടായിരുന്നെങ്കിലും എന്തോ കാരണത്താല്‍ സുകുമാരന്റെ അപേക്ഷ പരിഗണിച്ചില്ല. അഭിമാനിയായ സുകുമാരന്‍ പിന്നെ അവിടെ നിന്നില്ല. ഉദ്യോഗം രാജി വച്ചശേഷം അദ്ദേഹം നേരെ പോയത് കേരളകൗമുദി ഓഫീസിലേക്കായിരുന്നു. സി.വി. കുഞ്ഞുരാമനായിരുന്നു അന്ന് കേരളകൗമുദിയുടെ പത്രാധിപര്‍. ഇടക്കാലത്ത് കേരളകൗമുദിയുടെ പ്രസിദ്ധീകരണം നിലച്ചിരുന്നു. അങ്ങനെ മുടങ്ങിക്കിടന്ന കേരളകൗമുദിയെ ദിനപത്രമാക്കി കെ.സുകുമാരന്‍ ഉയര്‍ത്തെഴുന്നേല്പിച്ചു. ജനാധിപത്യത്തിനും സ്വാതന്ത്ര്യത്തിനും സാമൂഹ്യപുരോഗതിക്കുംവേണ്ടി വിട്ടുവീഴ്ചയില്ലാതെ പൊരുതുന്ന ഒരു പടവാളായാണ് അദ്ദേഹം കേരളകൗമുദിയെ കണ്ടത്. താന്‍ ഉയര്‍ത്തിപ്പിടിക്കുന്ന വിശ്വാസ പ്രമാണങ്ങള്‍ക്കുവേണ്ടി അദ്ദേഹം തൂലിക ചലിപ്പിച്ചു. അതേസമയം അതിനെതിരായ അഭിപ്രായങ്ങള്‍ക്കും തന്റെ പത്രത്തില്‍ അദ്ദേഹം സ്ഥാനം നല്‍കി. മലയാള പത്രപ്രവര്‍ത്തനരംഗത്ത് ഇത് പുതിയ ഒരനുഭവമായിരുന്നു. കേരളകൗമുദിയില്‍ വരുന്ന വാര്‍ത്തകള്‍ സത്യസന്ധമായിരിക്കണമെന്ന് അദ്ദേഹത്തിന് നിര്‍ബന്ധമുണ്ടായിരുന്നു. അതുകൊണ്ടുതന്നെ ഈ വിശ്വാസ്യത കേരളകൗമുദിയുടെ മുഖമുദ്രയായി മാറി.

മലയാള സാഹിത്യത്തിലെ എക്കാലത്തെയും മികച്ച ശൈലീവല്ലഭന്‍മാരില്‍ ഒരാളായിരുന്നു സി.വി. കുഞ്ഞുരാമന്‍. അദ്ദേഹത്തിന്റെ ഭാഷാശൈലിയുടെ ചൂരും ചൂടും മകന്‍ സുകുമാരനും ജന്മസിദ്ധമായി കിട്ടി. ആ സിദ്ധിവിശേഷം അളന്നുതൂക്കി ആവശ്യങ്ങള്‍ക്കനുസരിച്ച് പ്രയോഗിക്കുവാന്‍ അദ്ദേഹം കാണിച്ച വൈഭവം ഒന്നുകൊണ്ടുമാത്രമാണ് കേരളകൗമുദിക്ക് സ്വന്തമായ ഒരു ഭാഷാശൈലിയും, സ്വരവും, വീക്ഷണവും ഉണ്ടായത്. ധീരവും സ്വതന്ത്രവുമായ പത്രപ്രവര്‍ത്തനം എന്തെന്നറിയാന്‍ നിര്‍ണ്ണായക വിഷയങ്ങളിലുള്ള കേരളകൗമുദിയുടെ അക്കാലങ്ങളിലെ മുഖപ്രസംഗങ്ങള്‍ പരിശോധിച്ചാല്‍ മതിയാകും. തല്ലേണ്ടിടത്ത് തല്ലാനും തലോടേണ്ടിടത്ത് തലോടാനും അദ്ദേഹം ഒരു മടിയും കാണിച്ചിരുന്നില്ല. വിമര്‍ശനങ്ങള്‍ അങ്ങേയറ്റം പക്വവും പ്രതിപക്ഷ ബഹുമാനത്തോടുകൂടിയതും ആയിരിക്കാന്‍ അദ്ദേഹം പരമാവധി ശ്രദ്ധിച്ചു; അതേസമയം എതിര്‍പ്പിന്റെ കുന്തമുന കുത്തി ഒടിക്കുന്നതിനും സ്വന്തം സമുദായത്തിന്റെ താല്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനോടൊപ്പം അന്യസമുദായങ്ങളുടെ അവകാശങ്ങളും വികാരങ്ങളും മാനിക്കുന്നതിലും അദ്ദേഹം ശ്രദ്ധാലുവായിരുന്നു.

1116 മകരം 6ന് കെ. സുകുമാരന്‍ വിവാഹിതനായി. പരവൂര്‍ കൊച്ചുകടകം വീട്ടില്‍ കെ. എന്‍. നാരായണന്റെയും മയ്യനാട് പാട്ടത്തില്‍ വീട്ടില്‍ ഗൗരിക്കുട്ടിയമ്മ (സി.വി. കുഞ്ഞുരാമന്റെ ഇളയ സഹോദരി) യുടെയും മകള്‍ മാധവിയായിരുന്നു വധു. ഈ ദമ്പതികള്‍ക്ക് എം.എസ്. മണി, എം.എസ് മധുസൂദനന്‍, എം.എസ്. ശ്രീനിവാസന്‍, എം.എസ്. രവി എന്നീ നാല് ആണ്‍കുട്ടികള്‍ ജനിച്ചു. ഇവര്‍ നാലുപേരും ഇപ്പോള്‍ കേരളകൗമുദി എന്ന മഹാപ്രസ്ഥാനത്തിന്റെ ഭരണകാര്യങ്ങള്‍ ഭംഗിയായി നിര്‍വഹിച്ചുകൊണ്ടിരിക്കുന്നു. പിതാവിന്റെ പാത പിന്‍തുടര്‍ന്ന് പത്രാധിപരായി ശോഭിക്കുന്ന എം.എസ് മണിയുടെ ശക്തവും ധൈഷണികവുമായ നേതൃത്വം കേരളകൗമുദിക്ക് പുരോഗതിയുടെയും ഐശ്വര്യത്തിന്റെയും പുതിയ മാനങ്ങള്‍ പകരാന്‍ വളരെയധികം ഉപകരിച്ചിട്ടുണ്ട്.

അവശജനവിഭാഗങ്ങളുടെയും തൊഴിലാളികളുടെയും അവകാശങ്ങള്‍ സംരക്ഷിക്കുന്നതില്‍ കേരളകൗമുദിയും അതിന്റെ പത്രാധിപര്‍ കെ. സുകുമാരനും കാണിച്ച ആത്മാര്‍ത്ഥതയും അര്‍പ്പണ മനോഭാവവും എത്ര പ്രശംസിച്ചാലും അധികമാവില്ല. സംവരണം എന്ന സാമൂഹ്യനീതിയുടെ സംരക്ഷണം കെ. സുകുമാരന്‍ സ്വയംഏറ്റെടുത്തില്ലായിരുന്നുവെങ്കില്‍ പതിറ്റാണ്ടുകള്‍ മുമ്പുതന്നെ സംവരണം എന്ന സംവിധാനംതന്നെ പൊളിച്ചടുക്കുമായിരുന്നു. 'സാമ്പത്തിക സംവരണം' എന്ന ആശയം ഇന്ത്യയില്‍ ആദ്യമായി അവതരിപ്പിച്ചത് (1957ലെ ഭരണപരിഷ്‌കാര കമ്മിറ്റിയുടെ റിപ്പോര്‍ട്ട്) ഇ.എം ശങ്കരന്‍ നമ്പൂതിരിപ്പാടായിരുന്നു. 57-ലെ കമ്മ്യൂണിസ്റ്റ് ഗവണ്‍മെന്റിനെ അധികാരത്തിലെത്തിക്കുന്നതിനും ആ അധികാര സ്ഥാനത്ത് അവരെ നിലനിര്‍ത്തുന്നതിനും അങ്ങേയറ്റം ആത്മാര്‍ത്ഥത കേരളകൗമുദി കാണിച്ചിരുന്നു. പക്ഷേ പിന്നോക്ക സമുദായങ്ങളുടെ താല്പര്യങ്ങള്‍ക്കും അവരുടെ ഭാവി നിലനില്പിനുതന്നെയും ദോഷം ചെയ്യുന്ന സാമ്പത്തിക സംവരണവാദം-ആപ്പിന്റെ ഉഗ്രമായ അഗ്രം- ശ്രീനാരായണ ശിഷ്യന്‍മാരുടെ അണ്ണാക്കില്‍ അതിസമര്‍ത്ഥമായി അടിച്ചുകയറ്റിയിരിക്കുന്നു എന്ന് മുഖ്യമന്ത്രി നമ്പൂതിരിപ്പാടിനെ ഇരുത്തിക്കൊണ്ടുപറയാന്‍ കെ. സുകുമാരനല്ലാതെ അധികമാരും തന്റേടം കാണിക്കുമായിരുന്നില്ല. കോടതിവിധികളുടെയും അധികാരത്തിലിരുന്ന രാഷ്ട്രീയ കക്ഷികളുടെ ഒളിഞ്ഞും തെളിഞ്ഞുമുള്ള കള്ളക്കളികളുടെയും ഫലമായി ഇന്ന് ഇന്ത്യ മുഴുവന്‍ സാമ്പത്തികസംവരണം ഏതാണ്ട് നടപ്പായിക്കഴിഞ്ഞിരിക്കുന്നു എന്നറിയുമ്പോഴാണ് അഞ്ച്പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ഈ സ്ഥിതിവിശേഷത്തെ ദീര്‍ഘദര്‍ശനം ചെയ്യാനും അതിനെ പ്രതിരോധിക്കാനും തയ്യാറായ കെ. സുകുമാരന്‍ എന്ന അദ്ഭുത പ്രതിഭയുടെ മാറ്റും മഹത്വവും മനസ്സിലാവുക.

വളരെ കുറച്ചുവേദികളിലേ അദ്ദേഹം പ്രസംഗകനായി പ്രത്യക്ഷപ്പെട്ടിട്ടുള്ളൂ. തന്റെ പന്ത്രണ്ടാമത്തെ വയസ്സില്‍ എസ്.എന്‍.ഡി.പി യോഗത്തിന്റെ 12-ം വാര്‍ഷിക സമ്മേളനത്തിലായിരുന്നു കെ. സുകുമാരന്റെ കന്നിപ്രസംഗം. മഹത്തായ എസ്.എന്‍.ഡി.പി യോഗം പിറവിയെടുത്ത അതേ പുണ്യനാളില്‍തന്നെ ഭൂജാതനായി, സമുദായത്തോടൊപ്പം വളര്‍ന്ന് സമുദായത്തിന്റെ ആശയും ആവേശവുമായി അദ്ദേഹം. അതിനുമപ്പുറം സമുദായത്തിന്റെ ആചാര്യനായി മാറിയ കെ. സുകുമാരന്റെ പ്രസംഗങ്ങള്‍ കേരളചരിത്രത്തില്‍ത്തന്നെ പുതിയ അധ്യായങ്ങള്‍ എഴുതിചേര്‍ക്കുകയുണ്ടായി..

 

 


1957-ലെ ചരിത്രപ്രസിദ്ധമായ കുളത്തൂര്‍ പ്രസംഗത്തിന്റെ അലകള്‍ അഞ്ചുപതിറ്റാണ്ടുകഴിഞ്ഞ ഇന്നും കേരളീയാന്തരീക്ഷത്തില്‍ മറ്റൊലിക്കൊള്ളുന്നു. പിന്നോക്ക സമുദായങ്ങളുടെ കഴുത്തിന് കത്തിവയ്ക്കുന്നതിന് പര്യാപ്തമായ അഡ്മിനിസ്‌ട്രേറ്റീവ് റിഫോംസ് കമ്മിറ്റിയുടെ റിപ്പോര്‍ട്ട് അതിന്റെ സൂത്രധാരനായ ഇ.എം. ശങ്കരന്‍ നമ്പൂതിരിപ്പാടിന്റെ സാന്നിദ്ധ്യത്തില്‍ പത്രാധിപര്‍ പിച്ചിച്ചീന്തിയെറിഞ്ഞു. (ഇ.എം.എസ് അന്ന് മുഖ്യമന്ത്രിയാണ്) കേരളത്തിന്റെ രാഷ്ട്രീയ സാമൂഹ്യ മണ്ഡലങ്ങളില്‍ ഒരു കൊടുങ്കാറ്റായി മാറി ഈ പ്രസംഗം. ചരിത്രപരമായ കാരണങ്ങളാല്‍ നൂറ്റാണ്ടുകളായി അവശതയനുഭവിക്കുന്ന പിന്നോക്ക ജനവിഭാഗങ്ങള്‍ക്ക് കിട്ടിയിട്ടുള്ള പ്രത്യേക പരിരക്ഷയായ സംവരണം അവസാനിപ്പിക്കാന്‍ നമ്പൂതിരിപ്പാട് തുനിഞ്ഞപ്പോള്‍ പത്രാധിപര്‍ക്ക് കൈയും കെട്ടി ഇരിക്കാന്‍ കഴിഞ്ഞില്ല. കേരള രാഷ്ട്രീയത്തിലെ ഓരോ ചലനവും അതീവ ശ്രദ്ധയോടും സൂക്ഷ്മതയോടും കൂടി നിരീക്ഷിച്ചുകൊണ്ടിരുന്ന പത്രാധിപര്‍ക്കല്ലാതെ മറ്റാര്‍ക്കും റിഫോംസ് കമ്മിറ്റിയുടെ റിപ്പോര്‍ട്ട് പാസായാലുള്ള ഗുരുതരമായ ഭവിഷ്യത്തിനെക്കുറിച്ച് ബോധമുണ്ടായിരുന്നില്ല. മൈതാന പ്രസംഗങ്ങളില്‍ മാത്രം മതേതരത്വം ഒതുക്കിനിര്‍ത്തുന്ന ആളുകളുടെ അകത്തെ പൂണൂല്‍ പുറത്തെടുത്ത് കാട്ടാന്‍ പത്രാധിപര്‍ക്ക് കഴിഞ്ഞു. ഭാഷയുടെ പ്രത്യേകതയും പ്രയോഗത്തിന്റെ ചാരുതയും തുളച്ചുകയറുന്ന വാക്കുകളുടെ സംവേദനക്ഷമതയും എന്തെന്നറിയാന്‍ ആ പ്രസംഗത്തിന്റെ ഏതാനും ഭാഗങ്ങള്‍ ചുവടെ ചേര്‍ക്കുന്നുഃ-

'.... അവിടെ (കണ്ണൂര്‍) മധ്യപ്രായം കഴിഞ്ഞിരുന്ന പോക്കന്‍ എന്നൊരു ചെത്തുകാരനും അദ്ദേഹത്തിന്റെ ഭാര്യയും താമസിച്ചിരുന്ന ഓടുമേഞ്ഞതെങ്കിലും മൂന്ന് മുറികള്‍ മാത്രമുള്ള ഒരു ചെറിയ ഭവനമുണ്ടായിരുന്നു. അതില്‍ 7 അടി നീളം, 5 അടി വീതി 6 അടി പൊക്കമുള്ള ഒരു മുറിയിലാണ് എല്ലാ മനുഷ്യാവശ്യങ്ങളും നിര്‍വഹിച്ചുകൊണ്ട് നമ്മുടെ മുഖ്യമന്ത്രി രണ്ടുകൊല്ലംതാമസിച്ച് കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ അടിസ്ഥാനശില പാകിയത്. പോക്കന്‍ സമ്പാദിച്ച ചോറും മീനും ശ്രീമതി പോക്കന്‍ വിളമ്പിക്കൊടുത്ത് കാക്കയും കിളിയും കൊത്തിക്കൊണ്ടുപോകാതെ നമ്മുടെ മുഖ്യമന്ത്രിയെ രണ്ടുകൊല്ലം ഭദ്രമായി കാത്തു സൂക്ഷിച്ചുസംരക്ഷിച്ചു. ചെത്തുകാരന്റെ വംശപരമ്പരയില്‍പ്പെട്ട പോക്കനും പോക്കിയും കാത്തു സൂക്ഷിച്ചതുകൊണ്ടായിരിക്കാം ബ്രിട്ടീഷ് സിംഹാസനം വാഗ്ദാനം ചെയ്ത ആ ആയിരം രൂപ ഇ.എം.എസിനെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് പാരിതോഷികം ഇന്നും ചെലവാകാതെ സര്‍ക്കാര്‍ ഭണ്ഡാരത്തില്‍ തന്നെ കിടക്കുന്നത്. അങ്ങനെയുള്ള ഈ ഇ.എം.എസ് മണ്ടയിലിരിക്കുന്ന കമ്മിറ്റി അതില്‍ ഈവഴനില്ലാത്ത തക്കം നോക്കി നീതികേടു കാണിക്കുമെന്ന് ഞാന്‍ പ്രതീക്ഷിച്ചതുമില്ല. കഴിഞ്ഞ ദിവസമാണ് ആ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് എന്റെ കൈയില്‍ കിട്ടിയത്. അതിന്റെ പുറങ്ങള്‍ മറിച്ചു നോക്കിയതിനിടയില്‍ ഒരുഭാഗം എന്റെ ശ്രദ്ധയില്‍പ്പെട്ടു. കാര്യക്ഷമത നശിക്കുമത്രേ. ആപ്പിന്റെ ഉഗ്രമായ അഗ്രം തന്നെ അതിസമര്‍ത്ഥമായി ജാതിക്കെതിരായി പടവെട്ടുകയും കമ്മ്യൂണിസത്തിന്റെ വളര്‍ച്ചയെ സഹായിക്കുകയും ചെയ്ത ശ്രീനാരായണ ശിഷ്യന്‍മാരുടെ അണ്ണാക്കില്‍ അടിച്ച് കയറ്റിയിരിക്കുന്ന അതിവിചിത്രമായഒരു ചിത്രമാണ് ഞാന്‍ അവിടെ കണ്ടത്. നാരായണഗുരുവിന്റെകൊടിക്കീഴില്‍ അണിനിരന്നു നിന്നുകൊണ്ട് അരശതാബ്ദക്കാലത്തെ അതികഠിനമായ ത്യാഗത്തിന്റെയും പ്രയത്‌നത്തിന്റെയും ഫലമായി പിടിച്ചുപറ്റിയ അവകാശങ്ങള്‍ ഈഴവന്റെ ഭരണമെന്ന് ചില സവര്‍ണ്ണപ്പത്രങ്ങള്‍ കൂടെക്കൂടെ മുള്ളുവാക്ക് പറയാറുള്ള കമ്മ്യൂണിസ്റ്റ് ഭരണത്തില്‍ തിരിച്ചെടുക്കാനുള്ള പ്രവണതയുടെ വെപ്രാളമാണ് ഞാന്‍ അവിടെ കാണുന്നത്.'

ഭരണപരിഷ്‌കാര കമ്മിറ്റി മുന്നോട്ട് വച്ച സാമ്പത്തിക സംവരണവാദത്തെ ബുദ്ധിയും യുക്തിയും ഉപയോഗിച്ചുകൊണ്ട് അദ്ദേഹം വാദിച്ചു തള്ളിക്കളയുന്നത് ഈ കാലത്തിനുപോലും പ്രസക്തമാണ്. 'ഉദ്യോഗങ്ങള്‍ പിന്നോക്ക സമുദായങ്ങള്‍ക്ക് സാമ്പത്തികശേഷിയുടെ അടിസ്ഥാനത്തില്‍ മാത്രമേ നല്‍കാന്‍ പാടുള്ളൂ എന്നതാണ് കമ്മിറ്റി പുറപ്പെടുവിച്ചിരിക്കുന്ന മറ്റൊരു വിചിത്രവാദം. എന്നാല്‍ മുന്നോക്ക സമുദായങ്ങള്‍ക്ക് ഈ നിയന്ത്രണം ബാധകമല്ലതാനും. സാമ്പത്തികശേഷി ഉദ്യോഗലബ്ധിക്കു മാനദണ്ഡമാക്കുകയാണെങ്കില്‍ അതില്‍ പിന്നെ പിന്നോക്കമെന്നും മുന്നോക്കമെന്നും ജാതിയുടെ പരിഗണന ആവശ്യമുണ്ടോ? സംവരണ വ്യവസ്ഥയുടെ പ്രയോഗം കൊണ്ട് ഉദ്യോഗമണ്ഡലത്തിലേക്ക് അല്പാല്പമായി പിടിച്ചുകയറിയ ഈഴവനെയും മുസ്‌ലിമീനെയും മറ്റു പിന്നോക്ക സമുദായക്കാരെയും അവിടെ നിന്നും ഇറക്കിവിട്ട് സര്‍ക്കാര്‍ ഉദ്യോഗമാകുന്ന അപ്പവും മീനും പണ്ടെപ്പോലെ തങ്ങള്‍ക്കു മാത്രമായി അനുഭവിക്കാന്‍ വ്യവസ്ഥ ചെയ്യുന്ന കൗശലപൂര്‍വമായ ഒരു കെണിയാണ് ഈ നിര്‍ദ്ദേശത്തില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നതെന്ന് മനസ്സിലാക്കാനുള്ള ബുദ്ധി അവരുടെ പാര്‍ട്ടി പരിഗണനയും പാര്‍ട്ടി ഭക്തിയും എത്ര അടിയുറച്ചതായിരുന്നാലും ഈഴവര്‍ക്ക് ശേഷിച്ചിട്ടുണ്ടെന്ന് വേണ്ടപ്പെട്ടവര്‍ മനസ്സിലാക്കുന്നത് നന്നായിരിക്കും. മറ്റൊരു നിര്‍ദ്ദേശം റിഫോംസ് കമ്മിറ്റി നല്‍കിയിരിക്കുന്നത് മേലേക്കിടയിലുള്ള നേരിട്ട നിയമനങ്ങളില്‍ നിലവിലിരിക്കുന്ന പ്രാതിനിധ്യ വ്യവസ്ഥ മേലാല്‍ പാലിക്കേണ്ടതില്ലെന്നാണ്. കാര്യക്ഷമതാ വാദമാണ് ഇതിനായി ഉയര്‍ത്തിപ്പിടിച്ചിരിക്കുന്നത്. ദേശീയത്തിന്റെ മറ പിടിച്ചുകൊണ്ടുള്ള ഈ കാര്യക്ഷമതാവാദം, മഹാരാജാവിന്റെ ചെവിയും തങ്ങളുടെ വായും സമീപവര്‍ത്തികളായിരുന്ന കാലത്ത് പാവപ്പെട്ടവനെ പുറംപന്തിയില്‍ നിറുത്തിക്കൊണ്ട് സകലവും സ്വായത്തമാക്കിവച്ചനുഭവിച്ച പഴയ പാരമ്പര്യത്തില്‍ ദഹിക്കാതെ കിടന്നുപോയ സാധനങ്ങള്‍ ദഹിപ്പിക്കാനുള്ള അയവിറക്കലാണ്.... (കുളത്തൂര്‍പ്രസംഗം കേരളകൗമുദി 1958, സെപ്റ്റംബര്‍ 23)'

വളരെ കുറച്ചുകാലം അദ്ദേഹം എസ്.എന്‍.ഡി.പി യോഗത്തിന്റെ പ്രസിഡന്റായിരുന്നു (1954). ആയിരത്തിത്തൊള്ളായിരത്തി അന്‍പതുകളിലും അറുപതുകളിലും, എഴുപതുകളിലും യോഗത്തിന്റെ ഗതിവിഗതികള്‍ നിയന്ത്രിക്കുന്ന കടിഞ്ഞാണ്‍ കെ. സുകുമാരന്റെ കൈളിലായിരുന്നു. സമുദായത്തിന്റെ വിശാലതാല്പര്യങ്ങള്‍ക്ക് വിഘാതമുണ്ടാക്കുന്ന ശക്തികളോട് ഏറ്റുമുട്ടുന്നതില്‍ അദ്ദേഹം അണുവിട വിട്ടുവീഴ്ചകള്‍ക്ക് തയ്യാറായിരുന്നില്ല. അതുകൊണ്ടുതന്നെ അക്കാലങ്ങളില്‍, തലസ്ഥാനനഗരിയില്‍ പ്രകടനങ്ങളും ജാഥകളും കടന്നുപോകുമ്പോള്‍ മറ്റൊരു പത്രാധിപര്‍ക്കും കിട്ടാത്ത 'ബഹുമതികള്‍' കെ. സുകുമാരനു കിട്ടിയിരുന്നു. 'കേരളകൗമുദി സുകുമാരാ നിന്നെ പിന്നെ കണ്ടോളാം' എന്ന മുദ്രാവാക്യം ഒട്ടുമിക്ക ജാഥക്കാരുടെയും ഒരു തുറുപ്പ് ചീട്ടായിരുന്നു. കെ. സുകുമാരനെയും കേരളകൗമുദിയെയും ശത്രുക്കള്‍ അത്രമാത്രം ഭയപ്പെട്ടിരുന്നു. പക്ഷേ തന്നെ അധിക്ഷേപിക്കുന്നവരുടെ വാര്‍ത്തകളും അദ്ദേഹം അര്‍ഹിക്കുന്ന പ്രാധാന്യം നല്‍കി പ്രസിദ്ധീകരിച്ചിരുന്നു എന്നറിയുമ്പോഴാണ് മൂല്യാധിഷ്ഠിത പത്രധര്‍മ്മത്തെപ്പറ്റി അദ്ദേഹത്തിനുണ്ടായിരുന്നസങ്കല്പം എന്തായിരുന്നു എന്നറിയുക.

കെ. സുകുമാരനില്ലാത്ത കാല്‍നൂറ്റാണ്ട് കടന്നുപോയിരിക്കുന്നു. നേതൃദാരിദ്ര്യത്തിന്റെ ദാരുണ ഭാവം പിന്നോക്ക സമുദായങ്ങള്‍ ഇന്നനുഭവിച്ചുകൊണ്ടിരിക്കുന്നു. ഇന്നലെകളില്‍ ത്യാഗോജ്വലമായ സാഹസികതകളിലൂടെ മനുഷ്യകഥാനുഗായികളായനേതാക്കന്‍മാര്‍ നേടിത്തന്ന അവകാശങ്ങള്‍ സമുദായത്തിന് ഒന്നൊന്നായി നഷ്ടമായിക്കൊണ്ടിരിക്കുന്നു.

രാഷ്ട്രീയരംഗത്തും സാഹിത്യ, സാംസ്‌കാരിക, സാമുദായിക മണ്ഡലങ്ങളിലും കഴിവും പ്രാപ്തിയും സ്വഭാവശുദ്ധിയുമുള്ള ചെറുപ്പക്കാരെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നതില്‍ അദ്ദേഹം പ്രത്യേക താല്പര്യം കാണിച്ചിരുന്നു. കോണ്‍ഗ്രസ് രാഷ്ട്രീയത്തിലും കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളിലും ഇത്തരത്തില്‍ പത്രാധിപരുടെ സവിശേഷമായ സ്‌നേഹവാത്സല്യങ്ങള്‍ക്കു പാത്രീഭൂതരായ നിരവധി നേതാക്കന്‍മാര്‍ പില്‍ക്കാലങ്ങളില്‍ എം.എല്‍.എ മാരും എം.പി മാരും മന്ത്രിമാരും മറ്റും ആയിട്ടുണ്ട്.

തന്റെ ആയുസ്സും വപുസ്സും മാത്രമല്ല ആത്മസത്തയുടെ ആകെത്തുകതന്നെയും പത്രസപര്യക്കായി ഉഴിഞ്ഞുവച്ച ഈ ധന്യജീവിതത്തിന് 1981 സെപ്റ്റംബര്‍ 18നു തിരശ്ശീല വീണു. താന്‍ കൊളുത്തിവച്ച കേരളകൗമുദി എന്ന കെടാവിളക്ക് മക്കളുടെ കൈകളില്‍ സുരക്ഷിതവും ഭദ്രവുമാണ് എന്ന കൃതാര്‍ത്ഥയോടെയാണ് അദ്ദേഹം വിടവാങ്ങിയത്.

നെടുംകുന്നം ഗോപാലകൃഷ്ണന്