തദ്ദേശത്തിൽ 'പണി' കിട്ടിയിട്ടും പഠിച്ചില്ല, ഇത് യുഡിഎഫിന്റെ മിന്നൽ സ്‌ട്രൈക്ക്, ക്യാപ്റ്റനും കൂട്ടർക്കും പിഴച്ചതെവിടെ?
തിരുവനന്തപുരം: മൂന്നാഴ്ചയായി തുടരുന്ന കൂട്ടലുകൾക്കും കിഴിക്കലുകൾക്കും പരിസമാപ്തി കുറിച്ച് കേരളത്തിൽ യുഡിഎഫ് ശക്തമായ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ്. മൂന്നാം ഊഴം പ്രതീക്ഷിച്ച എൽഡിഎഫിനെ നിഷ്‌പ്രഭമാക്കിയാണ് യുഡിഎഫ് മുന്നണിയുടെ തേരോട്ടം. ഒരിക്കലും വീഴില്ലെന്ന് കരുതിയ കണ്ണൂരിലെ ഇടതുകോട്ടകൾ ഫലം വന്നതോടെ തകർന്ന് തരിപ്പണമായി. ഇടതുകോട്ടകളിൽ വിമത നേതാക്കൾ യുഡിഎഫിനൊപ്പം ചേർന്ന് മത്സരിച്ച് ജയിച്ചത് സിപിഎമ്മിനെയും ഇടതുപക്ഷത്തെയും ഞെട്ടിച്ചു. പിണറായി വിജയനെ പാർട്ടിയുടെ ഐക്കണായി അവതരിപ്പിച്ച് മുന്നിട്ടിറങ്ങിയ ഈ തിരഞ്ഞെടുപ്പിൽ എൽഡിഎഫിനും സിപിഎമ്മിനും പിഴച്ചതെവിടെയാണ്? തുടർച്ചയായി പത്ത് വർഷം അധികാരത്തിലിരുന്നതിന്റെ ഭരണവിരുദ്ധ വികാരം തിരഞ്ഞെടുപ്പിൽ പ്രകടമായോ? പരിശോധിക്കാം...
അഞ്ച് വർഷം കൂടുമ്പോൾ ഭരണം മാറുന്ന രാഷ്ട്രീയ ശീലമായിരുന്നു ദശകങ്ങളായി കേരളം പിന്തുടർന്നു പോന്നത്. എന്നാൽ 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ആ കീഴ്‌വഴക്കം തിരുത്തിക്കുറിക്കപ്പെട്ടു. കൊവിഡ് മഹാമാരിയുടെ കാലത്തെ ചിട്ടയായ പ്രവർത്തനങ്ങളും ജനകീയമായ ക്ഷേമപദ്ധതികളും എൽഡിഎഫിന് ചരിത്രപരമായ തുടർഭരണം സമ്മാനിച്ചു. എന്നാൽ ഇത്തവണ ഇടതുപക്ഷ സർക്കാരിന്റെ ശൈലിയിൽ നിന്ന് മാറി 'പിണറായി സർക്കാരിലേക്ക്' അധികാരം കേന്ദ്രീകരിക്കപ്പെടുന്നു എന്ന വിമർശനം പാർട്ടിക്കുള്ളിൽ ഉയർന്നു. സംഘടനാ താൽപ്പര്യങ്ങളേക്കാൾ വ്യക്തിഗത ഇമേജിന് മുൻഗണന നൽകുന്ന രീതി പാർട്ടി അണികൾക്കിടയിൽപ്പോലും അസംതൃപ്തിക്ക് കാരണമാക്കി. ചരിത്ര വിജയം നേടി അധികാരത്തിലെത്തിയെങ്കിലും, ഭരണശൈലിയിലെ മാറ്റങ്ങളും പാർട്ടിയിലെ പുതിയ കീഴ്‌വഴക്കങ്ങളും സർക്കാരിന് മുന്നിൽ വലിയ വെല്ലുവിളികളാണ് ഉയർത്തിയത്.
തുടർച്ചയായി പത്ത് വർഷം അധികാരത്തിലിരുന്ന സർക്കാരിനെതിരെ ജനങ്ങൾക്കിടയിൽ ശക്തമായ ഭരണവിരുദ്ധ വികാരം പ്രകടമായിരുന്നു. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിലേറ്റ തിരിച്ചടി ഈ ജനവികാരത്തിന്റെ വ്യക്തമായ സൂചനയായിരുന്നുവെങ്കിലും, അത് ശരിയായ രീതിയിൽ ഉൾക്കൊള്ളാൻ പാർട്ടി നേതൃത്വത്തിന് സാധിച്ചില്ല. ജനങ്ങൾക്കിടയിലെ അതൃപ്തി തിരിച്ചറിയുന്നതിന് പകരം, 'തുടർഭരണം' എന്ന ഉറച്ച വിശ്വാസം ജനങ്ങളിലേക്ക് അടിച്ചേൽപ്പിക്കാനാണ് നേതൃത്വം ശ്രമിച്ചത്.
ഭരണവിരുദ്ധ വികാരം നിലവിലില്ലെന്ന നേതാക്കളുടെ ആവർത്തിച്ചുള്ള അവകാശവാദങ്ങൾ വെറും രാഷ്ട്രീയ പ്രസ്താവനകൾ മാത്രമായി ഒതുങ്ങി. ഓരോ പ്രചാരണ ഘട്ടത്തിലും വിജയപ്രതീക്ഷകൾ വാനോളം ഉയർത്തിയെങ്കിലും, വോട്ടെണ്ണൽ കഴിഞ്ഞപ്പോൾ പുറത്തുവന്ന ഫലം നേതൃത്വത്തിന്റെ കണക്കുകൂട്ടലുകൾ പിഴച്ചുവെന്ന് തെളിയിച്ചു. താഴെത്തട്ടിലെ യാഥാർത്ഥ്യങ്ങൾ മനസ്സിലാക്കുന്നതിൽ പാർട്ടിക്ക് സംഭവിച്ച വീഴ്ചയും അമിത ആത്മവിശ്വാസവുമാണ് തിരഞ്ഞെടുപ്പ് തിരിച്ചടിയിലേക്ക് നയിച്ചതിൽ പ്രധാന കാരണം.
സിപിഎമ്മിനുള്ളിലെ ആഭ്യന്തര തർക്കങ്ങളും അഴിമതി ആരോപണങ്ങളും തിരഞ്ഞെടുപ്പിൽ വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്. പയ്യന്നൂരിലെ വി. കുഞ്ഞികൃഷ്ണനെപ്പോലെയുള്ള ജനകീയരായ നേതാക്കൾ പാർട്ടി നടപടികൾക്ക് വിധേയരായത് പാർട്ടി അനുഭാവികൾക്കിടയിൽ വലിയ അതൃപ്തിയുണ്ടാക്കി. രക്തസാക്ഷി ഫണ്ട് തിരിമറി ആരോപണങ്ങൾ പുറത്തുകൊണ്ടുവന്ന നേതാവിനെതിരെ പാർട്ടി നടപടിയെടുത്തത് അണികൾക്കിടയിൽ ചർച്ചയാവുകയും പാർട്ടിയുടെ പ്രതിച്ഛായയെ ബാധിക്കുകയും ചെയ്തു. പാർട്ടിയിലെ ഉൾപ്പോരും വിട്ടുപോക്കുകളും പലയിടങ്ങളിലും പാർട്ടി വോട്ടുകളിൽ ചോർച്ചയുണ്ടാക്കി. സംഘടനാപരമായ ഈ വീഴ്ചകൾ പ്രതിപക്ഷത്തിന് രാഷ്ട്രീയമായ മുൻതൂക്കം നൽകാൻ സഹായിച്ചു. അമ്പലപ്പുഴയിൽ ജി സുധാകരന്റെ കാര്യത്തിലും തളിപ്പറമ്പിൽ ടികെ ഗോവിന്ദന്റെ കാര്യത്തിലും ഇതുതന്നെയാണ് സംഭവിച്ചത്.
ശബരിമലയിലെ സ്വർണം കട്ടെന്ന തരത്തിലുള്ള പ്രചാരണങ്ങൾ ഭക്തർക്കിടയിൽ വലിയ ആശങ്കയുണ്ടാക്കി. ആചാരങ്ങളും വിശ്വാസങ്ങളും മുറുകെപ്പിടിക്കുന്ന വോട്ടർമാർക്കിടയിൽ സർക്കാരിനോടും ദേവസ്വം ബോർഡിനോടും ഒരുതരം അവിശ്വാസം വളർത്താൻ ഇത് കാരണമായി. ഈ വികാരം വോട്ടായി മാറിയത് പലപ്പോഴും ഭരണവിരുദ്ധ തരംഗത്തിന് ആക്കം കൂട്ടി. തിരഞ്ഞെടുപ്പ് കാലത്ത് യുഡിഎഫും ബിജെപിയും ഈ വിഷയം ശക്തമായി ഉയർത്തിക്കാട്ടി. സ്വർണകൊള്ളക്കേസിൽ അറസ്റ്റിലായ സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി അംഗം പത്മകുമാറിനെതിരെ പാർട്ടി നടപടി സ്വീകരിക്കാത്തതും വലിയ തിരിച്ചടിയായി.
'സ്വർണം കട്ടത് ആരപ്പാ, സഖാക്കളാണേ അയ്യപ്പാ' എന്ന നരേറ്റീവ് വോട്ടർമാരിലേക്ക് എത്തിക്കാൻ അവർക്ക് സാധിച്ചു. മദ്ധ്യതിരുവിതാംകൂർ മേഖലകളിൽ ഇത്തരം ചർച്ചകൾ വോട്ടിംഗ് ശതമാനത്തെ സ്വാധീനിച്ചിട്ടുണ്ടെന്ന് വേണം മനസിലാക്കാൻ. സർക്കാർ കൃത്യമായ കണക്കുകൾ നിരത്തി ആരോപണങ്ങളെ പ്രതിരോധിക്കാൻ ശ്രമിച്ചെങ്കിലും വൈകാരികമായ വിഷയമായതിനാൽ പലപ്പോഴും വസ്തുതകളേക്കാൾ കൂടുതൽ പ്രചാരണങ്ങൾക്കാണ് ജനങ്ങൾക്കിടയിൽ സ്വാധീനം ലഭിച്ചത്.