
കൊച്ചി: താരസംഘടനയായ 'അമ്മ'യിൽ ഇപ്പോൾ ഉയർന്നുവന്ന പ്രശ്നങ്ങളുടെ തുടക്കം കുടുംബ മേളയ്ക്ക് ശേഷമായിരുന്നെന്ന് നടി മാലാ പാർവ്വതി. കുടുംബ മേളയിൽ ഒരു ക്ഷേത്രം സ്‌പോൺസർഷിപ്പിന് വന്നു. അത് വേണ്ടെന്നും വേണമെന്നും തുടങ്ങിയ അഭിപ്രായമാണ് പ്രശ്നങ്ങൾക്ക് കാരണമെന്ന് മാല പാർവ്വതി പറഞ്ഞു. ഇടവേള ബാബു ഉണ്ടായിരുന്ന സമയത്ത് ഒരു കുഴപ്പവും ഇല്ലായിരുന്നെന്നും അവർ കൂട്ടിച്ചേർത്തു.
'അമ്മയ്ക്ക് ഒരു ക്ഷേത്രത്തിന്റെ സ്‌പോൺസർഷിപ്പ് ഉണ്ടായിരുന്നു. മതപരമായ സംഘടനകൾ വേണ്ടെന്നും വേണമെന്നുമുള്ള അഭിപ്രായം ഉയർന്നു. ഈ രണ്ട് പക്ഷങ്ങളും തമ്മിലുണ്ടായ തർക്കത്തിൽ നിന്നാണ് ഇത്രയും വലിയ പ്രശ്നങ്ങൾ തുടങ്ങിയതെന്നാണ് ഞാൻ മനസിലാക്കുന്നത്. അതിന് ശേഷം വ്യക്തിപരമായ അധിക്ഷേപം തുടങ്ങി പല കാര്യങ്ങളും നടന്നിട്ടുണ്ടെന്നാണ് ഇപ്പോൾ വന്ന പരാതികളിൽ പറയുന്നത്. ഇതുമായി ബന്ധപ്പെട്ട പരാതി മേയ് 12ന് സെക്രട്ടറിക്കും പ്രസിഡന്റിനും നീന കുറുപ്പ് നൽകിയിട്ടുണ്ട്.
അമ്മയുടെ പ്രസിഡന്റും സെക്രട്ടറിയും രണ്ട് വഴിക്കാണ്. കുക്കു പരമേശ്വരൻ ജനറൽ സെക്രട്ടറിയായിട്ട് ഒരു അഡ്മിനിസ്‌ട്രേറ്റീവായിട്ടുള്ള കാര്യങ്ങൾ ചെയ്തില്ലെന്ന പരാതി എനിക്കുണ്ട്. ശ്വേതയും കുക്കുവും രണ്ട് ചേരികളിലായത് ദോഷം ചെയ്തു. സംഘടനയ്ക്ക് നാണക്കേടായി. സ്ത്രീകൾ നേതൃത്വത്തിലേക്ക് വന്നാൽ നന്നാവുമെന്ന് ഞാൻ വാദിച്ചിരുന്നു. അതിൽ ഞാൻ ഇപ്പോൾ മാപ്പ് ചോദിക്കുന്നു'- മാലാ പാർവ്വതി പറഞ്ഞു.
കഴിഞ്ഞ ദിവസം ടിനി ടോമിനെതിരെ ഗുരുതര ആരോപണങ്ങളുമായി ജോയിന്റ് സെക്രട്ടറി സ്ഥാനത്തുനിന്ന് രാജിവച്ച നടി അൻസിബ ഹസൻ രംഗത്തെത്തിയതോടെയാണ് പ്രശ്നങ്ങൾ പുറത്തറിഞ്ഞത്. ടിനി ടോം തന്നെക്കുറിച്ച് അവിഹിത കഥകൾ പ്രചരിപ്പിച്ചെന്നും ജിഹാദിയായി ചിത്രീകരിച്ചെന്നും അൻസിബ പറഞ്ഞു. കമ്മിറ്റിയിലുള്ള സഹനടി അവരുടെ കുടുംബപ്രശ്നത്തിൽ കരുവാക്കി തന്നെ പൊലീസ് സ്റ്റേഷനിൽ കയറ്റിച്ചു. ടിനി ടോമിന്റെ ഡ്രൈവറെയടക്കം താൻ ഇസ്ലാമിലേക്ക് മാറ്റാൻ ശ്രമിച്ചെന്നാണ് പറയുന്നത്. വ്യക്തിഹത്യയുടെ പരിധി വിട്ടതിനാലാണ് പ്രതികരിക്കുന്നതെന്നും അൻസിബ വ്യക്തമാക്കിയിരുന്നു.
ഫെബ്രുവരിയിൽ നടന്ന കുടുംബസംഗമത്തിന്റെ ടൈറ്റിൽ സ്‌പോൺസറായി ഒരു ക്ഷേത്രം വന്നതിനെ എതിർത്തതാകാം വിരോധത്തിനു പ്രധാന കാരണം. ഇക്കാര്യങ്ങൾ പ്രസിഡന്റ് ശ്വേതാ മേനോനെയും മുതിർന്ന താരങ്ങളെയും അറിയിച്ചിരുന്നു. ഇതിനിടെ സഹപ്രവർത്തകയുടെ കുടുംബ പ്രശ്നത്തിൽ കരുവാക്കി തൃപ്പൂണിത്തുറ പൊലീസ് സ്റ്റേഷനിൽ മൂന്നു മണിക്കൂർ 'ഹരാസ്' ചെയ്യുന്ന സ്ഥിതിയുണ്ടായി. താൻ അയച്ച ഒരു മെസേജ് അവരുടെ ഭർത്താവിനു സംശയത്തിനിടയാക്കിയെന്നായിരുന്നു പരാതി. ഇതിൽ സംഘടനയ്ക്ക് ഒന്നും ചെയ്യാനില്ലെന്നാണ് ശ്വേത പറഞ്ഞത്. ഇത്തരം 'ഊള കാര്യങ്ങൾ' കമ്മിറ്റി പരിഗണിക്കില്ലെന്നാണ് ടിനി പ്രതികരിച്ചത്.
എന്നാൽ തന്റെ ഭാഗത്തുനിന്ന് മോശം പരാമർശങ്ങൾ ഉണ്ടായിട്ടില്ലെന്ന് ടിനി ടോം പ്രതികരിച്ചു. അൻസിബയുടെ രാജിക്കത്ത് ഫെബ്രുവരിയിൽ തിരിച്ചയച്ചിരുന്നു. മേയ് 12നാണ് രാജിക്കാര്യം വീണ്ടും പറഞ്ഞത്. ജോലിത്തിരക്ക് കാരണമെന്നാണ് അറിയിച്ചത്. വർഗീയ പരാർശങ്ങൾ നടത്തിയിട്ടില്ല. തന്റെ സുഹൃത്തുക്കളും ഗുരുക്കന്മാരിൽ പലരും മുസൽമാൻമാരാണ്. തന്നെ ടാർഗറ്റ് ചെയ്യുന്നതിനു പിന്നിൽ ആരെങ്കിലും ഉണ്ടോയെന്ന് അറിയില്ലെന്നും ടിനി ടോം പ്രതികരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |