SignIn
Kerala Kaumudi Online
Wednesday, 10 June 2026 4.45 AM IST

ആയുർവേദ ചേരുവകൾ വസ്ത്രങ്ങളിലേക്കും, ലണ്ടനിലെ മലയാളി വനിതയുടെ സംരംഭം 

READ ENGLISH VERSION

k
ജ്യോതി ആയുർവേദ ഡൈ ചെയ്ത സാരിയിൽ

കൊച്ചി: ആയുർവേദത്തിലെ പ്രകൃതിദത്തമായ സുഗന്ധവസ്തുക്കളും മറ്റും വസ്ത്ര നിർമ്മാണത്തിലേക്ക് സന്നിവേശിപ്പിച്ച് മലയാളി വനിത പുതിയൊരു വസ്ത്ര സങ്കല്പം സൃഷ്ടിച്ചു.

ലണ്ടനിൽ സ്ഥിരതാമസമാക്കിയ കാക്കനാട് ഇടച്ചിറ സ്വദേശിനി ജ്യോതി സാറ ജോസാണ് (52) 'എഫോറിയ" എന്ന പേരിൽ ഈ സംരംഭം തുടങ്ങിയത്. അതിനായി വസ്ത്രങ്ങൾ തയ്യാറാക്കുന്നത് കേരളത്തിലാണെന്ന പ്രത്യേകതയുമുണ്ട്. കേരളത്തിലെ നെയ്‌ത്തുകാർക്ക് അർഹമായ വേതനം ഉറപ്പാക്കി, അവരെക്കൂടി ചേർത്താണ് പ്രവർത്തനം.

18 വർഷത്തോളം ഫാഷൻ രംഗത്ത് പ്രവർത്തിച്ച പരിചയവുമായാണ് ജ്യോതി ഈ സംരംഭത്തിലേക്ക് ചുവടുവച്ചത്. ഡൈയിംഗിനും ബ്ലീച്ചിംഗിനുമായി ഉപയോഗിക്കുന്ന രാസവസ്തുക്കളുടെ രൂക്ഷഗന്ധം മൂലം അലർജിയും ആസ്ത്‌മയും പിടിമുറുക്കിയതോടെയാണ് പ്രകൃതിക്കിണങ്ങിയ വസ്ത്രമെന്ന ചിന്തയുണ്ടായത് .

ലണ്ടനിലെ കാലാവസ്ഥാ വ്യതിയാനത്തിൽ നിന്ന് രക്ഷനേടാൻ ജ്യോതി സ്വന്തമായി ഉണ്ടാക്കിയ ഒരു സ്കാർഫായിരുന്നു ആദ്യ പരീക്ഷണം. ഇത് സുഹൃത്തുക്കൾക്കിടയിൽ ഹിറ്റായതോടെ ഡിമാൻഡ് വർദ്ധിച്ചു. ഇന്ന് ഓർഗാനിക് ലിനൻ സാരികളിലും ടോപ്പുകളിലും 'എഫോറിയ" അറിയപ്പെടുന്ന ബ്രാൻഡാണ്.

ലണ്ടനിലെ പ്രമുഖ സീഫുഡ് ബിസിനസ് ഗ്രൂപ്പായ 'റീച്ച് സീ ഫുഡി"ന്റെ ഓപ്പറേഷൻസ് ഡയറക്ടറായ കാൾ സിസിൽ ആണ് ഭർത്താവ്. മകൾ സേറ ചാർട്ടേഡ് അക്കൗണ്ടന്റാണ്.

 കസ്തൂരിമഞ്ഞളും രാമച്ചവും

വസ്ത്രങ്ങളിൽ അലർജിക്ക് കാരണമാകുന്ന സ്റ്റാർച്ചും കെമിക്കലുകളും നീക്കം ചെയ്യാൻ സോപ്പ് നട്ട് (ചീവയ്ക്ക), ഗോമൂത്രം, രാമച്ചം എന്നിവയിൽ തുണികൾ കുതിർത്തുവയ്‌ക്കുന്നു. തുടർന്ന് മഞ്ഞൾ, രക്തചന്ദനം, പതിമുഖം, തുളസി, ആര്യവേപ്പ്, കസ്തൂരിമഞ്ഞൾ, അലോവേര തുടങ്ങിയവ അരച്ചെടുത്ത് തയ്യാറാക്കുന്ന ലായനികളിൽ ആവശ്യാനുസരണം മുക്കിയെടുക്കുന്നു. ഇത്തരം 28 ലായനിക്കൂട്ടുകൾ ജ്യോതി തയ്യാറാക്കിയിട്ടുണ്ട്.

 പരിസ്ഥിതിക്ക് ഇണങ്ങിയത്

പ്ലാസ്റ്റിക്കിനു പകരം ചിരട്ട കൊണ്ടുള്ള ബട്ടണുകളും, റീസൈക്കിൾ ചെയ്ത മെറ്റീരിയലുകൾ കൊണ്ടുള്ള ലേബലുകളുമാണ് ഉപയോഗിക്കുന്നത്. ജി.ഒ.ടി.എസ് സർട്ടിഫൈഡ് ഓർഗാനിക് ലിനൻ തുണിത്തരങ്ങൾ ഉപയോഗിക്കുന്നതിനാൽ വസ്ത്രങ്ങൾ നശിച്ചുപോകുമ്പോഴും മലിനീകരണം ഉണ്ടാകില്ല. ഓൺലൈൻ വഴിയാണ് വില്പന. ലുലു സെലബ്രറ്റ്സിലും വസ്ത്രങ്ങൾ ലഭ്യമാണ്. 6000 മുകളിലാണ് വില.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: AYURVEDA DRESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA