
കൊല്ലം: ഡോ. വന്ദനാദാസ് കൊലക്കേസിൽ അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചു. കൊലപ്പെടുത്തുകയെന്ന ഉദ്ദേശ്യത്തോടെ മദ്യപാനിയായ പ്രതി വന്ദനയെ കുത്തുകയായിരുന്നുവെന്നും കുറ്റകൃത്യത്തെക്കുറിച്ച് കൃത്യമായ അറിവുണ്ടായിരുന്നതായും കുറ്റപത്രത്തിൽ പറയുന്നു. കഴിഞ്ഞ മേയ് 10ന് പുലർച്ചെ 4.35നാണ് കോട്ടയം കടുത്തുരുത്തി കുറ്റിച്ചിറ നമ്പിച്ചിറകാലയിൽ വീട്ടിൽ കെ.ജി. മോഹൻദാസിന്റെയും വസന്തകുമാരിയുടെയും ഏകമകൾ ഡോ. വന്ദനാദാസിനെ (23) അദ്ധ്യാപകനായ പ്രതി വെളിയം കുടവട്ടൂർ മാരൂർ ചെറുകരക്കോണം ശ്രീനിലയത്തിൽ ജി.സന്ദീപ് കൊലപ്പെടുത്തിയത്.
ഇന്നലെ ഉച്ചയ്ക്ക് 12.50ന് കൊട്ടാരക്കര ജുഡീഷ്യൽ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതി ഒന്നിലാണ് കൊല്ലം ജില്ലാ റൂറൽ ക്രൈം ബ്രാഞ്ച് ഡിവൈ.എസ്.പി എം.എം. ജോസ് 1050 പേജുള്ള കുറ്റപത്രം സമർപ്പിച്ചത്.
കൊലപാതക സമയത്ത് പ്രതിയുടെ മനോനിലയിൽ കുഴപ്പങ്ങളില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. 15 ദൃക്‌സാക്ഷികളടക്കം 136 സാക്ഷികളുടെ മൊഴിയും സി.സി ടി.വി ദൃശ്യങ്ങളുമടക്കം 200 തൊണ്ടി സാധനങ്ങളും ശാസ്ത്രീയ പരിശോധനാ റിപ്പോർട്ടുകളും ഹാജരാക്കി. സന്ദീപിന്റെ വസ്ത്രത്തിൽ നിന്ന് കണ്ടെത്തിയ വന്ദനയുടെ രക്തക്കറയുടെ ശാസ്ത്രീയ റിപ്പോർട്ടുകൾ പ്രധാന തെളിവായിട്ടാണ് ഉൾപ്പെടുത്തിയിട്ടുള്ളത്.
പുറത്തിറങ്ങാത്ത വിധം പൂട്ടി
സംഭവദിവസം തന്നെ സന്ദീപിനെ അറസ്റ്റ് ചെയ്തിരുന്നു. പ്രതിയുടെ ജുഡിഷ്യൽ കസ്റ്റഡി കാലാവധി അവസാനിക്കാൻ ദിവസങ്ങൾ മാത്രമാണ് ശേഷിക്കെയാണ് കൃത്യം നടന്ന് 84-ാം ദിവസം കുറ്റപത്രം സമർപ്പിച്ചത്. ആറുമാസത്തിനകം കുറ്റപത്രം സമർപ്പിച്ചാൽ മതിയെങ്കിലും പ്രതി ജാമ്യത്തിൽ ഇറങ്ങാത്തവിധമാണ് കുറ്റപത്രം സമർപ്പിച്ചത്.
'പ്രതിക്ക് പരമാവധി ശിക്ഷ ലഭിക്കാവുന്ന തരത്തിലുള്ള ശാസ്ത്രീയ തെളിവുകൾ സഹിതമാണ് കുറ്റപത്രം സമർപ്പിച്ചത്".
- അന്വേഷണസംഘം
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |