ഷാർജയിൽ യുവതിയുടെയും മകളുടെയും മരണം: ഭർത്താവ് കസ്റ്റഡിയിൽ
കണ്ണൂർ: ഷാർജയിൽ അഴീക്കോട് സ്വദേശിയായ യുവതിയെയും അഞ്ചുവയസുകാരി മകളെയും താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് പൊലീസ് കസ്റ്റഡിയിൽ. ഷാർജയിലെ അൽ നഹ്ദയിൽ സഹാറ മാളിന് സമീപത്തെ ഫ്ളാറ്റിൽ താമസിക്കുന്ന ഭർത്താവ് നിഹാലി(39)നെ ചോദ്യം ചെയ്ത് വരികയാണ്.
അഴീക്കോട് കടപ്പുറം റോഡിലെ 'ആർഷ അഷിത'യിൽ ആർഷ (35), ഏകമകൾ റൂഹി (5) എന്നിവരാണ് മരിച്ചത്. 32 നിലകളുള്ള കെട്ടിടത്തിന്റെ പതിനഞ്ചാം നിലയിൽ നിന്ന് മകളെ താഴേക്ക് എറിഞ്ഞ് 35കാരി ജീവനൊടുക്കുകയായിരുന്നു. ഏഴ് വർഷത്തിലേറെയായി ഇവർ ഷാർജയിലെ ഇതേ ഫ്ളാറ്റിലാണ് താമസം. സംഭവം നടക്കുന്നതിന്റെ തലേന്ന് ഫ്ളാറ്റിൽ കുടുംബവഴക്ക് നടന്നതായും പൊലീസെത്തിയതായും അയൽവാസികൾ വെളിപ്പെടുത്തി. ഭാര്യക്ക് മാനസികാരോഗ്യ പ്രശ്നങ്ങൾ ഉണ്ടായിരുന്നതായി ഭർത്താവ് പറഞ്ഞതായി സുരക്ഷാ ജീവനക്കാരനും വ്യക്തമാക്കി. വിമാനത്താവളവുമായി ബന്ധപ്പെട്ട മേഖലയിൽ ജോലി ചെയ്യുന്ന ഭർത്താവുമായി യുവതിയുടെ വിവാഹം കഴിഞ്ഞിട്ട് 12 വർഷമായി. എല്ലാവരെയും കാണുമ്പോൾ പുഞ്ചിരിക്കുന്ന കുരുന്നിന്റെയും അമ്മയുടെയും അപ്രതീക്ഷിത വിയോഗം കെട്ടിടത്തിലെ താമസക്കാരെയും സുഹൃത്തുക്കളെയും നൊമ്പരത്തിലാക്കി. കെട്ടിടത്തിലെ ആറ് നിലകളിലെ പാർക്കിംഗ് സൗകര്യവും ജിംനേഷ്യവും ഉൾപ്പെടെയുള്ള ഭാഗങ്ങൾ കൂടി കണക്കാക്കുമ്പോൾ ഏകദേശം 22 നില ഉയരത്തിൽ നിന്നാണ് ഇരുവരും താഴേക്ക് വീണത്. സ്വന്തമായി ഓൺലൈൻ ബിസിനസ് നടത്തുകയാണ് ആർഷ. സഹോദരി അഷിത തൊട്ടടുത്ത ഫ്ളാറ്റിലാണ് താമസം. നിഹാലിന്റെ പിതാവും സഹോദരനുമെല്ലാം യു.എ.ഇയിൽ പ്രവാസിയാണ്.