SignIn
Kerala Kaumudi Online
Sunday, 24 May 2026 10.21 PM IST

ഫർണിച്ചർ യൂണിറ്റിലടക്കം 5 ഇടത്ത് തീപിടിത്തം

tirur

മലപ്പുറം/കോഴിക്കോട്/തൃശൂർ: രണ്ട് ഇരുനില കെട്ടിടങ്ങളിലും മാലിന്യ സംഭരണ കേന്ദ്രങ്ങളിലും ഫർണിച്ചർ നിർമ്മാണ യൂണിറ്റിലുമടക്കം സംസ്ഥാനത്ത് അഞ്ചിടത്ത് തീപിടിത്തം. ആർക്കും പരിക്കില്ല. മലപ്പുറം, കോഴിക്കോട്, തൃശൂർ ജില്ലകളിലാണ് തീപിടിത്തമുണ്ടായത്.

കോഴിക്കോട്ട് താമരശേരി പഴയ ബസ് സ്റ്റാൻഡിന് സമീപത്തെ പഴയ ഓടിട്ട രണ്ടുനില കെട്ടിടത്തിലും നാദാപുരത്ത് ഇരുനില വീടിന്റെ മേൽക്കൂരയിലുമാണ് തീപിടിത്തമുണ്ടായത്. താമരശേരിയിൽ രണ്ട് ബേക്കറികൾ ഉൾപ്പെടുന്ന കെട്ടിടത്തിൽ ഇന്നലെ പുലർച്ചെയോടെയാണ് തീപടർന്നത്. കെട്ടിടം പൂർണമായും കത്തിനശിച്ചു. ഫയർഫോഴ്സെത്തി തീയണച്ചു. നാദാപുരം പേരോട് നീർകരിമ്പിൽ അഷ്‌റഫിന്റെ ഓടിട്ട ഇരുനില വീടിന്റെ മേൽക്കൂരയിലാണ് ശനിയാഴ്ച രാത്രി പത്തോടെ തീപടർന്നത്. വീട്ടിൽ ആളുകളുണ്ടായിരുന്നെങ്കിലും ആർക്കും പരിക്കില്ല. ഫയർഫോഴ്സെത്തി തീയണച്ചു.

മലപ്പുറത്ത് തിരൂർ പൊറ്റിലത്തറയിലെ മാലിന്യ സംസ്കരണകേന്ദ്രത്തിലും തേഞ്ഞിപ്പലം ദേവതിയാൽ കാരിമടത്തെ മാലിന്യ സംഭരണ കേന്ദ്രത്തിലുമാണ് തീപിടിത്തമുണ്ടായത്. പൊറ്റിലത്തറയിൽ നഗരസഭയുടെ സംസ്കരണ കേന്ദ്രത്തിൽ കൂട്ടിയിരുന്ന ആയിരക്കണക്കിന് ടൺ മാലിന്യമാണ് കത്തിയത്. ഇന്നലെ ഉച്ചയ്ക്ക് ഒരുമണിയോടെയാണ് തീ പടർന്നത്. കാരണം വ്യക്തമല്ല. അഞ്ച് ഫയർഫോഴ്സ് വാഹനങ്ങളെത്തി തീയണയ്ക്കാനുള്ള ശ്രമം രാത്രി വൈകിയും തുടരുകയാണ്. ഇവിടെ നിന്നുയരുന്ന പുക പ്രദേശവാസികൾക്ക് ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ട്. തേഞ്ഞിപ്പലം പഞ്ചായത്തിന്റെ മാലിന്യ സംഭരണകേന്ദ്രത്തിൽ ഇന്നലെ പുലർച്ചെ മൂന്നിനാണ് തീപിടിത്തമുണ്ടായത്. രണ്ട് കെട്ടിടങ്ങളിലുണ്ടായിരുന്ന 15 ടൺ അജൈവ മാലിന്യം കത്തിനശിച്ചു. ഉച്ചയോടെ തീയണച്ചു.

തൃശൂർ ചൊവ്വൂരിൽ വീരമ്പുള്ളി ഫർണിച്ചർ നിർമ്മാണ യൂണിറ്റിലുണ്ടായ തീപിടിത്തത്തിൽ 20 ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായി. കട്ടിൽ, സോഫാസെറ്റ്, അലമാരകൾ ഉൾപ്പെടെ കത്തിനശിച്ചു. ഇന്നലെ പുലർച്ചെ മൂന്നോടെയായിരുന്നു തീപിടിത്തം. ചൊവ്വൂർ സ്വദേശി ജോസിന്റെ ഉടമസ്ഥതയിലുള്ളതാണ് സ്ഥാപനം. ഷോർട്ട് സർക്യൂട്ടാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം. മൂന്ന് ഫയർ ഫോഴ്‌സ് യൂണിറ്റുകൾ മൂന്ന് മണിക്കൂറോളം പ്രയത്‌നിച്ചാണ് തീ നിയന്ത്രണ വിധേയമാക്കിയത്. ഏറെ സാഹസപ്പെട്ടാണ് സമീപത്തെ ഫർണിച്ചർ ഷോറൂമിലേക്ക് തീ പടരാതെ നിയന്ത്രിച്ചത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: ACCIDENT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA