
തിരുവനന്തപുരം : കേന്ദ്രസർക്കാർ പ്രതിവർഷം കോടികൾ നൽകുന്ന മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഡിജിറ്റൽ സിഗ്നേച്ചർ
ഉപയോഗിച്ചുള്ള വെട്ടിപ്പ് തടയാൻ ഒടുവിൽ
സംസ്ഥാന തൊഴിലുറപ്പ് മിഷൻ ഡയറക്ടർ സർക്കുലർ ഇറക്കി.
ഡിജിറ്റൽ സിഗ്നേച്ചർ പഞ്ചായത്ത് സെക്രട്ടറി, അസിസ്റ്റന്റ് സെക്രട്ടറി എന്നിവർ നേരിട്ട് ഉപയോഗിയ്ക്കണമെന്നും കരാർ ജീവനക്കാരെ ഏല്പിയ്ക്കരുതെന്നും നിർദേശം നൽകി. ഈ തട്ടിപ്പ് വർഷങ്ങളായി തുടർന്നുവരുകയായിരുന്നു.
പദ്ധതി പണം ചെലവഴിയ്ക്കുന്നതിനുള്ള ഓൺലൈൻ പേയ്‌മെന്റ് രേഖകളിൽ ഉൾപ്പെടെ സെക്രട്ടറിയുടെയും അസിസ്റ്റന്റ് സെക്രട്ടറിയുടെയും ഡിജിറ്റൽ സിഗ്‌നേച്ചർ നിർബന്ധമാണ്. ഇവർ ഇത് നേരിട്ട് ചെയ്യേണ്ടതിന് പകരം കരാർ ജീവനക്കാരെ ഏല്ലിയ്ക്കുകയാണ് പതിവ്.അവർ
ഈ പഴുതിലുടെ ചെയ്യാത്ത ജോലികൾക്കും തുക പാസാക്കി നൽകി കമ്മിഷൻ പറ്റിയ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. പദ്ധതി അടിമുടി പരിഷ്കരിച്ച് കേന്ദ്രം പുതിയ നിബന്ധനകൾ നടപ്പാക്കുന്ന പശ്ചാത്തലത്തിലാണ് സംസ്ഥാന മിഷൻ രംഗത്തിറങ്ങിയത്.
നിയന്ത്രിക്കുന്നത് കരാറുകാർ!
പഞ്ചായത്തുകളിൽ സെക്രട്ടറിമാർക്കും ബ്ലോക്കിൽ പ്രോഗ്രാം ഓഫീസർമാർക്കും ജില്ലാതലത്തിൽ ജോയിന്റ് പ്രോഗ്രാം കോഓർഡിനേറ്റർമാർക്കുമാണ് മേൽനോട്ടം.
ഇവർ രേഖകൾ പരിശോധിക്കുകയോ ക്രമക്കേട് നടന്നിട്ടില്ലെന്ന് ഉറപ്പാക്കുകയോ ചെയ്യാറില്ലെന്നാണ് ആക്ഷേപം.
കരാർ ജീവനക്കാരായി പഞ്ചായത്തുകളിൽ ഒരു എൻജിനിയർ, രണ്ടു വീതം ഓവർസിയർമാർ ,അക്കൗണ്ടന്റ് കം ഐ.ടി അസിസ്റ്റന്റ് എന്നിവരാണ് ചുക്കാൻ പിടിക്കുന്നത്. ബ്ലോക്കിൽ ഒരു എൻജിനിയർ, രണ്ട് അക്കൗണ്ടന്റ് കം ഐ.ടി അസിസ്റ്റന്റുമാരും ജില്ലകളിൽ ഒരു എൻജിനിയറും രണ്ട് അക്കൗണ്ടന്റ് കം ഐ.ടി അസിസ്റ്റന്റ്മാരും ഒരു ഐ.ടി പേഴ്സണുമാണുള്ളത്. ഇവരാണ് ഇതു കൈകാര്യം ചെയ്യുന്നത്.
കൈയ്യോടെ പിടിച്ചിട്ടും സംരക്ഷണം
ഡിജിറ്റൽ സിഗ്നേച്ചർ ദുരുപയോഗം ചെയ്തു നടത്തിയ തട്ടിപ്പുകൾ ഓംബുഡ്സ്മാൻ പിടികൂടി വൻതുകകൾ സെക്രട്ടറിമാരിൽ നിന്നുൾപ്പെടെ തിരിച്ചടപ്പിച്ചിട്ടുണ്ട്.
തട്ടിപ്പ് നടത്തിയ താത്കാലിക ജീവനക്കാർ കരാർ പുതുക്കി പദ്ധതിയിൽ തുടരുന്നു.
തട്ടിപ്പിൽ പങ്കാളികളായ ഗ്രാമ പഞ്ചായത്തു സെക്രട്ടറിമാരും വകുപ്പുതല നടപടികൾക്ക് വിധേയരായിട്ടില്ല.
സംഭവം തദ്ദേശഭരണ വകുപ്പിന്റെ മേൽതട്ടിലെത്താതെ ഒതുക്കിതീർക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |