എബോള വൈറസ്; രോഗബാധിത രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാൻ ഇന്ത്യക്കാർക്ക് നിർദേശം
ന്യൂഡൽഹി: എബോള രോഗബാധ സ്ഥിരീകരിച്ച രാജ്യങ്ങളിലേക്കുള്ള അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്ന് ജനങ്ങളോട് നിർദേശിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയം. രോഗബാധിത രാജ്യങ്ങളായ കോംഗോ, ഉഗാണ്ട, ദക്ഷിണ സുഡാൻ എന്നിവിടങ്ങളിലേക്കുള്ള യാത്രകൾ ഒഴിവാക്കാനാണ് നിർദേശം. എബോള ബാധയെ തുടർന്ന് ലോകാരോഗ്യ സംഘടന പൊതുജനാരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്.
രോഗബാധിത രാജ്യങ്ങളിൽ താമസിക്കുന്ന ഇന്ത്യൻ പൗരന്മാർ പ്രാദേശിക അധികാരികളിൽ നിന്ന് ലഭിക്കുന്ന നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നാണ് ആരോഗ്യമന്ത്രാലയത്തിന്റെ നിർദേശം. ആഫ്രിക്കയിലെ കോംഗോയിൽ റിപ്പോർട്ട് ചെയ്‌ത എബോള വൈറസ് ദ്രുതഗതിയിൽ വ്യാപിക്കുന്നതിൽ ലോകാരോഗ്യസംഘടന ആശങ്ക പ്രകടിപ്പിച്ചിരുന്നു. എബോളയുടെ അത്യപൂർവ്വ വകഭേദമായ ബൂൻഡിബിഗോ ആണ് കോംഗോയിൽ പടരുന്നത്. വാക്‌സിൻ ഇല്ലാത്തതും പ്രത്യേക ചികിത്സയുടെ അഭാവവുമാണ് ഈ വകഭേദത്തെ കൂടുതൽ അപകടകാരിയാക്കുന്നത്.
പനി, തലവേദന, പേശികളിലെ വേദന, വയറിളക്കം, ഛർദി എന്നിവ കൂടാതെ ശരീരത്തിൽ നിന്ന് രക്തം ഒഴുകിപ്പോകൽ തുടങ്ങിയവയാണ് എബോളയുടെ ലക്ഷണങ്ങൾ. മേയ് 21 വരെയുള്ള കണക്കുകൾപ്രകാരം കോംഗോയിൽ 746 സംശയാസ്‌പദമായ കേസുകളും 176 മരണങ്ങളും റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്. കോംഗോ, ഉഗാണ്ട എന്നിവയുമായി അതിർത്തി പങ്കിടുന്ന ദക്ഷിണ സുഡാൻ ഉൾപ്പടെയുള്ള രാജ്യങ്ങൾക്ക് രോഗം പകരാനുള്ള സാദ്ധ്യത വളരെ കൂടുതലാണെന്നാണ് വിലയിരുത്തുന്നത്.
എബോളയുടെ പുതിയ വകഭേദത്തിനെതിരെ വാക്‌സിൻ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണെന്നാണ് വിവരം. ഇന്ത്യയിൽ ഇതുവരെയും എബോള വൈറസ് റിപ്പോർട്ട് ചെയ്‌തിട്ടില്ലെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നു.