യൂത്തു കോൺഗ്രസുകാർക്കെതിരായ 'രക്ഷാപ്രവർത്തനം 'ഗൺമാൻമാർ തല്ലിയത് പൊലീസ് വലയത്തിലായിരുന്ന പ്രവർത്തകരെ"

Monday 25 May 2026 12:19 AM IST

തിരുവനന്തപുരം: ആലപ്പുഴയിൽ യൂത്തുകോൺഗ്രസ് പ്രവർത്തകർക്ക് മുൻമുഖ്യമന്ത്രിയുടെ ഗൺമാൻമാരുടെ മർദ്ദനമേറ്റത് ലോക്കൽ പൊലീസ് റോഡിൽ നിന്ന് മാറ്റി നിറുത്തിയ ശേഷം. സംഭവത്തിന്റെ ആദ്യ കേസ് ഡയറിയിലാണ് ഇക്കാര്യമുള്ളത്. ഇക്കാര്യം തിരുത്തിയാണ് കേസ് എഴുതിത്തള്ളിയത്.

നവകേരള ബസിനു മുന്നിൽ പ്രതിഷേധിച്ച എ.ഡി. തോമസ് എം.എൽ.എയെയും യൂത്ത് കോൺഗ്രസ് നേതാവ് അജയ് ജ്യുവൽ കുര്യാക്കോസിനെയും പൊലീസ് പ്രത്യേക വലയത്തിലാണ് റോഡിന്റെ കിഴക്ക് വശത്തേക്ക് മാറ്റിയത്. അപ്പോഴും അവർ മുദ്രാവാക്യം വിളിച്ചിരുന്നു. നവകേരള ബസ് തെക്ക് വശത്തേക്കാണ് പോയത്. ബസിനൊപ്പം ആദ്യം വന്ന കറുത്ത കാറിൽ നിന്ന് വെള്ള ഷർട്ട് ധരിച്ച ഒരാളും കറുത്ത സ്യൂട്ടിട്ട രണ്ടുപേരും വടികൊണ്ട് രണ്ടു പ്രവർത്തകരേയും മർദ്ദിച്ചെന്നും കേസ് ഡയറിയിലുണ്ടായിരുന്നു. ലോക്കൽ പൊലീസിലെ സിവിൽ പൊലീസ് ഓഫീസർക്കും മർദ്ദനത്തിൽ പരിക്കേറ്റതായി ഡയറിയിലുണ്ട്. പ്രവർത്തകരെ പൊലീസ് ആലപ്പുഴ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സി.സി ടിവി ദൃശ്യങ്ങളും ആയുധവും കണ്ടെത്തണമെന്നും സാക്ഷികളുടെ മൊഴിയെടുക്കണമെന്നും കേസ് ഡയറിയിലുണ്ട്.

 രണ്ട് കേസ് ഡയറികളും കണ്ടെടുത്തു

ആലപ്പുഴ സൗത്ത് സ്റ്റേഷനിലെ ഇൻസ്‌പെക്ടർ എസ്. അരുണാണ് കേസ് ഡയറി തയ്യാറാക്കിയത്. ഡയറി തിരുത്തി ഗൺമാൻമാരടക്കമുള്ളവരെ കുറ്റവിമുക്തരാക്കി റിപ്പോർട്ട് നൽകിയെന്നാണ് എസ്.ഐ.ടി കണ്ടെത്തൽ. തിരുത്തും മുമ്പുള്ള ഡയറി പെൻഡ്രൈവിലാക്കി എ.ഡി.ജി.പി എം.ആർ. അജിത്കുമാറിന്റെ ഓഫീസിലെത്തിച്ചെന്നും ആദ്യ അന്വേഷണസംഘം മൊഴി നൽകി. തിരുത്തുന്നതിന് മുമ്പുള്ള കേസ് ഡയറിയും തിരുത്തിയ ഡയറിയും എസ്.ഐ.ടി കണ്ടെടുത്തു.