ജന്മനാടിന്റെ സ്നേഹാദരം ഏറ്റുവാങ്ങി വി.ഡി.എസ്, ഉദ്ഘാടകനായി മമ്മൂട്ടി

Monday 25 May 2026 12:01 AM IST

കൊച്ചി: ബാല്യവും കൗമാരവും യുവത്വവും ചെലവഴിക്കുകയും സംഘടനാ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുകയും ചെയ്‌ത കൊച്ചിയുടെ സ്‌നേഹവും ആദരവും ഏറ്റുവാങ്ങി മുഖ്യമന്ത്രി വി.ഡി. സതീശൻ. താരങ്ങളായ മമ്മൂട്ടിയും കുഞ്ചാക്കോ ബോബനും സ്വീകരണ ചടങ്ങിൽ അപ്രതീക്ഷിത അതിഥികളായെത്തി. മമ്മുട്ടി ഉദ്ഘാടനം നിർവഹിക്കുകയും ചെയ്തു.

ഇവർ എത്തുമെന്ന് പ്രോഗ്രാം നോട്ടീസിൽ സൂചിപ്പിച്ചിരുന്നില്ല.

കൊച്ചി പൗരാവലിയുടെ ആഭിമുഖ്യത്തിലാണ് മുഖ്യമന്ത്രിക്കും ജില്ലയിൽ നിന്നുള്ള മന്ത്രിമാരായ അനൂപ് ജേക്കബ്, റോജി എം. ജോൺ, വി.ഇ. അബ്ദുൾ ഗഫൂർ എന്നിവർക്കും എം.എൽ.എമാർക്കും രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ സ്വീകരണം ഒരുക്കിയത്. ജില്ലാ കളക്‌ടർ ജി. പ്രിയങ്ക അദ്ധ്യക്ഷത വഹിച്ചു. വി.ഡി. സതീശനെ മമ്മൂട്ടി പൊന്നാട അണിയിച്ച് ആദരിച്ചു.

കൊച്ചി നഗരത്തിന്റെ ഭാഗമായ നെട്ടൂരിൽ ജനിച്ച് പരിസരത്തെ സ്കൂളുകളിലും തേവര എസ്.എച്ച്, രാജഗിരി കോളേജുകളിലും പഠിച്ചത് മുഖ്യമന്ത്രി അനുസ്‌മരിച്ചു. നിയമപഠനത്തിന് തിരുവനന്തപുരത്ത് പോയകാലം ഒഴിച്ചാൽ ജീവിതകാലം കൊച്ചിയിലായിരുന്നു. ടി.ജെ. വിനോദിനൊപ്പം ജില്ല മുഴുവൻ ഇരുചക്രവാഹനങ്ങളിൽ സഞ്ചരിച്ച് സംഘടനാ പ്രവർത്തനം നടത്തി. കഷ്‌ടപ്പാടുകളും ദുരിതവും സന്തോഷവും നൽകിയ നഗരത്തെ അദ്ദേഹം അനുസ്‌മരിച്ചു.

നീതിപൂർവം പ്രവർത്തിക്കണം: മമ്മൂട്ടി

ഉത്സാഹത്തോടെയും നീതിപൂർവകമായും പ്രവർത്തിക്കാൻ മുഖ്യമന്ത്രി വി.ഡി. സതീശന് കഴിയട്ടെയെന്ന് മമ്മൂട്ടി പറഞ്ഞു. മുഖ്യമന്ത്രിയായിരിക്കുക ബുദ്ധിമുട്ടുള്ളതും വലിയ ഉത്തരവാദിത്വമുള്ളതുമായ കാര്യമാണ്. എല്ലാവരെയും പരിഗണിക്കുകയും കേൾക്കുകയും സന്തോഷിപ്പിക്കുകയും ചെയ്യണം. മന്ത്രിമാരെ നിയന്ത്രിക്കുകയും നേതൃത്വം വഹിക്കുകയും പ്രവർത്തിക്കുകയും വേണം.

സിനിമയിൽ കേരളം, തമിഴ്നാട്, ആന്ധ്രപ്രദേശ് മുഖ്യമന്ത്രിമാരായി താൻ അഭിനയിച്ചിട്ടുണ്ട്. പക്ഷേ, യഥാർത്ഥ മുഖ്യമന്ത്രിപദവി വിഷമകരമാണെന്ന് മമ്മൂട്ടി പറഞ്ഞു.

ജനങ്ങൾക്ക് പ്രത്യാശ നൽകുന്ന ഭരണമാണ് പ്രതീക്ഷിക്കുന്നതെന്ന് കുഞ്ചാക്കോ ബോബൻ പറഞ്ഞു. ജനങ്ങൾക്കും നാടിനും ഉണർവും ഗുണകരവുമാകുന്ന ഭരണമാകട്ടെയെന്ന് അദ്ദേഹം ആശംസിച്ചു.