നിഖിൽ തോമസിന്റെ വ്യാജ സർട്ടിഫിക്കറ്റ് വിവാദം, പ്രിൻസിപ്പലിനെ മാറ്റി, ആറ് അദ്ധ്യാപക‌ർക്കെതിരെ അച്ചടക്ക നടപടിക്ക് നിർദ്ദേശം

Wednesday 29 November 2023 8:55 PM IST

തിരുവനന്തപുരം : മുൻ എസ്,​എഫ്.ഐ നേതാവ് നിഖിൽ തോമസിന്റെ വ്യാജസർട്ടിഫിക്കറ്റ് വിവാദത്തിൽ നടപടിയുമായി കേരള സർവകലാശാല,​ കായംകുളം എം.എസ്.എം കോളേജി പ്രിൻസിപ്പലിനെ തത്സ്ഥാനത്ത് നിന്ന് മാറ്റി,​ ആറ് അദ്ധ്യാപകർക്കെതിരെ അച്ചടക്ക നടപടിക്കും മാനേജ്‌മെന്റ് നിർ‌ദ്ദേശം നൽകി.

നിഖിൽ തോമസിന് എം കോമിന് പ്രവേശനം നൽകിയതിൽ കോളേജിന് ഗുരുതര വീഴ്ചയുണ്ടായെന്ന് സർവകലാശാല കണ്ടെത്തിയിരുന്നു. രജിസ്ട്രാറുടെ നേതൃത്വത്തിലുള്ള അന്വേഷണ കമ്മിഷൻ റിപ്പോർ‌ട്ടിന്റെ അടിസ്ഥാനത്തിലാണ് പ്രിൻസിപ്പലിനും അദ്ധ്യാപകർക്കുമെതിരെ നടപടി. നിഖിൽ തോമസ് കായംകുളം എം.എസ്.എം കോളേജിൽ എം. കോമിന് ചേർന്നത് ബി,​കോം ജയിക്കാതെയെന്ന വിവരം സ്ഥിരീകരിച്ചതിന് പിന്നാലെയാണ് നടപടികൾ വന്നത്. നിഖിൽ ഹാജരാക്കിയ കലിംഗ സർവകലാശാലയുടെ രേഖകൾ വ്യാജമാണെന്ന് കേരള സർവകലാശാല. വൈസ് ചാൻസലറും സർവകലാശാല രജിസ്ട്രാറും എം.എസ്.എം കോളേജ് പ്രിൻസിപ്പലും സ്ഥിരീകരിച്ചിരുന്നു.

കേരള സർവകലാശാല വൈസ് ചാൻസലറും കലിംഗ സർവകലാശാല രജിസ്ട്രാറും എം.എസ്.എം കോളജ് പ്രിൻസിപ്പലും സ്ഥിരീകരിച്ചിരുന്നു.

അതേസമയം വ്യാജ സർട്ടിഫിക്കറ്റ് കേസിൽ പ്രതി നിഖിൽ തോമസിന് ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. കർശന വ്യവസ്ഥകളോടെയാണ് ജാമ്യം അനുവദിച്ചത്. കേസിനെ തുടർന്ന് ഒളിവിൽ പോയ നിഖിൽ തോമസ് ജൂൺ 23നാണ് പിടിയിലാകുന്നത്. കേസിന് പിന്നാലെ നിഖിൽ തോമസിനെ സി.പി.എമ്മിൽ നിന്ന് പുറത്താക്കിയിരുന്നു. കായംകുളം മാർക്കറ്റ് ബ്രാഞ്ചിൽ അംഗമായിരുന്ന നിഖിലിനെ ജില്ലാകമ്മിറ്റിയാണ് പുറത്താക്കിയത്.