SignIn
Kerala Kaumudi Online
Wednesday, 10 June 2026 1.53 AM IST

ഫിയോക്കുമായി ചർച്ചയില്ല, സിനിമ നൽകില്ലെന്നും നിർമ്മാതാക്കൾ

READ ENGLISH VERSION
feuok

കൊച്ചി: ഡിജിറ്റൽ പ്രദർശനവുമായി ബന്ധപ്പെട്ട് സിനിമകളുടെ റിലീസ് നിറുത്തിവച്ച തിയേറ്ററുകളുമായി ചർച്ച നടത്തേണ്ടതില്ലെന്ന് നിർമ്മാതാക്കളുടെയും വിതരണക്കാരുടെയും സംയുക്തയോഗം തീരുമാനിച്ചു. അത്തരം തിയേറ്ററുകൾക്ക് ഭാവിയിൽ സിനിമകളും പ്രൊജക്ഷൻ നിരക്കും നൽകില്ലെന്നും തീരുമാനിച്ചു.

തിയേറ്ററുകളിലേക്ക് കൂടുതൽ പ്രേക്ഷകർ എത്തുന്ന സന്ദർഭത്തിൽ ഏകപക്ഷീയമായി തിയേറ്ററുടമകളുടെ സംഘടനയായ ഫിയോക് റിലീസ് നിറുത്തിയത് അംഗീകരിക്കില്ലെന്ന് കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ സെക്രട്ടറി ബി. രാകേഷ്, ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ കേരള സെക്രട്ടറി എസ്.എസ്.ടി സുബ്രഹ്മണ്യം, പ്രസിഡന്റ് സിയാദ് കോക്കർ എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഡിജിറ്റൽ സിനിമാ റിലീസിംഗിന് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ രൂപീകരിച്ച പ്രൊഡ്യൂസേഴ്സ് ഡിജിറ്റൽ സിനിമ (പി.ഡി.സി) എന്ന കമ്പനി 'വൺ കെ. പ്രൊജക്ടറിൽ" ഏപ്രിൽ ഒന്നു മുതൽ സിനിമ നൽകില്ല.

സാധാരണ ഫിലിമുകളിൽ പ്രദർശിപ്പിച്ചിരുന്ന കാലത്ത് നൽകിയിരുന്ന തിയേറ്റർ പ്രൊജക്ഷൻ വിഹിതം നിർമ്മാതാക്കൾ തിയേറ്ററുകൾക്ക് നൽകില്ല. ഫിലിം ചേംബർ ചർച്ചയ്ക്ക് മദ്ധ്യസ്ഥത വഹിച്ചാൽ പങ്കെടുക്കുന്നത് ആലോചിക്കുമെന്നും അവർ പറഞ്ഞു.

സമരമല്ല, പ്രതിഷേധം

തിയേറ്ററുകൾ അടച്ചിട്ട് സമരം നടത്തുന്നില്ലെന്ന് ഫിയോക് ചെയർമാൻ നടൻ ദിലീപ് പറഞ്ഞു. തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. വരുന്ന സിനിമകൾ മലയാളമായാലും മറ്റു ഭാഷകളായാലും പ്രദർശിപ്പിക്കും. പ്രതിഷേധമാണ് ഫിയോക്കിന്റേത്.

ഉന്നയിച്ച ആവശ്യങ്ങളിൽ പരിഹാരമുണ്ടാകാതെ വന്നപ്പോഴാണ് പ്രതിഷേധിച്ചത്. നിർമ്മാതാക്കളുമായും വിതരണക്കാരുമായും നേരിട്ട് സംസാരിച്ചു. ചർച്ചയിലൂടെ പരിഹരിക്കാനാണ് താത്പര്യം. ഒ.ടി.ടി റിലീസ് ഉൾപ്പെടെ പ്രശ്നങ്ങൾ ചർച്ച ചെയ്യാനുണ്ട്. ചില സിനിമകൾ റിലീസ് തീയതി മാറ്റിയത് തിയേറ്റർ പ്രതിഷേധം മൂലമല്ലെന്നും അദ്ദേഹം പറഞ്ഞു.

ഫിലിം ചേംബർ യോഗം ഇന്ന്

ഫിയോക്കും നിർമ്മാതാക്കളും തമ്മിൽ കൊമ്പു കോർക്കുന്നതിനിടെ കേരള ഫിലിം ചേംബർ ഒഫ് കൊമേഴ്സിന്റെ യോഗം ഇന്നുച്ചയ്ക്ക് മൂന്നിന് കൊച്ചിയിൽ ചേരും. ഒ.ടി.ടി വിഷയമുൾപ്പെടെ യോഗം ചർച്ച ചെയ്യുമെന്ന് ഭാരവാഹികൾ പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: CINEMA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA