SignIn
Kerala Kaumudi Online
Tuesday, 09 June 2026 5.29 PM IST

'സലീമേട്ടന്റെ ചിത കത്തിക്കഴിഞ്ഞതിന് ശേഷം ചന്തു ചോദിച്ചു ഒച്ച എടുത്തത് മോശമായിപ്പോയോ എന്ന്, ഇല്ലെന്ന് ഞാൻ പറഞ്ഞു'

ramesh-pisharody

പാലക്കാട്: സിനിമാ നടൻ സലിം കുമാറിന്റെ മരണാനന്തര ചടങ്ങുകൾക്കിടയിൽ അംഗീകാരമില്ലാത്ത ഓൺലൈൻ മാദ്ധ്യമങ്ങളുടെ തള്ളിക്കയറ്റത്തിനെതിരെ പാലക്കാട് എംഎൽഎ രമേഷ് പിഷാരടി. ഒരാൾ മരിച്ച് കിടക്കുമ്പോൾ അയാളുടെ കുടുംബത്തിനെ കർമം ചെയ്യാൻ അനുവദിക്കാതിരിക്കുന്നത് മോശം പ്രവർത്തിയാണെന്ന് പിഷാരടി വിമർശിച്ചു. വ്യക്തിപരമായ കാര്യങ്ങളിൽ പ്രത്യേകിച്ച് സ്വന്തം വീടിന്റെ ചുറ്റുമതിലിനുള്ളിൽ നടക്കുന്ന കാര്യങ്ങളിൽ സ്വകാര്യത സൂക്ഷിക്കാൻ അനുവദിക്കണം. മനസിൽ കല്ലെടുത്തുവച്ചത് പോലെ ആൾക്കാർ നിൽക്കുമ്പോൾ അത് ഷൂട്ട് ചെയ്ത് മ്യൂസിക്കിട്ട് ക്യാപ്ഷനിടുന്നതിന് കുറച്ചുകൂടി മര്യാദ പാലിക്കണമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

'രാവിലെ മുതൽ വൈകുന്നേരം വരെ ക്ഷമിച്ചിട്ടാണ് ചന്തു അത്രയും ഒച്ചയെടുത്തത്. അയാളുടെ അച്ഛനാണ് അവിടെ മരിച്ചു കിടന്നത്. പത്ത് മിനറ്റ് കൂടിയേ അയാൾക്ക് അയാളുടെ അച്ഛനെ അങ്ങനെ കാണാൻ കഴിയുമായിരുന്നുള്ളൂ. സലീമേട്ടന്റെ ചിത കത്തിക്കഴിഞ്ഞതിന് ശേഷം മുറിയിലെത്തിയ ചന്തു എന്നോട് ചോദിച്ചു,​ ചേട്ടാ അങ്ങനെ ഒച്ച എടുത്തത് മോശമായിപ്പോയോ എന്ന്,​ ഇല്ലെന്നാണ് ഞാൻ പറഞ്ഞത്,​ യാതൊരു വിധത്തിലുള്ള മതപരമായ ചടങ്ങുകളും വേണ്ടെന്ന് സലീമേട്ടൻ പറഞ്ഞിരുന്നു. പൊലീസ് ഔദ്യോഗിക ബഹുമതി നൽകുന്നതിനിടയിൽ തോക്ക് ഒന്ന് തിരിക്കാൻ പോലും കഴിയാത്ത രീതിയിലാണ് ആളുകൾ നിന്നത്.'-പിഷാരടി പറഞ്ഞു

ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി കുടുംബക്കാർ കർമങ്ങൾ ചെയ്തോട്ടെ എന്ന് അഭ്യർത്ഥിച്ചിട്ടും ക്യാമറയും കൊണ്ട് തിക്കുംതിരക്കും കൂട്ടുകയാണ് കുറച്ചുപേർ ചെയ്തത്. ഇവരിൽ ഭൂരിപക്ഷവും ജേണലിസം പഠിച്ചവരോ അനുഭവസമ്പത്തുള്ളവരോ അല്ല. അത്തരക്കാർ കണ്ടന്റ് ക്രിയേറ്റേഴ്സ് ആണ്. അവർക്ക് കണ്ണിൽ കാണുന്നതെല്ലാം കണ്ടന്റ് ആയി തോന്നുന്നുണ്ടാകാം. കലാകാരായ സുബി, കലാഭവൻ നവാസ് എന്നിവർ മരിച്ചപ്പോഴും ഇത് തന്നെയായിരുന്നു അവസ്ഥ. ഭൗതിക ശരീരം സൂക്ഷിച്ചിരുന്ന ഫ്രീസർ ഒന്ന് തിരിച്ചുവയ്ക്കാൻ പോലും പറ്റാത്ത അവസ്ഥയായിരുന്നു. - പിഷാരടി വിമർശിച്ചു

'അമ്മ' സംഘടനയുടെ മീറ്റിംഗിന് പുറത്തുനിന്നുള്ള ഓൺലൈൻ മാദ്ധ്യമങ്ങളെ വിളിക്കുന്നത് പ്രതിഫലം നൽകിയിട്ടാണ്. രഹസ്യ സ്വാഭാവമുള്ള മീറ്റിംഗിന് ശേഷം അംഗങ്ങൾ ഭക്ഷണം കഴിക്കുന്നതും സൗഹൃദം പങ്കിടുന്നതും നല്ല രീതിയിൽ ചിത്രീകരിക്കുന്നതിനാണ് അവർക്ക് പ്രതിഫലം നൽകുന്നത്. എന്നാൽ അവർ അത് ദുരുപയോഗം ചെയ്യുന്നത് ഗൗരവതരമായ കാര്യമാണ്. ചാനലുകളും പത്രങ്ങളും പ്രവർത്തിക്കുന്നത് കേന്ദ്ര സംസ്ഥാന ഗവ‍ൺമെന്റിന്റെ അംഗീകാരത്തോടെയാണ്. അല്ലാതെ മൊബൈൽ ഫോണും പിടിച്ച് ദൃശ്യങ്ങൾ പകർത്തുന്നവ‌ർക്ക് തടയിടണം. ഇത്തരക്കാർക്കും ലൈസൻസ് ഏർപ്പെടുത്തത് നല്ലതായിരിക്കുമെന്നും രമേഷ് പിഷാരടി പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: RAMESH PISHARODY, ONLINE MEDIA, ACCREDITATION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA