'മതനിരപേക്ഷതയ്ക്ക് വേണ്ടി ജീവൻ നൽകാനും തയ്യാർ, കമ്മ്യൂണിസ്റ്റുകാരെ പേടിപ്പിക്കാമെന്ന് കരുതേണ്ട'

Wednesday 27 May 2026 2:48 PM IST

കോഴിക്കോട്: ദേശീയ അന്വേഷണ ഏജൻസിയെ ഉപയോഗിച്ച് കേന്ദ്ര സർക്കാർ വേട്ടയാടുകയാണെന്ന് മുൻ മന്ത്രിയും ബേപ്പൂർ എംഎൽഎയുമായ പി എ മുഹമ്മദ് റിയാസ്. പരിശോധനയിൽ ഇഡിയ്ക്ക് ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ലെന്നും റിയാസ് പറഞ്ഞു. ഇഡി റെയ്ഡിനെ തുടർന്ന് കോഴിക്കോട്ടെ വീട്ടിലെത്തിയപ്പോൾ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

'മതനിരപേക്ഷതയ്ക്ക് വേണ്ടി ജീവൻ നൽകാനും തയ്യാറാണ്. ഈ പാർട്ടിക്കകത്ത് പ്രവർത്തിക്കുമ്പോൾ ജീവൻ പോയാലും തലപോയാലും നിന്ന് പോരാടും. അതുകൊണ്ട് ഇങ്ങനെയൊക്കെ കാണിച്ച് കമ്മ്യൂണിസ്റ്റുകാരെ പേടിപ്പിക്കാമെന്ന് നോക്കേണ്ട. സംഘപരിവാറിനെയും കേന്ദ്ര സർക്കാർ ഉയർത്തുന്ന തെറ്റായ നിലപാടിനെയും ഇനിയും വിമർശിക്കും. അതിന് ഇഡി അല്ല അതിന് മുകളിൽ എന്ത് 'ഡി' വന്നാലും മുന്നോട്ടുപോകും. രാഷ്ട്രീയ പ്രവർത്തനം ശക്തമായി തുടരും. ഇതിന്റെ മറ്റ് വശങ്ങളിലേക്ക് ഇപ്പോൾ കടക്കുന്നില്ല. പാർട്ടി സംസ്ഥാന സെക്രട്ടറി കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്'- മുഹമ്മദ് റിയാസ് പറഞ്ഞു.

അതേസമയം, പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ കണ്ണൂരിലെ വീട്ടിൽ രാവിലെ ആരംഭിച്ച ഇഡി റെയ്ഡ് പൂർത്തിയായി. കണ്ണൂരിലെ റെയ്ഡിൽ ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ലെന്ന് ഇഡി ഉദ്യോഗസ്ഥർ എഴുതി നൽകി. ഇതോടെ ഇഡി ഉദ്യോഗസ്ഥർക്ക് നേരെ പ്രവർത്തകർ കൂകി വിളിച്ചു. തിരുവനന്തപുരത്തെയും ഇഡി റെയ്ഡ് പൂർത്തിയായി. ഇവിടെയും ഉദ്യോഗസ്ഥർക്ക് നേരെ പ്രവർത്തകർ കൂകി വിളിച്ചു.