SignIn
Kerala Kaumudi Online
Sunday, 24 May 2026 11.00 PM IST

കൊല്ലത്ത് ദേശീയപാത തകർന്ന സംഭവം; വിദഗ്ധ സമിതി റിപ്പോർട്ട് സമർപ്പിക്കും, കൂടുതൽ നടപടികളിലേക്ക് കടക്കാൻ സാദ്ധ്യത

national-highway

കൊല്ലം: കൊട്ടിയത്ത് നിർമാണത്തിലിരുന്ന ദേശീയപാത തകർന്ന് സർവീസ് റോഡ് വിണ്ടുകീറിയ സംഭവത്തിൽ വിദഗ്ധ സമിതി റിപ്പോർട്ട് ഉടൻ സമർപ്പിക്കും. കാണ്‍പൂര്‍ ഐഐടിയില്‍ നിന്നുള്ള ഡോ. ജിമ്മി തോമസിന്റെയും പാലക്കാട് ഐഐടിയിലെ ഡോ. ടി കെ സുധീഷിന്റെയും നേതൃത്വത്തിലുള്ള മൂന്നംഗ സംഘമാണ് ഇന്നലെ സ്ഥലം സന്ദർശിച്ച് പരിശോധന നടത്തിയത്. ദേശീയപാതയുടെ അടിസ്ഥാന നിര്‍മാണത്തിലും മണ്ണ് പരിശോധനയിലും വീഴ്ച സംഭവിച്ചെന്നാണ് കേന്ദ്ര ഗതാഗത മന്ത്രാലയത്തിന്റെ പ്രാഥമിക നിഗമനം. ഇതിന്റെ അടിസ്ഥാനത്തിൽ നിര്‍മാണ കമ്പനിയായ ശിവാലയ കണ്‍സ്ട്രക്ഷന്‍സിനും സ്വതന്ത്ര എഞ്ചിനീയറിംഗ് കണ്‍സൾടൻസിനും കേന്ദ്രം വിലക്ക് ഏർപ്പെടുത്തിയിരുന്നു.

വിദഗ്ധ സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും തുടർ നടപടി സ്വീകരിക്കുക. ചുമതലയുണ്ടായിരുന്ന ദേശീയപാത അതോറിറ്റി അധികൃതരുടെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായോയെന്നും പരിശോധിക്കും. തകർന്ന സർവീസ് റോഡിന്റെ പുനർനിർമ്മാണം ഉടൻ പൂർത്തിയാക്കി ഗതാഗതം സാധാരണ നിലയിലാക്കുമെന്നാണ് എൻഎച്ച്എഐ ജില്ലാ ഭരണകൂടത്തെ അറിയിച്ചത്. വെള്ളിയാഴ്ച വൈകുന്നേരത്തോടെയാണ് ദേശീയപാത ഇടിഞ്ഞുവീണത്. കുട്ടികളുമായി വന്ന സ്കൂൾ ബസടക്കമുള്ള വാഹനങ്ങൾ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.

സംഭവം നടന്നതോടെ കരാർ കമ്പനികൾക്ക് ഒരുമാസത്തെ വിലക്കും ഏർപ്പെടുത്തിയിരിക്കുകയാണ്. ടെൻഡറുകളിൽ പങ്കെടുക്കുന്നതിനാണ് വിലക്ക്. കരിമ്പട്ടികയിൽ ഉൾപ്പെടുത്താതിരിക്കാൻ കാരണം കാണിക്കൽ നോട്ടീസും നൽകി. 15 ദിവസത്തിനകം മറുപടി നൽകണം. ദേശീയപാത അതോറിട്ടി ഉദ്യോഗസ്ഥർക്കെതിരെയടക്കം നടപടി വന്നേക്കും. വകുപ്പുമന്ത്രി നിതിൻ ഗഡ്കരി വിഷയം വിലയിരുത്തിയിട്ടുണ്ട്.

അതേസമയം, മണ്ണിന്റെ സ്വഭാവം പഠനവിധേയമാക്കി മുകളിലെ നിർമാണത്തിന് ആനുപാതികമായി ബലമുള്ള അടിസ്ഥാനം നിർമിക്കാത്തതാണ് ഉയരപ്പാതയും സർവീസ് റോഡും തകരാൻ കാരണമെന്നാണ് പ്രാഥമിക അന്വേഷണ റിപ്പോർട്ടിലുള്ളത്. ഉയരപ്പാതയിലെ മണ്ണ് ബലക്കുറവുള്ള മണ്ണിലേക്ക് അമർന്ന് വയലിലേക്ക് തള്ളിയാണ് അത്യാഹിതം സംഭവിച്ചത്. 9.4 മീറ്റർ ഉയരത്തിൽ മണ്ണ് നിക്ഷേപിച്ചിരുന്നു. ഈ മണ്ണ് താങ്ങിനിറുത്താൻ ഉയരപ്പാതയുടെ വശങ്ങളിലും സർവീസ് റോഡിനും വയലിനും ഇടയിലുള്ള ഭാഗത്തും ബലമുള്ള അടിസ്ഥാനമോ പാർശ്വഭിത്തിയോ നിർമിച്ചിരുന്നില്ല.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: KOLLAM, NATIONAL HIGHWAY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA