SignIn
Kerala Kaumudi Online
Wednesday, 10 June 2026 4.07 AM IST

സംസ്ഥാനത്ത് സൂര്യാതപമേൽക്കുന്നവരുടെ എണ്ണം കൂടുന്നു; പാലക്കാട് രണ്ട് പേർ ചികിത്സ തേടി

READ ENGLISH VERSION
heat-stroke

പാലക്കാട്: സംസ്ഥാനത്ത് സൂര്യാതപമേൽക്കുന്നവരുടെ എണ്ണം കൂടുന്നു. പാലക്കാട് ഒറ്റപ്പാലത്തും ലക്കിടിയിലുമായി രണ്ട് പേർ ചികിത്സ തേടി. ലക്കിടി കൂട്ടുപാതയിൽ ഓട്ടോറിക്ഷ ഡ്രൈവർ ജയൻ, ഒറ്റപ്പാലം സ്വദേശി ജയശ്രീ എന്നിവരാണ് സൂര്യാതപമേറ്റ് ചികിത്സ തേടിയത്. കൊല്ലത്ത് കൊട്ടിയം സ്വദേശി നിഹാൽ നജീബിന്റെ കൈക്ക് പൊള്ളലേറ്റു. പള്ളിമുക്കിൽ വെച്ച് ഇരുചക്രവാഹനത്തിൽ സഞ്ചരിക്കുമ്പോഴാണ് സൂര്യാതപമേറ്റത്. യുവാവ് പ്രാഥമിക ചികിത്സതേടി. ജോലിക്കായി ബൈക്കിൽ പോകുമ്പോൾ ആണ് കൈയ്ക്ക് പൊള്ളലേറ്റത്.

കോട്ടയത്ത് അഗ്നിരക്ഷാ സേനാംഗത്തിനും സൂര്യാതപമേറ്റു. പാമ്പാടി കൂരോപ്പടക്ക് സമീപം റോഡിലേക്ക് മറിഞ്ഞുവീണ മരം മുറിച്ച് നീക്കുന്നതിനിടയാണ് പൊള്ളലേറ്റത്. കോട്ടയം സ്റ്റേഷനിലെ ഉദ്യോഗസ്ഥൻ നിജിലിന്റെ കൈയ്ക്കാണ് പൊള്ളലേറ്റത്.

കഴിഞ്ഞ ദിവസം കൊല്ലത്തും പാലക്കാട്ടുമായി രണ്ടുപേരെ സൂര്യാഘാത ലക്ഷണങ്ങളോടെ മരിച്ചനിലയിൽ കണ്ടെത്തിയിരുന്നു. വിവിധ ജില്ലകളിലായി 8 പേർക്ക് ഇന്നലെ സൂരാതപമേൽക്കുകയും ചെയ്തതോടെ അതീവ ജാഗ്രത പുലർത്താൻ ദുരന്തനിവാരണ അതോറിട്ടി നിർദ്ദേശം. കണ്ണൂരിൽ കഴിഞ്ഞ ദിവസം സനൽകുമാർ എന്ന യുവാവ് സൂര്യാഘാതത്താൽ മരിച്ചിരുന്നു.

കൊല്ലം കുന്നിക്കോട് തെങ്ങിൻതറ വീട്ടിൽ ബേബി ഫിലിപ്പിനെ (84, റിട്ട എയർഫോഴ്സ്) സ്വന്തം കൃഷിയിടത്തിൽ മരിച്ച നിലയിൽ പതിനൊന്നരയോടെയാണ് കണ്ടെത്തിയത്. മുഖത്തും കൈകളിലും ചുവന്ന പാടുകളുണ്ടായിരുന്നു. സ്വകാര്യ ആശുപത്രിയിൽ മരണം സ്ഥിരീകരിച്ചു.

പട്ടാമ്പി ശങ്കരമംഗലം തോട്ടുങ്ങൽ സിറ്റി പുലാമന്തോൾ വളപ്പിൽ വീട്ടിൽ ബഷീർ (60) വീടിന് സമീപത്തെ വളപ്പിൽ കുഴഞ്ഞുവീഴുകയായിരുന്നു. നാട്ടുകാർ പട്ടാമ്പി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വർഷങ്ങളായി ഒറ്റയ്ക്ക് താമസിച്ചു വരികയായിരുന്നു. മരണകാരണം സൂര്യാഘാതമാണെന്നാണ് പ്രാഥമിക നിഗമനം. ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. മൃതദേഹം നിലവിൽ പട്ടാമ്പി താലൂക്ക് ആശുപത്രി മോർച്ചറിയിൽ.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: HEAT, KERALA, WEATHER
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA