
തിരുവനന്തപുരം: ഡോ. രത്തൻ യു ഖേൽക്കർ മുഖ്യമന്ത്രി വി ഡി സതീശന്റെ സെക്രട്ടറിയായി ചുമതലയേറ്റു. പ്രതിപക്ഷ വിമർശനങ്ങൾക്കിടെ അവധി ദിനത്തിൽ തന്നെ രത്തൻ ഖേൽക്കർ ചുമതലയേറ്റെടുക്കുകയായിരുന്നു. മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറായിരുന്ന രത്തൻ ഖേൽക്കറെ മുഖ്യമന്ത്രിയുടെ സെക്രട്ടറിയാക്കിയതിൽ വലിയ വിമർശനങ്ങൾ സോഷ്യൽ മീഡിയയിൽ അടക്കം ഉയർന്നിരുന്നു.
2024 ഡിസംബർ നാലുമുതൽ സംസ്ഥാനത്തെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറായി പ്രവർത്തിക്കുകയായിരുന്നു രത്തൻ ഖേൽക്കർ. ഖേൽക്കറിന്റെ നേതൃത്വത്തിലാണ് ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് നടന്നത്. ആരോഗ്യവകുപ്പ് സെക്രട്ടറി, നാഷണൽ ഹെൽത്ത് മിഷൻ സ്റ്റേറ്റ് മിഷൻ ഡയറക്ടർ, ഇൻഫോപാർക്ക് ചെയർമാൻ, വിവിധ ജില്ലകളിൽ ജില്ലാകളക്ടർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. കർണാടക സ്വദേശിയായ അദ്ദേഹം 2013ൽ കണ്ണൂർ കളക്ടർ ആയിരിക്കെ മികച്ച കളക്ടർക്കുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്‌കാരത്തിനു അർഹനായിട്ടുണ്ട്. 2003 ബാച്ച് കേരള കേഡർ ഐ.എ.എസ് ഉദ്യോഗസ്ഥനാണ്. മെഡിക്കൽ ബിരുദധാരിയുമാണ്.
അതേസമയം, രത്തൻ ഖേൽക്കരുടെ നിയമനം ബംഗാളിലേതിന് സമാനമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ ആരോപിച്ചു. ഇക്കാര്യത്തിൽ ഡീൽ അടക്കമുള്ള കാര്യങ്ങൾ പരിശോധിക്കണമെന്നും എംവി ഗോവിന്ദൻ ആവശ്യപ്പെട്ടു. സിപിഎം നേതാവ് പി രാജീവ് അടക്കമുള്ളവരും നിയമനത്തിനെതിരെ രംഗത്തെത്തിയിരുന്നു. യുഡിഎഫിനെ ജയിപ്പിച്ചതിലുള്ള ഉപകാരമായാണ് ഈ സ്ഥാനം നൽകിയതെന്നാണ് നേതാക്കളുടെ ആരോപണം. എന്നാൽ നിയമനത്തിൽ രാഷ്ട്രീയമില്ലെന്നും കാര്യശേഷിയുള്ള ഉദ്യോഗസ്ഥനാണെന്നും മന്ത്രിയും കെപിസിസി പ്രസിഡന്റുമായ സണ്ണി ജോസഫ് പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |